
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കും. അടുത്ത ദിവസം തന്നെ ഇതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കി വാക്‌സിൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വാക്‌സിനേഷന് സംസ്ഥാനം സുസജ്ജമാണെന്നും കൂടുതൽ കേന്ദ്രങ്ങൾ ഇതിനായി വേണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
വാക്‌സിനേഷൻ പ്രക്രിയയിൽ സ്വകാര്യ മേഖലയെക്കൂടി ഉപയോഗപ്പെടുത്തും. പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യമാണ്. വാക്‌സിൻ സ്വീകരിക്കാൻ നേരത്തെ ഞങ്ങൾ തയ്യാറായിരുന്നു. ആരോഗ്യപ്രവർത്തകർക്കൊപ്പം ജനപ്രതിനിധികൾ വാക്‌സിന്‍ എടുക്കേണ്ടതില്ല, അവരുടെ ഊഴം വരുമ്പോൾ എടുത്താൽ മതിയെന്ന പ്രധാനമന്ത്രിയുടെ യോഗത്തിൽ നിർദേശം വന്നിരുന്നു. അതുകൊണ്ടാണ് വാക്‌സിൻ സ്വീകരിക്കാതിരുന്നതെന്നും ശൈലജ പറഞ്ഞു.
വാക്‌സിൻ സ്വീകരിക്കുന്നതിൽ മറ്റാർക്കും മടിയുണ്ടാകാതിരിക്കാൻ ആരോഗ്യമന്ത്രി എന്ന നിലയിൽ ആദ്യം വാക്‌സിൻ എടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഊഴം വരാൻ കാത്തുനിന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇന്ന് ആരംഭിച്ച രണ്ടാം ഘട്ട വാക്‌സിൻ വിതരണം പുരോഗമിക്കുകയാണ്. 60 വയസ് കഴിഞ്ഞവരുടെയും 45 വയസിന് മുകളിലുളള മറ്റ് രോഗങ്ങൾ ഉളളവരുടെയും കൊവിഡ് വാക്‌നിഷേനാണ് നടക്കുന്നത്. പത്ത് കോടിയിലധികം പേർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിനുളള നടപടികൾക്കാണ് രണ്ടാം ഘട്ടത്തിലൂടെ തുടക്കം കുറിച്ചത്.
സംസ്ഥാനത്ത് സ്വയം രജിസ്റ്റർ ചെയ്യാൻ ആകാത്തവർ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയാൽ അവിടെ രജിസ്റ്റർ ചെയ്യാനുളള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മേഖലയിൽ സൗജന്യമായി നൽകുന്ന വാക്‌സിന് സ്വകാര്യ ആശുപത്രികളിൽ 250 രൂപ നൽകണം.