അകാലത്തിൽ പൊലിഞ്ഞ ഹോളിവുഡ് താരം ചാഡ് വിക് ബോസ്മന് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാര

''ചാഡ്വിക് ദൈവത്തിനോട് നന്ദി പറയും. മാതാപിതാക്കളോടും പൂർവികർ ചെയ്ത മാർഗ്ഗനിർദേശങ്ങളോടും ചെയ്ത ത്യാഗങ്ങൾക്ക് നന്ദി പറയും. ഇതൊരു ചരിത്ര നിമിഷമായി കണക്കാക്കുക.നിങ്ങളെക്കൊണ്ട് സാദ്ധ്യമാവാത്തത് ഒന്നുമില്ലെന്ന് ഉറച്ചു തീരുമാനിക്കുക. അത് നിങ്ങളെ മുന്നോട്ട് കൊണ്ട് പോകും. ജോർജ് സി വുൾഫിനും, ഡെൻസിൽ വാഷിങ്ടണിനുംനെറ്റ് ഫ്ളികിസിലെ ആളുകൾക്കും, വയോള ഡേവിസിനും നന്ദി പറയും."" മാർവൽ കോമിക് ലോകത്തു നിന്ന് കരിമ്പുലിയുടെ വീറും കരുത്തുമായി പ്രേക്ഷകഹൃദയത്തിലേക്ക് കുതിച്ചു ചാടി അകാലത്തിൽ പൊലിഞ്ഞ ചാഡ് വിക് ബോസ്മന് ലഭിച്ച മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഏറ്റുവാങ്ങി പ്രിയപാതി ടൈലർ സിമോൻ പറഞ്ഞ വാക്കുകളാണിത്. ഏറെ വൈകാരികമായ ആ നിമിഷത്തിന് 78- മത് ഗോൾഡൻ ഗ്ലോബ് വേദി സാക്ഷ്യം വഹിച്ചു. നെറ്റ് ഫ്ളിക്സിൽ സംപ്രേക്ഷണം ചെയ്ത 'മാ റൈനീസ് ബ്ലാക്ക് ബോട്ടം"എന്ന സിനിമയിലെ കരുത്തൻ പ്രകടനത്തിനാണ് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം കരസ്ഥമാക്കിയത്.മാ റൈനീസ് ബ്ലാക്ക് ബോട്ടിൽ നായികയായത് വിയോള ഡേവിസ് ആയിരുന്നു. ലീവി ഗ്രീൻ എന്ന കഥാപത്രത്തെയാണ് ചാഡ് വിക് സിനിമയിൽ അവതരിപ്പിച്ചത്. 2020 ആഗസത് 28 നായിരുന്നു ചാഡ് വിക് സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് മറഞ്ഞത്.
സൗത്ത് കരോലീനയിലെ ആൻഡേഴ്സണിൽ ജനിച്ച ചാഡ് വിക് ബോസ്മൻ ലോകസിനിമയിലേക്ക് സ്വപ്രയത്നം കൊണ്ടാണ് നടന്നു കയറിയത്. നടനായും നിർമ്മാതാവായും ലോകസിനിമയിൽ തന്റെ പേര് അടയാളപ്പെടുത്തിയത് കഠിനപ്രയത്നത്തിലൂടെയാണ്. ഹോളിവുഡ് സിനിമാലോകം അയാളെ 'ഇലക്ട്രിക് യംഗ് ആക്ടർ" എന്നു വിശേഷിപ്പിച്ചു. കാരോലിന്റെയും ലെറോയ് ബോസ്മന്റെയും ഏക മകനായി ജനിച്ച ചാഡ് വിക് തനിക്ക് ഒരു സൂപ്പർ പവർ ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. നഴ്സായ മാതാവും ഫാക്ടറി ജോലിക്കാരനായ പിതാവും മകനോട് സിനിമ ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയാത്ത വിദൂര സ്വപ്നമാണെന്ന് പറഞ്ഞിരുന്നില്ല. പകരം നിറയെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു. സ്വന്തം ജീവിതാനുഭവങ്ങൾ തന്നെയാണ് ചാഡ് വികിനെ സ്വാഭാവിക നടനാകാൻ പിന്തുണച്ചതും.പതിനേഴ് വർഷത്തെ സിനിമ ജീവിതത്തിൽ പതിനഞ്ച് സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
മാർവലിന്റെ സൂപ്പർഹീറോ കഥാപാത്രമായ ബ്ലാക്ക് പാന്തറിലെ നായകനെന്ന നിലയിലാണ് ചാഡ് വിക് ബോസ്മാൻ ഏറെ പ്രശസ്തനായത്. കറുത്ത വംശജൻ സൂപ്പർ ഹീറോയായതും കറുത്ത വംശജൻ സംവിധാനം ചെയ്തതുമായ ചിത്രം കൂടിയായിരുന്നു 2018ൽ പുറത്തിറങ്ങിയ ബ്ലാക്ക് പാന്തർ. അമേരിക്കയിൽ തുടങ്ങി ലോകമെങ്ങും ബ്ലാക്ക് പാന്തറെ ഹൃദയപൂർവം ഏറ്റെടുത്തു. 91ാമത് ഓസ്കാർ നോമിനേഷനിൽ മികച്ച ചിത്രത്തിന് അടക്കം ഏഴ് വിഭാഗങ്ങളിൽ ബ്ലാക്ക് പാന്തറിന് നോമിനേഷൻ ലഭിച്ചിരുന്നു.മാർവെൽ കോമിക്സിന്റെ ചരിത്രത്തിൽ ആദ്യമായായിരുന്നു ഒരു സൂപ്പർ ഹീറോ ചിത്രത്തിന് ഓസ്കാറിൽ ഇത്രയധികം സ്വീകാര്യത ലഭിച്ചത്.21 ബ്രിഡ്ജസ്, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, മാർഷാൽ, അവഞ്ചേഴ്സ് എൻഡ് ഗെയിം,മെസേജ് ഫ്രം ദ കിങ് എന്നിവയാണ് ചാഡ് വിക് ബോസ്മാന്റെ മറ്റ് പ്രധാന സിനിമകൾ.മാർവൽ സിനിമയിൽ ആഫ്രിക്കൻ പശ്ചാത്തലമുള്ള ആദ്യ സൂപ്പർ ഹീറോയായിരുന്നു ബ്ലാക്ക് പാന്തർ.
ട്രിപ്പിൾ ക്രൗൺ ഒഫ് ആക്ടിംഗ്
മാ റൈനീസ് ബ്ലാക്ക് ബോട്ടത്തിൽ നായികയായാണ് വിയോള ഡേവിസ് വേഷമിട്ടത്. അമേരിക്കൻ നടിയും നിർമാതാവുമായ വിയോള മൂന്ന് അക്കാഡമി അവാർഡുകൾക്ക് നാമനിർദേശം ചെയ്യുകയും അതിൽ ഒന്ന് കരസ്ഥമാക്കുകയും ചെയ്ത ആദ്യ കറുത്തവർഗക്കാരിയായ വനിതയാണ്. കറുത്ത വർഗക്കാരിൽ ട്രിപ്പിൾ ക്രൗൺ ഒഫ് ആക്ടിംഗ് ബഹുമതി നേടിയ ആദ്യ കറുത്ത വർഗക്കാരിയായ വനിതയും വിയോള ഡേവിസാണ്.അക്കാഡമി അവാർഡ്, എമ്മി അവാർഡ്, ടോണി അവാർഡ് എന്നിവ ഒരുമിച്ചു നേടുന്നവർക്ക് അമേരിക്കയിൽ പറയുന്ന പേരാണ് ട്രിപ്പിൾ ക്രൗൺ ഒഫ് ആക്ടിംഗ്.