black-magic

മുംബയ്: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുർമന്ത്രവാദത്തിനായി ഉപയോഗിക്കാൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. സോപൻ കുമ്രെ, വിക്കി ഖാപ്രെ, ദിനേഷ് നിഖാരെ, രാമകൃഷ്ണ മൈസ്‌ക്കർ, വിനോദ് മാസ്രാം എന്നിവരെയാണ് നാഗ്പൂർ സിറ്റി ക്രൈംബ്രാഞ്ച് പിടികൂടിയത്. ദുർമന്ത്രവാദത്തിനും പൂജയ്ക്കുമായി പ്രതികൾ ഭീഷണിപ്പെടുത്തിയതോടെ 16 കാരി തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.

ദുർമന്ത്രവാദിയായ സോപനാണ് തനിക്ക് പൂജ നടത്താനായി ഒരു പെൺകുട്ടിയെ വേണമെന്ന് മറ്റുപ്രതികളോട് ആവശ്യപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാകണമെന്നും അഞ്ച് അടിയിൽ താഴെ ഉയരമുള്ള 50 കിലോയിലധികം ഭാരമില്ലാത്ത പെൺകുട്ടിയെയാണ് വേണ്ടതെന്നും ഇയാൾ പറഞ്ഞിരുന്നു. തുടർന്ന്, മറ്റുപ്രതികൾ പരാതിക്കാരിയെ പൂജയ്ക്കായി സമീപിച്ചു.

പൂജ കഴിഞ്ഞാൽ 50 കോടി രൂപ ലഭിക്കുമെന്നും ആകാശത്തുനിന്ന് പണം വർഷിക്കപ്പെടുമെന്നും പ്രതികൾ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. എന്നാൽ, പൂജയ്ക്കിടെ വിവസ്ത്രയാക്കുമെന്നും നഗ്നയായി നിൽക്കേണ്ടിവരുമെന്നും പറഞ്ഞതോടെ പെൺകുട്ടിക്ക് സംശയം തോന്നി. തുടർന്ന് പെൺകുട്ടി പൂജയിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞെങ്കിലും പ്രതികൾ വിട്ടില്ല. നിരന്തരം ഇതുസംബന്ധിച്ച് ഭീഷണിപ്പെടുത്തുന്നത് തുടർന്നതോടെ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.