siva

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന പന്ത്രണ്ടു ശിവക്ഷേത്രങ്ങൾ ദർശിച്ചുകൊണ്ടാണ് പ്രസിദ്ധമായ ശിവാലയ ഓട്ടം നടത്തുന്നത്. തിരുമല, തിക്കുറിശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടൈക്കോട്, തിരുവിതാംകോട്, കൃപ്പന്തിയോട്, തിരുനട്ടാലം എന്നിവയാണ് ഈ പന്ത്രണ്ട് ശിവാലയങ്ങൾ. തിരുനാട്ടാലത്ത് ശങ്കരനാരായണനും മറ്റ് പതിനൊന്നു ക്ഷേത്രങ്ങളിൽ ശിവനുമാണ്. ശൈവ വിഷ്‌ണു ഏകീകരണ സങ്കല്‌പത്തിലാണ് ശങ്കരനാരായണക്ഷേത്രം. 11 ശിവക്ഷേത്രങ്ങളിൽ ഭസ്മം പ്രസാദമായി നൽകുമ്പോൾ തിരുനട്ടാലത്ത് ചന്ദനമാണ് പ്രസാദം. ഗോവിന്ദ ഗോപാല എന്ന വിഷ്‌ണുനാമം ഉച്ചരിച്ചുകൊണ്ട് ശിവരാത്രി നാളിൽ ഈ പന്ത്രണ്ട് ശിവാലയങ്ങളിൽ പ്രദക്ഷിണം വച്ച് ദർശനം നടത്തുന്നത് പുണ്യപ്രദമാണ്.
കുരുക്ഷേത്രയുദ്ധം കഴിഞ്ഞപ്പോൾ വ്യാഘ്രപാദ മുനിയെ കാർമ്മികനാക്കി ഒരു യാഗം നടത്താൻ പാണ്ഡവരും ശ്രീകൃഷ്ണനും തീരുമാനിച്ചു. മുനിയെ കൂട്ടിക്കൊണ്ടുവരാൻ ശ്രീകൃഷ്ണൻ ഭീമനെ നിയോഗിച്ചു. തിരുമല ക്ഷേത്രത്തിനടുത്തുള്ള ഗുഹയിലാണ് ശിവഭക്തനായ വ്യാഘ്രപാദന്റെ തപസ്. ഭീമന് ഒരു മുഖം മുതൽ 12 മുഖം വരെയുള്ള 12 രുദ്രാക്ഷങ്ങൾ ശ്രീകൃഷ്‌ണൻ കൊടുത്തിരുന്നു. കഠിന തപസിലായിരുന്ന മുനി ഭീമൻ വന്നതറിഞ്ഞില്ല. ഭീമൻ മുനിയെ കുലുക്കി വിളിച്ചു. ക്ഷുഭിതനായ മുനി ഭീമനെ കടന്നുപിടിച്ചു. ഭീമൻ കുതറിയോടി. മുനി പിന്നാലെയോടി. ഇതിനിടയിൽ ഭീമന്റെ കൈയിലെ ഒരു രുദ്രാക്ഷം താഴെ വീണു.അതു ശിവലിംഗമായി മാറി. മുനി അതിനെ വണങ്ങി. അതു കണ്ട ഭീമനും ഗോവിന്ദ ഗോപാല എന്ന് ശ്രീകൃഷ്ണനെ വിളിച്ച് രക്ഷിക്കാൻ അപേക്ഷിച്ചു. മുനിയെ ഭയന്ന് ഭീമൻ ഓടുന്നതിനിടയിൽ രുദ്രാക്ഷമോരോന്ന് വീണു. പന്ത്രണ്ടാമത്തെ രുദ്രാക്ഷം തിരുനട്ടാലത്തു വച്ചാണ് വീണത്. അപ്പോൾ ശിവനും വിഷ്‌ണുവും ശങ്കരനാരായണ രൂപത്തിൽ ദർശനം നൽകി. ശിവരാത്രി നാളിലായിരുന്നു ഈ ദർശനം. അതുകൊണ്ടാണ് ശിവരാത്രി നാളിൽ ഈ ക്ഷേത്രങ്ങളെ പ്രദക്ഷിണം വച്ച് ശിവാലയ ഓട്ടം നടക്കുന്നത്.തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്ക് 68 കിലോമീറ്റർ ദൂരമുണ്ട്.