babu-divakaran

കൊല്ലം: മുൻമന്ത്രി ബാബു ദിവാകരൻ ഇരവിപുരത്ത് ആർ എസ് പി സ്ഥാനാർത്ഥിയാകും. ആർ എസ് പി മണ്ഡലം കമ്മിറ്റിയിൽ സംസ്ഥാനസെക്രട്ടറി എ എ അസീസാണ് ബാബു ദിവാകരന്റെ പേര് നിർദേശിച്ചത്. താൻ ഇനി മത്സരരംഗത്തുണ്ടാകില്ലെന്നും അസീസ് യോഗത്തിൽ വ്യക്തമാക്കി.

കുന്നത്തൂരിൽ ഉല്ലാസ് കോവൂരിനെയും ചവറയിൽ ഷിബു ബേബി ജോണിനെയും മത്സരിപ്പിക്കാനും പാർട്ടിയിൽ ധാരണയായി. ആറ്റിങ്ങൽ, കയ്‌‌പമംഗലം സീറ്റുകളുടെ കാര്യം കോൺഗ്രസുമായി ചർച്ച ചെയ്‌തായിരിക്കും തീരുമാനിക്കുക. സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം പത്താം തീയതി നടക്കുന്ന സംസ്ഥാന നേതാക്കളുടെ യോഗത്തിന് ശേഷമായിരിക്കും ഉണ്ടാവുക.

കയ്‌പമംഗലത്തിനു പകരം അമ്പലപ്പുഴയോ റാന്നിയോ ആണ് ആർ എസ് പി ചോദിക്കുന്നത്. കൊല്ലമോ കുണ്ടറയോ അധികമായി നൽകണമെന്ന ആവശ്യത്തിലും യു ഡി എഫിൽ തീരുമാനമായിട്ടില്ല. ആറ്റിങ്ങലിന് പകരം വാമനപുരം സീറ്റാണ്‌ ചോദിച്ചിരിക്കുന്നത്. കുണ്ടറ ലഭിച്ചാൽ സംസ്ഥാന സെക്രട്ടറി എ എ അസീസോ യു ടി യു സി. ജില്ലാ പ്രസിഡന്റ് ടി സി വിജയനോ മത്സരിക്കും. കൊല്ലം സീറ്റ് കിട്ടിയാൽ സി പി സുധീഷ്‌കുമാറിനെയാകും പരിഗണിക്കുക.