corp

തിരുവനന്തപുരം: അനധികൃത നിർമ്മാണങ്ങൾ നടത്തിയവരിൽ നിന്ന് പിഴ ഇനത്തിൽ നഗരസഭയ്ക്ക് കഴിഞ്ഞ സാമ്പത്തികവർഷം ലഭിച്ചത് 1.7 കോടി. മുൻ വർഷങ്ങളെ അപേക്ഷിച്ച് 161 ശതമാനത്തിന്റെ വർദ്ധനയാണ് 2019-20 സാമ്പത്തിക വർഷമുണ്ടായത്. 2017-18ൽ 68 ലക്ഷം രൂപയാണ് ലഭിച്ചത്. 2021-22 സാമ്പത്തിക വർഷം 3.5 കോടിയെങ്കിലും കിട്ടുമെന്നാണ് നഗരസഭയുടെ പ്രതീക്ഷയെന്ന് അടുത്തിടെ അവതരിപ്പിച്ച ബഡ്‌ജറ്റിൽ പറയുന്നു.

മൂന്ന് സാമ്പത്തികവർഷങ്ങളിലായി 2.6 കോടിയാണ് അനധികൃത നിർമ്മാണം ക്രമപ്പെടുത്തലിനുള്ള ഫീസ് ഇനത്തിൽ നഗരസഭയ്ക്ക് ലഭിച്ചത്. 2019 ഫെബ്രുവരി വരെ മാത്രം എല്ലാ നഗരസഭകളും കൂടി 2.82 കോടിയാണ് സമാഹരിച്ചത്. 2018-19ൽ മാത്രം തിരുവനന്തപുരം കോർപ്പറേഷൻ 1.3 കോടിയാണ് പിരിച്ചെടുത്തത്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൂടി സമാഹരിച്ചതിന്റെ പകുതി വരും ഇത്.

നഗരസഭയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് 826 അനധികൃത കെട്ടിടങ്ങളാണ് നഗരത്തിലുള്ളത്. ഫീസിലുള്ള വർദ്ധന വ്യക്തമാക്കുന്നത് സംസ്ഥാനത്ത് അനധികൃത നിർമ്മാണങ്ങൾ തകൃതിയാണെന്നതാണ്.

അനധികൃത കെട്ടിടങ്ങൾ പിഴ അടച്ച് ക്രമപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ സാധാരണയിലും കവിഞ്ഞ ഉദാരതയാണ് കാണിക്കുന്നത്. 2018നും 2021നും ഇടയിൽ, ക്രമപ്പെടുത്തൽ അപേക്ഷാ തീയതി ഏഴ് തവണയാണ് സർക്കാർ നീട്ടി നൽകിയത്. നിലവിൽ 31 വരെ അപേക്ഷ സമർപ്പിക്കാൻ അനുമതിയുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ 31ആയിരുന്നത് സർക്കാർ പിന്നീട് നീട്ടുകയായിരുന്നു.ഡിസംബർ വരെ ഇത്തരത്തിലുള്ള 1040 അപേക്ഷകളാണ് സർക്കാരിന് ലഭിച്ചത്. നഗരസഭാ മുൻ കൗൺസിലിന്റെ കാലത്ത് ടൗൺ അനധികൃത നിർമ്മാണങ്ങളെ കുറിച്ചുള്ള പൂർണ വിവരങ്ങൾ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. കോടതിയിലുള്ള കേസുകൾ സംബന്ധിച്ച വിവരങ്ങളും പ്രത്യേകമായി പരിശോധിച്ചിരുന്നു. പെർമിറ്റ് ലംഘിച്ച് നിർമ്മാണം, തീരദേശ പരിപാലന ലംഘനം തുടങ്ങിയവ കണ്ടെത്തുന്നതിനായി പ്രത്യേകം സ്‌ക്വാഡുകളെയും നിയോഗിച്ചു. എന്നാൽ, പിന്നീട് തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായില്ല.