
ഒരു മഹർഷിയുടെ തപശക്തിയുടെ മാഹാത്മ്യം വിശ്വാമിത്രൻ സ്വന്തം അനുഭവത്തിലൂടെ കണ്ടു മനസിലാക്കി. മഹർഷിയുടെ തപശക്തിക്ക് മുന്നിൽ തന്റെ അധികാരവും സേനാബലവും ഒന്നുമല്ലെന്നു ബോധ്യമായ വിശ്വാമിത്രൻ ലജ്ജിച്ച് തലതാഴ്ത്തി. വിഷണ്ണനായി കൊട്ടാരത്തിൽ തിരിച്ചെത്തിയ വിശ്വാമിത്രന് ഊണും ഉറക്കവും നഷ്ടമായി. രാജാധികാരവും സേനാബലവും കൊണ്ട് ഒന്നും നേടാൻ കഴിയുകയില്ലെന്ന യാഥാർത്ഥ്യം വിശ്വാമിത്രന്റെ സമനില നഷ്ടപ്പെടുത്തി. ഒടുവിൽ എനിക്ക് രാജ്യവും വേണ്ട അധികാരവും വേണ്ട എന്നു പ്രഖ്യാപിച്ച വിശ്വാമിത്രൻ അധികാരം വലിച്ചെറിഞ്ഞ് വനത്തിൽ പോയി കഠിനമായ തപസിലൂടെ ബ്രാഹ്മണ്യം നേടി അത്യുഗ്രപ്രഭാവനായ ഒരു മഹർഷിയായി മാറി. രാജാവായിരുന്ന ശേഷം മഹർഷി ആയിതീർന്നതിനാൽ രാജർഷി എന്ന് ലോകം ബഹുമാനപുരസരം കരുതിപോന്നു. മഹർഷിയായി മാറിയെങ്കിലും വസിഷ്ഠനോടുള്ള പക വിശ്വാമിത്രന്റെ മനസാൽ അവശേഷിച്ചു. മഹർഷിമാരായി തീർന്ന ഇരുവരും പല സന്ദർഭങ്ങളിലും എതിർചേരികളിലായി പരസ്പരം പാര പണിയുന്നത് പതിവായി തീർന്നു. ഇരുവരും തമ്മിലുള്ള വൈരാഗ്യത്തിന് ഇരകളാവുന്നത് നിരപരാധികളായ രാജാക്കന്മാരോ മറ്റുള്ളവരോ ആയിരുന്നു താനും. വസിഷ്ഠന്റെ അപ്രീതിക്കു പാത്രമാകുന്നവരെ സഹായിക്കുന്നതിൽ വിശ്വാമിത്രൻ പ്രത്യേക ആനന്ദം കണ്ടെത്തിയിരുന്നു. ത്രിശങ്കു സ്വർഗത്തിന്റെ നിർമ്മാണം ഭാഗികമായി വസിഷ്ഠവൈരം ആയിരുന്നു. അതുപോലെ വസിഷ്ഠൻ കുലഗുരു ആയിരുന്ന രാജാക്കന്മാരെ കുത്തുപാള എടുപ്പിക്കുന്നതിലും വിശ്വാമിത്രൻ യാതൊരു ദയയും കാണിച്ചിരുന്നില്ല.
ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സത്യസന്ധനും മനുഷ്യസ്നേഹിയും ജനസേവകനും ആയിരുന്ന ഹരിശ്ചന്ദ്ര മഹാരാജാവിന്റെ കുടുംബം തകർത്ത് രാജ്യവും സകലസമ്പാദ്യങ്ങളും കൈയ്യടക്കി അദ്ദേഹത്തെ വഴിയാധാരമാക്കിയതും വസിഷ്ഠനോടുള്ള പകയായിരുന്നു. ഗതി മുട്ടിയ ഹരിശ്ചന്ദ്രൻ ഒരു ശ്മശാനം കാവൽക്കാരനായി ജീവിക്കേണ്ടിവന്നു. ഹരിശ്ചന്ദ്രന്റെ അവസാന അനുഭവങ്ങൾ ഹൃദയഭേദകം ആയിരുന്നു. എന്നാൽ ഈ ഹരിശ്ചന്ദ്രൻ ത്രിശങ്കുവിന്റെ പുത്രനായിരുന്നു എന്നത് മറ്റൊരു വൈചിത്ര്യം. ഒടുവിൽ മനം മാറ്റം വന്ന വിശ്വാമിത്രൻ ഹരിശ്ചന്ദ്രനിൽ നിന്നും കൈയ്യടക്കിയതെല്ലാം തിരിച്ചുനൽകി.