life-mission

ന്യൂഡൽഹി: വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് തട്ടിപ്പിൽ ഗുരുതര കണ്ടെത്തലുകളുമായി സി ബി ഐ. ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിദേശ സംഭാവന സ്വീകരിക്കാൻ ലൈഫ് മിഷൻ ഉപയോഗിച്ച പ്രോക്‌സി സ്ഥാപനമാണ് യൂണിടാക് എന്നാണ് സി ബി ഐ കണ്ടെത്തൽ. സി എ ജി ഓഡിറ്റ്, വിദേശസഹായ നിയന്ത്രണ നിയമം എന്നിവ മറികടന്ന് കോഴ കൈപ്പറ്റാനാണ് യൂണിടാകിനെ ഉപയോഗിച്ചതെന്നും സി ബി ഐ സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി.

സ്വർണക്കടത്ത് കേസിലെ പ്രതികൾക്കും ഇടപാടുമായി ബന്ധപ്പെട്ട് പണം ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥർ സ്വർണക്കടത്ത് കേസിലെ പ്രതി ആയ സരിത്തിന് ഇ മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. ഇതും ലൈഫ് മിഷൻ ഇടപാടിൽ നേരിട്ട് ബന്ധമുളളതിന്റെ തെളിവാണെന്ന് സി ബി ഐ സത്യവാങ്‌മൂലത്തിൽ ചൂണ്ടിക്കാട്ടി.

ഫ്ലാറ്റ് നിർമ്മാണത്തിനായി 10 ദശലക്ഷം ദിർഹം ലൈഫ് മിഷന്റെ അക്കൗണ്ടിലാണ് എത്തിയിരുന്നതെങ്കിൽ ടെൻഡർ നടപടികളിലൂടെ മാത്രം നിർമ്മാണം കൈമാറാൻ കഴിയില്ലായിരുന്നു. യൂണിടാക്കും റെഡ് ക്രസെന്റും തമ്മിലുളള കരാർ വഴി ആ നടപടിക്രമങ്ങൾ മറികടക്കാൻ ആയിരുന്നു ശ്രമം. കരാർ ലഭിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്. ഈ കൈക്കൂലി ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് വരെ ലഭിച്ചു എന്നാണ് മൊഴിയെന്നും സി ബി ഐയുടെ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശസഹായ നിയന്ത്രണ നിയമലംഘനത്തിന്റെ ഒരു ഭാഗം മാത്രമാണ് കണ്ടെത്തിയിട്ടുളളത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ലൈഫ് മിഷൻ ഉദ്യോഗസ്ഥരെ ഉൾപ്പടെ കേസിലെ കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യേണ്ടി വരുമെന്നും സി ബി ഐ വ്യക്തമാക്കി. അന്വേഷണം രാഷ്ട്രീയപ്രേരിതമല്ലെന്ന് സുപ്രീംകോടതിയിൽ ഫയൽ ചെയ്‌ത സത്യവാങ്‌മൂലത്തിൽ സി ബി ഐ ബോധിപ്പിച്ചിട്ടുണ്ട്.