
ഞാനും ഭാര്യയും മകളും അവളുടെ കുടുംബവുമായി വാഷിംഗ്ടണിലുള്ള ഒരു ബന്ധു വീട്ടിൽ മൂന്നു ദിവസം താമസിച്ച് ലോകപ്രസിദ്ധമായ വൈറ്റ്ഹൗസ്, ക്യാപ്പിറ്റോൺ, ലിങ്കൻ സ്‌മാരകസ്‌തംഭം തുടങ്ങിയവ സന്ദർശിച്ചതിനു ശേഷമാണ് കണ്ണിനും മനസിനും കുളിർമ്മ നൽകുന്ന നയാഗ്രാ വെള്ളച്ചാട്ടം കാണാൻ പോയത്. വാഷിംഗ്ടണിൽ നിന്നും ഏകദേശം 400 മൈൽ അകലെയാണ് വിനോദ സഞ്ചാരികൾക്ക് ലഹരിയായ നയാഗ്ര. അവിടെ എത്തിച്ചേരാൻ ഏറ്റവും ചെലവുകുറഞ്ഞ മാർഗം കാറിൽ പോകുന്നതാണെന്ന് ഞങ്ങൾ അറിഞ്ഞു.അമേരിക്കയിൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ജനങ്ങളും അവികസിതമായ സ്ഥലങ്ങളും മോശം റോഡുകളുമുണ്ടെന്ന് ഞങ്ങൾ മനസിലാക്കിയത് വാഷിംഗ്ടൺ - നയാഗ്ര യാത്രയിലാണ്. വളരെയധികം നിർധനരായ സ്‌പാനിഷ് കുടിയേറ്റക്കാർ ഈ വഴികളിലാണ് പാർക്കുന്നത്. സൗത്ത് കൊറിയക്കാർ നടത്തുന്ന നിലവാരം കുറഞ്ഞ നിരവധി റസ്റ്റോറന്റുകളും ഞങ്ങൾക്ക് വഴിമദ്ധ്യേ കാണാനിടയായി.
നയാഗ്രായിലുള്ള ഷെറാറ്റോൺ ഹോട്ടലിൽ ഞങ്ങൾ സുദീർഘമായ ആറ് മണിക്കൂർ യാത്ര കഴിഞ്ഞ് എത്തി. അവിടെ രണ്ട് ഡബിൾ മുറികൾ ബുക്ക് ചെയ്‌തിരുന്നു. കാനഡയുടെയും അമേരിക്കയുടെയും അതിർത്തിയായി 49 കിലോമീറ്റർ ദൈർഘ്യമുള്ള നയാഗ്ര നദി എറിക്, ഒന്റാറിയോ തടാകങ്ങളുടെ ഇടയിലായി സ്ഥിതി ചെയ്യുന്നു. വളരെ ദൂരെ നിന്ന് മഞ്ഞുകട്ടികളുടെയും ഹിമശിലകളുടെയും അകമ്പടിയോടെ അതിവേഗത്തിൽ ഒഴുകിവരുന്ന വെൺമയായ വെള്ളം ഏകദേശം 180 അടിയോളം താഴോട്ട് പതിക്കുമ്പോൾ, കൂട്ടത്തിലുള്ള ഹിമക്കുന്നുകൾ ഇടിമുഴക്കത്തോടെ പൊട്ടിച്ചിതറുന്നു. വെള്ളച്ചാട്ടത്തിന്റെ ഭയാനകമായ ഗർജ്ജനവും ആരവവും മൈലുകൾക്ക് അകലെ വരെ കേൾക്കാം. ഫ്രഞ്ചുകാരും ഇംഗ്ലീഷ്‌കാരും അമേരിക്കൻ മണ്ണിൽ കാലുകുത്തുന്നതിന് മുമ്പ് തന്നെ അവിടെ നിവസിച്ചിരുന്ന ആദിവാസികൾ അദ്ഭുതകരവും നൈസർഗികവുമായ ഈ ജലപാതം തിരിച്ചറിഞ്ഞിരുന്നു. ഗംഭീരമായ ഈ പ്രപഞ്ച വിസ്‌മയത്തിന്റെ പിന്നിൽ ഏതോ ദുർഭൂതത്തിന്റെ ശക്തിയുണ്ടെന്നും അവർ വിശ്വസിച്ചിരുന്നു. ഈ അദൃശ്യ ശക്തിയുടെ പ്രീതിക്കായി അവർ എല്ലാ വർഷവും അവിടെ നരബലി നടത്തിയിരുന്നതായും പറയപ്പെടുന്നു.
യൂറോപ്പിൽ നിന്നുള്ള റോബർട്ട് കാവെലിയർ ഡി സല്ലെയും ബെൽജിയൻ ലൂയിസ് ഹെന്നെപിനുമാണ് ആദ്യമായി ഈ അദ്ഭുത ജലധാര കണ്ടെത്തിയതും പുറംലോകത്തിനു കാട്ടികൊടുത്തതും. ഇതിഹാസങ്ങളും ഐതിഹ്യങ്ങളും ചരിത്രസത്യങ്ങളും അടിസ്ഥാനപ്പെടുത്തി 1657ൽ അന്നത്തെ അമേരിക്കൻ ഗവൺമെന്റ് ഈ നൈസർഗിക വെള്ളച്ചാട്ടത്തെ നയാഗ്ര എന്ന പേരിൽ ഭൂപടത്തിൽ ഉൾപ്പെടുത്തി. ഹിമയുഗത്തിൽ അതായത് ലക്ഷോപലക്ഷം വർഷങ്ങൾക്കു മുമ്പ് ഇന്നത്തെ കാനഡയുടെയും അമേരിക്കയുടെയും ഭൂപ്രദേശങ്ങൾ മുഴുവനും ദക്ഷിണധ്രുവ പ്രദേശം അല്ലെങ്കിൽ ഗ്രീൻലാൻഡ് പോലെ അത്യധികം വലുതായ ഹിമശിലകളും മഞ്ഞുകട്ടികളും നിറഞ്ഞ ഹിമപ്പരപ്പ് കൊണ്ട് മൂടപ്പെട്ടിരുന്നു. അനേകായിരം വർഷങ്ങൾക്ക് ശേഷം കാലാവസ്ഥാ വ്യതിയാനം കൊണ്ട് അതിബൃഹത്തായ ഐസ്‌കട്ടികൾ ഉരുകിയപ്പോളുണ്ടായ വെള്ളം കൊണ്ട് സംജാതമായതാണ് അറ്റ്ലാന്റിക് സമുദ്രവും മെക്സികോ ഉൾക്കടലും എന്നാണ് അനുമാനം.
ഭയാനകമായ വേഗത്തിൽ ഉറഞ്ഞുകൂടിയ മഞ്ഞുകട്ടികളുമായി പ്രവഹിക്കുന്ന നയാഗ്രാ നദി മൂന്ന് ശാഖകളായി വേർപിരിയുന്നു. ഇവയിൽ നിന്നുളവാകുന്ന ഹോഴ്സ് ഷു, അമേരിക്കൻ ഫാൾ, ബ്രൈഡൽ വെയിൽ എന്നീ മൂന്ന് വെള്ളച്ചാട്ടങ്ങൾ ചേർന്നുണ്ടായതാണ് വിശ്വവിശ്രുതമായ നയാഗ്രാ വെള്ളച്ചാട്ടം. പാഞ്ഞൊഴുകുന്ന നയാഗ്രാ നദിയുടെ ഒരു വശം കാനഡയും മറുവശം അമേരിക്കയുമാണ്. ഈ ജലപാതങ്ങളിൽ ഏറ്റവും കൂടുതൽ ആഴവും വീതിയുമുള്ള ഹോഴ്സ് ഷു വെള്ളച്ചാട്ടം കാനഡയുടെ വശത്താണ്. ഞങ്ങൾക്ക് കനേഡിയൻ വിസയില്ലാതിരുന്നതിനാൽ ഈ അഗാധമായ ജലപാതം അമേരിക്കൻ മണ്ണിൽ നിന്ന് വീക്ഷിച്ചു സംതൃപ്‌തിയടയാനേ സാധിച്ചുള്ളു. അമേരിക്കൻ വശത്തുള്ള മറ്റു രണ്ട് വെള്ളച്ചാട്ടങ്ങളും മഴക്കോട്ട് ധരിച്ച് വളരെ അടുത്തു നിന്ന് കണ്ടാസ്വദിച്ചു. 180 അടിയോളം വെള്ളം താഴേയ്‌ക്കു പതിക്കുന്ന ഹോഴ്സ് ഷു വെള്ളച്ചാട്ടത്തിന്റെ വീതി ഏതാണ്ട് 2800 അടിയാണ്. നയാഗ്രാ വെള്ളച്ചാട്ടങ്ങളിൽ ഏറ്റവും വലുത് കാനഡയുടെ ഭാഗത്ത് കിടക്കുന്ന ഈ വെള്ളച്ചാട്ട വിസ്‌മയമാണ്.
നയാഗ്ര സന്ദർശകരുടെ മുഖ്യ ആകർഷണങ്ങൾ മെയ്ഡ് ഓഫ് ദി മിസ്റ്റ് എന്ന നയാഗ്രാ നദിയിലൂടെയുള്ള ബോട്ട് യാത്രയും കേവ് ഓഫ് ദി വി
വെള്ളച്ചാട്ടത്തിന്റെ വളരെ അടുത്തെത്തിക്കും. മെയിഡ് ഓഫ് ദി മിസ്റ്റ് എന്ന നയാഗ്രാ നദിയിലൂടെയുള്ള ബോട്ടുയാത്രക്ക് ഒരാൾക്ക് 20 അമേരിക്കൻ ഡോളർ എന്നതാണ് ടിക്കറ്റ് നിരക്ക്. ഏകദേശം 20 വിനോദ യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള ബോട്ട് നയാഗ്രാ നദിയുടെ ഓളപ്പരപ്പിലൂടെ വേഗംകുറച്ച് കുറഞ്ഞത് നാല് മൈൽ ദൂരമെങ്കിലും യാത്ര ചെയ്യും. നിരവധി ബോട്ടുകൾ സന്ദർശകരെയും കൊണ്ട് അവിടെ ഒഴുകി നടക്കുന്നത് ആനന്ദകരമായ കാഴ്‌ചയാണ്. 120 അടി പൊക്കവും 950 അടി വീതിയുമുള്ള അമേരിക്കൻ ഫാൾ എന്ന വെള്ളച്ചാട്ടത്തിന്റെ ഏതാണ്ട് അഞ്ച് മീറ്റർ അടുത്തുവരെ ബോട്ട് ചെല്ലും. ആഴത്തിലുള്ള ജലപതനം കൊണ്ട് ജലകണങ്ങൾ മഞ്ഞുതുള്ളികളായി മാറുന്നു. അവിടെ നിന്നും ഉത്ഭവിക്കുന്ന അതിശക്തമായ കാറ്റും ഈർപ്പവും സന്ദർശകരുടെ വസ്ത്രങ്ങളെ പൂർണമായി നനയ്‌ക്കുന്നു. അതിനാൽ സഞ്ചാരികൾ ബോട്ടിൽ പ്രവേശിക്കുമ്പോൾ തന്നെ പ്രത്യേകതരം മഴക്കോട്ട് ധരിക്കുവാൻ നിർബന്ധിതരാകും. അവിടെയാകെ ഈർപ്പത്തിൽ മുങ്ങിയ ഒരു മൂടൽ മഞ്ഞ് രൂപപ്പെടുകയും ചെയ്യും. അതാണ് നയാഗ്രായിലെ വിസ്‌മയമായ മെയ്ഡ് ഓഫ് ദി മിസ്റ്റ്. വെള്ളച്ചാട്ടത്തിന്റെ വ്യാപ്‌തിയും ഭംഗിയും ആസ്വദിക്കാൻ നയാഗ്രാ നദിയിലൂടെയുള്ള ബോട്ടുയാത്ര സഹായിക്കും.
കേവ് ഓഫ് ദി വിൻഡ് എന്ന സാഹസിക പര്യടനത്തിനു ഒരാൾക്ക് ടിക്കറ്റ് ചാർജ് 20 ഡോളറാണ്. സഞ്ചാരികൾ നീലനിറത്തിലുള്ള മഴക്കോട്ടുകൾ ധരിക്കണം. ലിഫ്റ്റ് വഴി താഴേയ്‌ക്കു വന്നതിനു ശേഷം തുരങ്കത്തിലൂടെ ഏകദേശം 50 മീറ്റർ ദൂരം മുന്നോട്ടു പോകുമ്പോൾ, നയാഗ്രാ നദീതീരത്തുള്ള പാറക്കെട്ടുകളുടെ സമീപത്ത് സഞ്ചാരികൾ എത്തിച്ചേരുന്നു. ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടത്തിന്റെ ഒന്നര മീറ്റർ വരെ അടുത്തെത്താൻ പാറ വെട്ടി നിരപ്പാക്കിയ അനേകം സ്റ്റെപ്‌സ് വഴി മുകളിലേക്ക് കയറണം. കുറച്ച് സ്റ്റെപ്‌സുകൾ കയറി കഴിയുമ്പോൾ സന്ദർശകർക്ക് വിശ്രമിക്കാനും വെള്ളച്ചാട്ട നിരീക്ഷണത്തിനുമായി ഏകദേശം മൂന്ന് സ്‌ക്വയർ മീറ്റർ വിസ്‌തീർണത്തിൽ പാറ വെട്ടി നിരപ്പാക്കിയിട്ടുണ്ട്. സഞ്ചാരപ്രിയർക്ക് വളരെ അടുത്ത് വെള്ളച്ചാട്ടം ആസ്വദിക്കാനും ഫോട്ടോ, വീഡിയോ എടുക്കാനുമുള്ള സൗകര്യമുണ്ട്. ഈർപ്പം നിറഞ്ഞ മൂടൽമഞ്ഞ് ഒരു വെള്ള പുകമറ സൃഷ്‌ടിക്കുന്നു. ജലതുള്ളികളുടെ സ്‌പർശം നമുക്ക് കുളിരും തണുപ്പും തരുന്നു. മുകളിലേക്കുള്ള വഴിയുടെ രണ്ടു വശത്തും യാത്രക്കാരുടെ സുരക്ഷയ്‌ക്കായി മെറ്റലിൽ പണിത ബലമുള്ള കൈവരികളുമുണ്ട്. നയാഗ്രാ നദിയിൽ നിന്നും 180 അടി ഉയരത്തിലുള്ള ബ്രൈഡൽ വെയിലിനു 56 അടി വീതിയുമുണ്ട്. എവിടെയും വിനോദസഞ്ചാരികളെ പ്രലോഭിപ്പിക്കുന്ന കാഴ്‌ചകൾ. അല്‌പ സമയം മിഴിനട്ട് ഞങ്ങൾ സ്വയം മറന്ന് നിന്നുപോയി.
സൂര്യപ്രകാശത്തിൽ നയാഗ്രാ നദിയിലൂടെ വെട്ടിത്തിളങ്ങിയൊഴുകുന്ന ഓളങ്ങൾക്കും ലോകവിസ്‌മയങ്ങളായ വെള്ളച്ചാട്ടങ്ങൾക്കും അവിടെ ചുറ്റി സഞ്ചരിക്കുന്ന കാറ്റിനും സ്വരമാധുര്യമുള്ള ഒരു സംഗീതമുണ്ട്. ചെവിയോർത്താൽ നമ്മൾക്കും അത് കേൾക്കാം, അസ്വദിക്കാം. സഞ്ചാരികളുടെ പറുദീസയായി വാഴ്‌ത്തപ്പെടുന്ന നയാഗ്രായിലെ വേറൊരു ആകർഷണം നയാഗ്രാ നദിക്ക് കുറുകെ സൂര്യപ്രകാശത്തിൽ സപ്‌തവർണ്ണങ്ങളാൽ പ്രത്യക്ഷപ്പെടുന്ന അതിമനോഹരമായ മഴവില്ലാണ്. വെള്ളച്ചാട്ടത്തിലെ ജലതുള്ളികളിലൂടെ സൂര്യകിരണങ്ങൾ കടന്നുപോകുമ്പോളുണ്ടാകുന്ന പ്രതിഫലനം മൂലം നയാഗ്രാ നദിയിൽ മഴവില്ലെന്ന വർണ പ്രപഞ്ചം രൂപപ്പെടുന്നു. അകലെ നീലാകാശവും നയാഗ്രാനദിയിലെ ഓളപ്പരപ്പിനു മുകളിൽ വിടർന്നു നിൽക്കുന്ന ഹൃദയഹാരിയായ മഴവില്ലും ശരീരത്തിനും മനസിനും കുളിർമ്മ പകരുന്ന വെള്ളച്ചാട്ടങ്ങളും കണ്ടപ്പോൾ, ഞങ്ങളൊരു വിസ്‌മയലോകത്ത് നിൽക്കുന്ന പ്രതീതിയാണുണ്ടായത്. 1901ൽ ആനി എഡ്സൺ ടെയ്ലർ എന്ന യൂറോപ്യൻ വനിത തടിയിലുണ്ടാക്കിയ വീപ്പക്കുള്ളിലിരുന്ന് നയാഗ്രാ നദിയിലൂടെ ഒഴുകുന്ന ഐസ്‌കട്ടകളോടൊപ്പം 180 അടി താഴ്‌ചയിലേക്ക് സാഹസിക ചാട്ടം നടത്തി ചരിത്രം സൃഷ്‌ടിച്ചു. 1911ൽ ഒരു സ്‌പാനിഷ് എഞ്ചിനീയർ തുടങ്ങിയ കേബിൾ കാർ സവാരി നയാഗ്രാ നദി ക്രോസ് ചെയ്‌ത് സന്ദർശകരെ കാനഡാ സൈഡിലേക്ക് ഇപ്പോഴും കൊണ്ടുപോകുന്നു. സ്‌കൈലൺ റ്റവർ, കോണിക്കാ മിനോൽട്ടാ റ്റവർ തുടങ്ങിയ നിരീക്ഷണ ഗോപുരങ്ങളിൽ നിന്നും നയാഗ്രാ നദിയുടേയും വെള്ളച്ചാട്ടങ്ങളുടെയും ഭംഗിയും മനോഹാരിതയും മുഴുവനായി ആസ്വദിക്കാം.