
ലിമിറ്റഡ്സ്റ്റോപ്പ് ബസിലിരുന്ന് സരള നാളത്തെ ഇന്റർവ്യൂവിനെ കുറിച്ചോർത്തു . വലിയ സ്ഥാപനത്തിൽ ജോലിക്കു വേണ്ടിയുള്ള ഇന്റർവ്യൂ. എന്ത് വേണമെങ്കിലും ചോദിക്കാം. നന്നായി പഠിപ്പിച്ചിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ... സീറ്റിൽ ചാരി നിന്നിരുന്ന ഏറെ പ്രായമുള്ള സ്ത്രീ പ്രതീക്ഷയോടെ തന്നെ നോക്കിയപ്പോൾ സരള സീറ്റൊഴിഞ്ഞു കൊടുത്തു. കമ്പിയിൽ പിടിയ്ക്കും മുമ്പ് കൈയിലിരുന്ന ഫോൺ ശബ്ദിച്ചു. ശശിയേട്ടൻ തന്നെ. വൈറ്റില ഹബ്ബിൽ നിന്നു ബസിൽ കയറിയപ്പോൾ മുതൽ തുടങ്ങിയതാണ് വിളി.
എന്താ ശശിയേട്ടാ എന്നു ചോദിച്ചതും ബസ് സഡൻ ബ്രേക്കിട്ടതും ഒപ്പം. കമ്പിയിൽനിന്നു പിടി വിട്ടു പോയതും തെന്നി മുന്നോട്ടു നീങ്ങിയതും ഫോൺ താഴെ വീണതുമൊക്കെ അര നിമിഷം കൊണ്ട്. ഓഫായിപ്പോയ ഫോൺ ഓൺ ചെയ്യാൻ തോന്നിയില്ല. മനസിലേക്ക് ഇരച്ചു കയറിയ ദേഷ്യമൊന്നടങ്ങട്ടെ. അഞ്ചു മിനിറ്റിനകം തൃപ്രയാർ എത്തും. പിന്നെ കണക്ഷൻ ബസിൽ പഴുവിലേക്ക്. അവിടെ ഇറങ്ങി കുറച്ച് നടക്കണം. അച്ഛന്റെ തറവാട്ടിലേക്ക്. ഇരുവശങ്ങളിലും മരങ്ങളുള്ള നാട്ടുവഴിയിലൂടെ നടക്കുമ്പോൾ മനസൊന്നു തണുക്കും. അപ്പോൾ ഫോൺ ഓൺ ചെയ്യാം.
മറ്റന്നാൾ തന്നെ തിരിച്ചു വരില്ലേ എന്നു ചോദിക്കാനായിരുന്നു ആദ്യ കോൾ. അച്ഛന്റെ തറവാട്ടിലേക്കുള്ള ഇന്നത്തെ ഈ പോക്ക് വേണ്ടിയിരുന്നില്ല, നാളെ രാവിലെ പുറപ്പെട്ടാൽ ഒൻപതരയോടെ തൃശൂർ എത്താമല്ലോ എന്നു പറയാൻ രണ്ടാമത്തെ വിളി. അതിനു ഉചിതമായ മറുപടി കൊടുത്തു. പത്തു മണിക്കാണ് ഇന്റർവ്യു. രാവിലെ ആറിനു മുൻപേ വീട്ടിൽനിന്നു പുറപ്പെട്ടാലേ ഒൻപതരയോടെ തൃശൂരെത്തൂ. രാവിലെ ആറോടെ ഉറണരുന്ന തനിക്കു പറ്റിയ പ്ലാൻ തൃശൂരിനടുത്ത് പഴുവിലുള്ള അച്ഛന്റെ തറവാട്ടിൽ തലേന്നാൾ തങ്ങി അടുത്ത ദിവസം രാവിലെ അവിടെ നിന്നു തൃശൂർക്ക് പോകുന്നതാണ്.
വൻകിട എക്സ്പോർട്ടിംഗ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജർമാരുടെ ഒഴിവിലേക്ക് പരിഗണിക്കാൻ എം.ബി.എക്കാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് അപേക്ഷിച്ചത്.
അച്ഛന്റെ തറവാടിന്റെ അടുത്തു താമസിച്ചിരുന്ന ചന്ദ്രൻ ഇപ്പോഴും അവിടെ തന്നെയാണോ താമസം എന്നറിയാനായി മാത്രം പതിനഞ്ചു മിനിറ്റിനുശേഷം വീണ്ടും കോൾ. തന്നേക്കാൾ നാലു വയസിന്റെ മൂപ്പുള്ള ചന്ദ്രേട്ടനും അയാളുടെ പെങ്ങൾ രാധയും ചെറുപ്പത്തിൽ തന്റെ പ്രിയ ചങ്ങാതികളായിരുന്നെന്നും പണ്ടൊക്കെ അച്ഛന്റെ വീട്ടിൽ ചെന്നാൽ തങ്ങൾ മൂന്നുപേരും കൂടിയേ കളിക്കൂ എന്നും തനിക്ക് പന്ത്രണ്ടു വയസുള്ളപ്പോൾ ഒരിക്കൽ ചന്ദ്രേട്ടൻ തന്നോട് സരളേ ഞാൻ നിന്നെ ഉമ്മ വച്ചോട്ടേ എന്നു ചോദിച്ചെന്നും അപ്പോൾ താൻ ദേഷ്യപ്പെട്ടു എന്നുമൊക്കെ കുറേക്കാലം മുൻപ് ഒരു തമാശ പോലെ ശശിയേട്ടനോട് പറഞ്ഞിരുന്നു.
ഉദ്ദേശ്യശുദ്ധിയില്ലാത്ത ആ ചോദ്യത്തിനു തക്ക മറുപടി കൊടുത്തു. ശരിക്കറിയില്ല, പിന്നെ, അറിയണമെന്ന് വല്ലാത്ത ആകാംക്ഷയുണ്ടെങ്കിൽ അവിടെ എത്തിയിട്ട് അന്വേഷിച്ചു പറയാം.
അങ്ങേത്തലക്കൽ പെട്ടെന്ന് ഫോൺ ഡിസ്കണക്ട് ചെയ്തപ്പോൾ കരുതി ഇന്ന് ഇനി വിളിക്കില്ലെന്ന്. അരമണിക്കൂർ കഴിയും മുമ്പ് വീണ്ടും കോൾ. സബ് ട്രഷറിയിൽ എൽ.ഡി.സി ആയ ആൾക്ക് ഓഫീസ് സമയത്ത് ഇങ്ങനെ വാരിക്കോരി ധൂർത്തടിക്കാൻ സമയം കിട്ടുമോ എന്നു ചിന്തിക്കേ ചോദ്യമെത്തി. അവിടെ എങ്ങനെ സമയം കളയും? പട്ടണത്തിൽ ജനിച്ചു വളർന്ന താൻ അച്ഛന്റെ തറവാട്ടിലെത്തിയാൽ സ്വർഗത്തിലെത്തിയ മാനസികാവസ്ഥയിൽ എത്തുമെന്നു പറഞ്ഞിട്ട് നിർത്തി.
മധുരമുള്ള ഓർമകളാണ് അച്ഛന്റെ വീടും പരിസരങ്ങളും ബന്ധുക്കളും മനസിൽ എന്നും നിറച്ചിട്ടുള്ളത്. വീടിന്റെ കിഴക്കുവശത്ത് വിശാലമായ നെൽപ്പാടങ്ങൾ. മേടക്കൊയ്ത്ത് കഴിഞ്ഞു വെള്ളം നിറഞ്ഞു കിടക്കുന്ന വയലിൽ മീൻ വേട്ട നടത്തുകയും കുളിക്കുകയും ചെയ്യുന്ന കൊക്കുകളെ നോക്കിയിരുന്നാൽ സമയം പോകുന്നത് അറിയില്ല. പടിഞ്ഞാറുഭാഗത്ത് നാളികേരം തിങ്ങിനിറഞ്ഞ തെങ്ങുകളുള്ള തോപ്പ്. കുറച്ചപ്പുറത്ത് പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പൂമുഖത്ത് സ്വപ്നം കണ്ടങ്ങനെ ഇരിക്കുമ്പോഴായിരിക്കും ഏതെങ്കിലും ഒരു അമ്മാമയുടെ വരവ് .
''എന്താടി ക്ടാവേ വീട്ടിൽ വിശേഷം ? തെക്കുംമുറീലെ അമ്മാമേ മനസിലായില്ലേടി കുട്ട്യേ നിനക്ക് .""
'' മനസിലായി അമ്മാമേ. ""
'' അച്ഛനും അമ്മയ്ക്കും സുഖോല്ലേടി മോളൂ? അവരെ അമ്മാമ ചോദിച്ചെന്നു പറഞ്ഞോളോ. ""
പഴുവിൽ ബസിറങ്ങി നാട്ടുവഴിയിലേക്കു കടന്നു ഫോൺ ഓൺ ചെയ്ത ഉടൻ കോൾ വന്നു .
'' അല്ല , സരളേ , നിന്റെ ചന്ദ്രേട്ടൻ ഇപ്പോൾ എന്തു ചെയ്യുന്നു ?""
'' എന്റെ ചന്ദ്രേട്ടൻ എന്ന ഒരാളില്ല . ചെറുപ്രായത്തിൽ എന്റെ കളിക്കൂട്ടുകാരനായിരുന്ന ചന്ദ്രേട്ടനുണ്ട്. ആളിപ്പോൾ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ എൻജിനിയർ ആണെന്നറിയാം. ""
'' നീ ചെല്ലുമ്പോൾ അയാൾ നിന്നെ കാണാൻ വരാറുണ്ടോ ?""
''ചിലപ്പോഴൊക്കെ ചന്ദ്രേട്ടൻ സ്നേഹാന്വേഷണവുമായി വന്നിട്ടുണ്ട് . ഇന്നും വരുമായിരിക്കും. ""
'' ശരി , പിന്നെ വിളിക്കാം.""
രണ്ടു മിനിട്ടിനുശേഷം വീണ്ടും കോൾ.
''എന്താ ശശിയേട്ടാ ഇത് ? ഞാൻ ബസിൽ കയറിയതിനുശേഷം ഇത് ഏഴാമത്തെ കോളാണ്.""
'' സോറി,. ചന്ദ്രന്റെ നിന്നോടുള്ള പെരുമാറ്റം ഇപ്പോൾ എങ്ങനെയാണെന്ന് അറിയാൻ വിളിച്ചതാണ്. ""
ദേഷ്യം മനസിനെ ഇളക്കിമറിച്ചു.
'' അങ്ങേരെന്റെ ബാല്യകാല സുഹൃത്ത് മാത്രമാണ്. കാമുകനോ പ്രതിശ്രുത വരനോ അല്ല. അയാൾ എന്നോട് വളരെ അന്തസോടെയാണ് പെരുമാറുന്നത്. ഇനി എന്താണ് അറിയേണ്ടത് ? ""
'' ചൂടാകല്ലേ സരളേ . ഇക്കാലത്ത് പെൺകുട്ടികളെ ഉപദ്രവിക്കുന്നവരിൽ കൂടുതലും ബന്ധുക്കളും അടുപ്പക്കാരുമാണ്. വീട്ടിലുള്ളവരുടെ കണ്ണുവെട്ടിച്ച് ചന്ദ്രൻ നിന്നെ കയറി പിടിച്ചു കൂടെന്നില്ലല്ലോ?""
''നിങ്ങൾ ഇത്രയ്ക്ക് ചീപ്പ് ആകരുത്. ചെറുപ്പക്കാരനും ആരോഗ്യവാനുമായ അയാൾ എന്നെ കയറി പിടിച്ചെന്നും ഞാൻ വഴങ്ങിയില്ലെങ്കിൽ ബലാത്സംഗം ചെയ്തെന്നും വരാം. എന്നാൽ അയാൾ ആഭസാനോ നീചനോ അല്ലെന്നും അങ്ങേയറ്റം നല്ലവനാണെന്നും ഞാനല്ല സാക്ഷാൽ ദൈവം തന്നെ പറഞ്ഞാലും സംസ്കാരശൂന്യനും സംശയരോഗിയുമായ നിങ്ങൾ വിശ്വസിക്കില്ല.""
''എന്താടി കീടമേ നീ പറഞ്ഞത്? ഞാൻ സംസ്കാരശൂന്യനും സംശയരോഗിയുമാണെന്നോ? അതേ, ഞാൻ അതൊക്കെയാണ്. അതുകൊണ്ട് നീ അവനു വഴങ്ങിക്കൊടുക്ക്. നിന്റെ പഴയ ആളല്ലേ. ""
ദേഷ്യാധിക്യത്താൽ സരളയുടെ ശബ്ദം വല്ലാതെ ഉയർന്നു .
'' മൂന്നുനാല് നല്ല ആലോചനകൾ ഓരോരോ കാര്യങ്ങൾ പറഞ്ഞ് ഞാൻ ഒഴിവാക്കിയത് നിങ്ങളോടൊത്തുള്ള ഒരു ജീവിതം സ്വപ്നം കണ്ടുകൊണ്ടു മാത്രം. കഴിഞ്ഞ രണ്ടു കൊല്ലത്തിനിടെ വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും നിങ്ങളെന്നെ ഒരുപാടൊരുപാട് വേദനിപ്പിച്ചിട്ടും ഞാൻ കടുത്ത തീരുമാനം എടുക്കാതിരുന്നത് നിങ്ങൾ മാറുമെന്നു കരുതിയാണ്. എന്നാൽ നിങ്ങൾ എള്ളോളം മാറിയില്ല, മാറുകയുമില്ല. ഈ ഒരു മാസത്തിനിടെ ഇതിനുമുൻപ് രണ്ടു പ്രാവശ്യം നിങ്ങളെന്റെ മനസിനെ കഠിനമായി മുറിവേൽപ്പിച്ചു. രണ്ടു പ്രാവശ്യവും ഞാൻ ഈ ബന്ധം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. അപ്പോൾ ക്ഷമ യാചിച്ചും കരഞ്ഞും നീയില്ലാതെ എനിക്ക് ജീവിതമില്ല എന്നു പറഞ്ഞും നിങ്ങളെന്റെ മനസ് മാറ്റി. ഇപ്പോൾ വീണ്ടും നിങ്ങളെന്റെ ഹൃദയത്തിൽ കഠാര കുത്തിയിറക്കി. ""
കണ്ണുകൾ തുടച്ചിട്ട് നടന്നു തുടങ്ങിയപ്പോൾ ഫോൺ ശബ്ദിച്ചു. വെറുപ്പോടെയാണ് അറ്റൻഡ് ചെയ്തത്.
''നാളത്തെ ഇന്റർവ്യൂവിനു നീ ഇന്നേ പോകുന്നത് ആഘോഷിക്കാനാണെന്ന് എനിക്കറിയാമെടി ശീലാവതി. ഞാൻ മണ്ടനാണെന്ന് കരുതിയോ നീ? അവളും അവളുടെ ഒരു ചന്ദ്രേട്ടനും... റാസ്കൽ.""
ഒന്നും മിണ്ടാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഫസ്റ്റ് ഡിഗ്രിക്കാരിക്ക് ഫൈനൽ പി.ജിക്കാരൻ കവിയോടു തോന്നിയ ആരാധന പ്രേമമായി മാറുകയായിരുന്നു. ആദ്യമൊക്കെ സംസാരത്തിലും പെരുമാറ്റത്തിലും മാന്യത പുലർത്തിയ ആൾ പിന്നെപ്പിന്നെ തനിനിറം കാണിക്കാൻ തുടങ്ങി. ആൺ സുഹൃത്തുക്കളോട് താൻ മിണ്ടാൻ പാടില്ല. എന്തിനാണ് കണ്ടവരോടൊക്കെ ഇങ്ങനെ സംസാരിക്കുന്നത്? രണ്ടു കൊല്ലമായിട്ട് ഇതാണ് രീതി. ഈ അടുത്ത കാലത്താണ് രോഗം രൂക്ഷമായത്.
താൻ ക്ലാസെടുക്കുന്ന ട്യൂഷൻ സെന്ററിലെ ജോസ് മാഷുമായി സംസാരിച്ചുകൊണ്ട് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ബൈക്കിൽ പിന്നാലെ വന്ന് ചെവി പൊട്ടുംവിധം ഹോൺ അടിച്ചു, കോപം പ്രകടിപ്പിച്ചത് രണ്ടാഴ്ച മുൻപ്. അതിൽ തന്റെ അനിഷ്ടം അറിയിച്ചത് രസിച്ചില്ല. നീ നസ്രാണിയെ കെട്ടിക്കോടി പുല്ലേ എന്നുറക്കെ പറഞ്ഞിട്ട് ബൈക്ക് ഓടിച്ചുപോയി. കടുത്ത തീരുമാനമെടുക്കാൻ ആദ്യമായി തോന്നിയത് അന്നാണ്. രണ്ടു ദിവസങ്ങൾക്കുശേഷം പ്രേമിനോടു സംസാരിച്ചുകൊണ്ട് ലൈബ്രറിയിൽ നിൽക്കുമ്പോഴാണ് പുസ്തകം എടുക്കുവാനായി ശശിയേട്ടൻ വന്നത്. പുള്ളി പ്രേമിനോട് മിണ്ടിയില്ല. പ്രേം പോയ ഉടനെ തുടങ്ങി ചോദ്യങ്ങൾ. എന്താണ് അവനോടിത്ര സംസാരിക്കാനുള്ളത് ? മുൻപൊരു ദിവസവും നീയും അവനും തമ്മിൽ സംസാരിക്കുന്നത് കണ്ടല്ലോ. അവൻ നിന്റെ ആരാണ് ?
'' ഉവ്വ് , സംസാരിച്ചു. അതിനെന്താ? പ്രേം എന്റെ ഒപ്പം പഠിച്ച ആളല്ലേ ?""
''ഒപ്പം പഠിച്ചതുകൊണ്ട് അവനോടു കൊഞ്ചിക്കുഴയണോടി നിനക്ക് ?""
''മാന്യമായി സംസാരിക്ക്. ഇതു ലൈബ്രറിയാണ്. ആളുകൾ കേൾക്കും. ""
'' ഇത്തരം അലവലാതികളോടോക്കെ പഞ്ചാര വർത്തമാനം പറഞ്ഞു നടക്കുന്ന നിനക്കുള്ളതിനേക്കാൾ മാന്യത എനിക്കുണ്ടെടീ... അതുകൊണ്ടാണ് നിന്നെ ചുംബിക്കാൻ പോലും ഞാനിന്നുവരെ മുതിരാതിരുന്നത്. ""
''സമ്മതിച്ചു, അത് നിങ്ങളുടെ മാന്യത തന്നെ. ഒന്നിച്ചു ജീവിക്കാൻ ആശിച്ചവർ തമ്മിൽ ചുംബനം വരെയൊക്കെ ആകാമെന്ന പക്ഷക്കാരിയായതിനാൽ ചുംബിക്കാൻ നിങ്ങൾ തുനിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ സമ്മതിക്കുമായിരുന്നു. ഏതായാലും അങ്ങനെ സംഭവിക്കാതിരുന്നത് നന്നായി. ചൂടിയ പൂ ആയി മറ്റൊരാളുടെ ജീവിത പങ്കാളി ആകേണ്ടിവരില്ലല്ലോ. അതു പോകട്ടെ, ഇപ്പോൾ നമ്മുടെ പ്രശ്നം പ്രേം ആണ്. അയാളൊരു അലവലാതിയാണെന്ന് നിങ്ങളല്ലാതെ മറ്റാരും ഇന്നുവരെ പറഞ്ഞിട്ടില്ല.""
'' നിർത്തെടി പെൺകുട്ടികളുടെ പുറകെ പഞ്ചാരയടിച്ചു നടന്നിരുന്ന അവൻ അലവലാതിയാണെടീ. അല്ല, അവന്റെ കാര്യം പറഞ്ഞപ്പോൾ നീ എന്തിനാണ് ഇങ്ങനെ തിളയ്ക്കണത് ? അവനോടത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നീ പോയി അവന്റെ കൂടെ പൊറുക്കെടി അസത്തേ. ""
''സൂക്ഷിച്ചു സംസാരിക്കണം. വേദന ഏറെ സഹിക്കേണ്ട ബാദ്ധ്യത കാമുകിക്കില്ല.""
'' മനസിലായെടി. കാമുകിക്ക് എപ്പോൾ വേണമെങ്കിലും ഒഴിഞ്ഞുപോകാമെന്നല്ലേ നീ പറഞ്ഞത് ?""
''അങ്ങനെ കരുതിയാലും തെറ്റില്ല.""
''നീ ഒഴിഞ്ഞോടി. ""
കരഞ്ഞുകൊണ്ടാണ് അന്ന് ലൈബ്രറിയിൽ നിന്നു പോയത് . രണ്ടു ദിവസം ഫോൺ സ്വിച്ച് ഓഫ് ചെയ്തു വച്ചു. മൂന്നാം ദിവസം ആകെ തകർന്ന ഭാവത്തിൽ മുൻപിൽ വന്ന് തലകുനിച്ചു നിന്നു. ഇനിയൊരു തെറ്റും ഉണ്ടാകില്ലെന്നും എല്ലാ തെറ്റുകൾക്കും മാപ്പു തരണമെന്നും അന്ന് കരഞ്ഞു പറഞ്ഞ മനുഷ്യനാണിപ്പോൾ പറഞ്ഞത് നാളത്തെ ഇന്റർവ്യൂവിന് ഇന്നു തന്നെ താൻ പോകുന്നത് ചന്ദ്രേട്ടനുമായി അടുക്കാനാണെന്ന്. മതിയായി ഈ മനുഷ്യനെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ തളർന്നുപോകുന്നു. ഭാവിയിൽ കയറിലോ വിഷത്തിലോ അഭയം തേടാതിരിക്കാൻ ഇത് ഇവിടെ നിർത്തുന്നതാണ് നല്ലത്. ഇനി രണ്ടു വഴി.
രണ്ടു ദിവസം കഴിയുമ്പോൾ ക്ഷമ യാചിച്ചും കരഞ്ഞും വരും. നീയില്ലാതെ ഒരു ജീവിതം എനിക്കില്ല സരളേ. എല്ലാം നീ പൊറുക്കണം. വരട്ടെ, എന്തും പറയട്ടെ. ഇനിയൊന്നും സരളയ്ക്ക് കേൾക്കേണ്ട. സരള തീരുമാനിച്ചു കഴിഞ്ഞു. അതിൽ ഇനി മാറ്റമില്ല. ഇല്ല, ഇല്ല. ഒരു മാറ്റവുമില്ല.
മുഖവും കണ്ണുകളും തുടച്ചിട്ട് വൃക്ഷങ്ങൾ വിരിച്ച തണലിലൂടെ നടക്കുന്നതിനിടെ അവൾ അമ്മയെ വിളിച്ചു. നീ തറവാട്ടിലെത്തിയോ മോളേ എന്നു ചോദിച്ച അമ്മയെ അതിശയിപ്പിച്ചുകൊണ്ട് സരള ചോദിച്ചു.
''കാട്ടൂരെ പാപ്പൻ രണ്ടു ദിവസം മുമ്പ് ഒരു ഗൾഫുകാരൻ എൻജിനീയറുടെ ആലോചനയെപ്പറ്റി പറഞ്ഞിരുന്നില്ലേ അമ്മേ?""
'' ഉവ്വ്, പറഞ്ഞിരുന്നു. ഇപ്പോൾ വിവാഹം വേണ്ടെന്നു നീ പറഞ്ഞിട്ടുള്ളതിനാൽ ആലോചിച്ചു വിവരം അറിയിക്കാമെന്നാണ് അച്ഛൻ പാപ്പനോട് പറഞ്ഞിട്ടുള്ളത്. അല്ലാതെന്തു പറയാൻ?""
'' അമ്മേ, ജാനുക്കുട്ടി, ചൂടാകല്ലേ. ഗൾഫുകാരനോട് വന്ന് അമ്മേടെ മോളെ കാണാൻ പറയ്.""
'' മോളേ സരളേ ""
''ആ ചേട്ടൻ വന്നു എന്നെ കാണട്ടെ അമ്മേ... ""
'' നല്ല സ്വഭാവമാണത്രെ, നടന്നാൽ മോളുടെ ഭാഗ്യം. രണ്ടു ലക്ഷത്തോളം ശമ്പളമുണ്ട്.""
'' ലക്ഷോം കോടീം വേണ്ടമ്മേ. ഒരു എൽ.ഡി.സിയ്ക്കു കിട്ടുന്ന ശമ്പളമേ കിട്ടൂ എങ്കിലും എനിക്ക് വിഷമമില്ല. എന്നെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളായിരിക്കണമെന്നു മാത്രം.""
''നിന്നെ ആർക്കാണ് മോളേ ഇഷ്ടപ്പെടാത്തത്? പിന്നെ, എന്തിനാണ് സരളേ എൽ.ഡി.സിയുടെ ശമ്പളവുമായി ഒരു താരതമ്യപ്പെടുത്തൽ? ഏതെങ്കിലും എൽ.ഡി.സി ചെറുക്കനെ നിനക്ക്... ?""
'' ഇഷ്ടമാണോ എന്ന്, അല്ലേ? എന്റെ ജാനുക്കുട്ടി കാടുകയറേണ്ട. അച്ഛനും അമ്മേം നിശ്ചയിക്കുന്ന പ്രകാരം എൻജിനീയറുമായോ മറ്റാരെങ്കിലുമായോ എന്റെ കല്യാണം നടക്കും. അതുപോരെ? ""