road

തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയതും സുപ്രധാനവുമായ റോഡ‌ുകളിലൊന്നായ വെള്ളയമ്പലം - തൈക്കാട് റോഡ് വികസനത്തിന്റെ പുതുവഴി തേടുന്നു. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തലസ്ഥാനത്തെ 22 റോഡുകൾ വികസിപ്പിക്കാൻ തീരുമാനമായെങ്കിലും രണ്ട് ദശാബ്ദമായി ഈ റോഡിന്റെ കാര്യം എങ്ങുമെത്താത്ത അവസ്ഥയിലാണ്.

 1997ലെ പദ്ധതി

1997ലാണ് 2.5 കിലോമീറ്റർ വെള്ളയമ്പലം - തൈക്കാട് റോഡ് വികസിപ്പിക്കാനുള്ള പദ്ധതി ആദ്യം കൊണ്ടുവന്നത്. നടപടിക്രമങ്ങളിലെ കാലതാമസം കാരണം ഭൂമിയേറ്റെടുക്കൽ വൈകി. ഉത്തരവിറങ്ങിയത് 2005ൽ മാത്രമായിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കാൻ പിന്നെയും 7 വർഷങ്ങൾ വേണ്ടിവന്നു,​ റോഡിന് ഇരുവശത്തുമുള്ള കടകൾ ഒഴിപ്പിക്കാനും നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചെങ്കിലും ഇവരുടെ പുനരധിവാസം കീറാമുട്ടിയായി നിലകൊണ്ടു. ഇതേതുടർന്ന് വഴുതക്കാട്,​ തൈക്കാട് ഭാഗത്തെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഭൂമി ഏറ്റെടുക്കൽ നടന്നില്ല.

റോഡ് വീതി കൂട്ടി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ദീർഘനാളായി ജനങ്ങൾ ആവശ്യപ്പെട്ടു വരുന്നതാണ്. ഇനിയും 20 ശതമാനത്തോളം ഭൂമി ഏറ്റെടുക്കുകയും ഭൂമി വിട്ടുനൽകുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുകയും വേണം. റോഡ് നിർമ്മാണത്തിനൊപ്പം തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും മീഡ‌ിയനുകൾ നിർമ്മിക്കുകയും ചെയ്യേണ്ടതുണ്ട്. ഏറ്റവും തിരക്കേറിയ ശ്രീമൂലം ക്ളബ്- സാനഡു,​ അമ്മൻകോവിൽ ജംഗ്ഷൻ - തൈക്കാട് ആശുപത്രി മേഖല എന്നിവിടങ്ങളിൽ വീതി കൂട്ടുന്നതിനാണ് പ്രഥമ പരിഗണന. റോഡ് വികസനത്തിനായി ചിലയിടങ്ങളിൽ ഭൂമി ഏറ്റെടുത്തെങ്കിലും വീതി കൂട്ടൽ നടപടികൾ ഒന്നും തന്നെ ഇതുവരെ ആരംഭിച്ചിട്ടില്ല.

 10 സെന്റ് ട്രിഡ കണ്ടെത്തി
റോഡ് വികസത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനായി ടൂറിസം വകുപ്പുമായി ചേർന്ന് തൈക്കാട് ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ ട്രിഡ 10 സെന്റ് ഭൂമി കണ്ടെത്തിയിരുന്നു. എന്നാൽ,​ സർക്കാർ ഉദ്യോഗസ്ഥർക്കിടയിലെ ഭിന്നതകളെ തുടർന്ന് ഇത് യാഥാർത്ഥ്യമായില്ല. ഭൂമി ഏറ്റെടുക്കലിനെതിരെ അഞ്ചോളം കടയുടമകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനാൽ തന്നെ ട്രിഡയ്ക്ക് തുടർനടപടികളുമായി മുന്നോട്ട് പോകാനാകാത്ത സ്ഥിതിയാണ്.

 603 കോടിയുടെ പദ്ധതി
തലസ്ഥാന നഗരത്തെ കൂടുതൽ സുന്ദരവും ഹൈടെക്കുമാക്കാൻ നഗരസഭ 603 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. റോഡുകൾക്കുമുകളിലുടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈനുകളും വിവിധ കേബിളുകളും ഭൂമിക്കടിയിലാകും. റോഡുകൾ വെട്ടിമുറിച്ചും ലക്കും ലഗാനുമില്ലാതെയും കടന്നുപോകുന്ന കുടിവെള്ള പൈപ്പുകൾക്കും ഇനി സ്ഥിരം സ്ഥലമുണ്ടാകും. ജംഗ്ഷൻ നവീകരണം, പാർക്കിംഗ്, സി.സി ടിവി കാമറ, സൈൻബോർഡ്, റോഡ് മാർക്കിംഗ് തുടങ്ങിയ ഒട്ടേറെ പദ്ധതികളും സ്മാർട്ട് റോഡിലുണ്ടാകും. സ്മാർട്ട്സിറ്റി പരിധിയിൽപ്പെട്ട നഗരത്തിലെ ഒമ്പത് വാർഡുകളിലെ 72 കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്. ഇതിൽ 28 കിലോമീറ്റർ വീതം പി.ഡബ്ല്യു.ഡി, കോർപ്പറേഷൻ റോഡും 16 കിലോമീറ്റർ കേരള റോഡ് ഫണ്ട് ബോർഡിനും (കെ.ആർ.എഫ്ബി) കീഴിലാണ്. റോഡുകൾക്കരികിൽ അണ്ടർഗ്രൗണ്ട് ഡക്കിംഗ് ഉണ്ടാക്കി ഇലക്ട്രിക് ലൈനുകളും കേബിളുകളും അതിലേക്ക് മാറ്റും. ആവശ്യമുള്ളിടത്ത് ഡക്കിംഗിനൊപ്പം ഡ്രെയ്‌നേജും നിർമ്മിക്കും. ജംഗ്ഷൻ ഇംപ്രൂവ്‌മെന്റിന്റെ ഭാഗമായി അത്യാധുനിക കാമറയും ആവശ്യമുള്ളിടത്ത് ഇലക്ട്രിക്കൽ സിഗ്നൽ സംവിധാനവും സ്ഥാപിക്കും. വാഹനങ്ങൾ ഓടിക്കുന്നയാളുടെ മുഖം ഒപ്പിയെടുക്കാവുന്നതും നമ്പർ പ്ലേറ്റ് തിരിച്ചറിയാവുന്നതുമായ നമ്പർപ്ലേറ്റ് റെക്കഗ്നിഷൻ (എൻ.പി.ആർ), ഫേസ് ഡിറ്റക്ഷൻ കാമറകളും സ്ഥാപിക്കും. റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നതിനായി 'ഓൺസ്ട്രീറ്റ് പാർക്കിംഗ്' സംവിധാനവുമുണ്ടാകും.