liverpool

ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റഡിനെ 2-0ത്തിന് തോൽപ്പിച്ച് ലിവർപൂൾ

നിലവിലെ ചാമ്പ്യന്മാർ ജയിക്കുന്നത് നാല് തോൽവികൾക്ക് ശേഷം

ലണ്ടൻ : 2020 അവസാനിക്കുന്നത് വരെ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ഒന്നാം സ്ഥാനത്തായിരുന്നു.എന്നാൽ പുതുവർഷത്തിൽരണ്ടുമാസം പിന്നിടുമ്പോൾ ചെമ്പടയുടെ സ്ഥാനം, ആറാമതാണ്. കഴിഞ്ഞ ദിവസം ഷെഫീൽഡ് യുണൈറ്റഡിനെതിരെ നേടിയ വിജയമാണ് ആറാമതെങ്കിലുമെത്തിച്ചത്. ലീഗിൽ തുടർച്ചയായ നാലു തോൽവികൾക്ക് ശേഷമായിരുന്നു ഷെഫീൽഡിനെതിരായ വിജയം.ലീഗിലെ കഴിഞ്ഞ 11 മത്സരങ്ങളിൽ ലിവർപൂൾ ജയിക്കുന്ന രണ്ടാമത്തെ മാത്രം മത്സരമായിരുന്നു ഇത് !.

ദുർബലരായ ഷെഫീൽഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒരു സെൽഫ് ഗോളും കൂടി കിട്ടിയതുകൊണ്ടാണ് ലിവർപൂളിന് വിജയം ആഘോഷിക്കാൻ കഴിഞ്ഞതെന്നത് വേറെകാര്യം. ഗോൾരഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 48-ാം മിനിട്ടിൽ കർട്ടിസ് ജോൺസിലൂടെയാണ് ലിവർപൂൾ മുന്നിലെത്തിയത്.65-ാം മിനിട്ടിൽ കീൻ ബ്രയാന്റെ സെൽഫ് ഗോൾ ലീഡ് ഉയർത്തുകയും ചെയ്തു.

ജനുവരി 31ന് 3-1ന് വെസ്റ്റ്ഹാമിനെ തോൽപ്പിച്ച ശേഷം നാലുകളികളിലാണ് ലിവർപൂൾ പ്രമിയർ ലീഗിൽ തോറ്റത്. ഇതോടെ ഈ സീസണിൽ കിരീടം നിലനിറുത്തുകയെന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. സീസണിൽ 12 മത്സരങ്ങളിൽ മാത്രം ജയിക്കാനായ ലിവർപൂൾ ഏഴുവീതം തോൽവിയും സമനിലയും ഏറ്റുവാങ്ങിക്കഴിഞ്ഞു. 26 മത്സരങ്ങളിൽ 43 പോയിന്റുമായാണ് ലിവർപൂൾ ആറാമതുള്ളത്.26 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.50 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാമതുണ്ട്.

കഴിഞ്ഞ രാത്രി നടന്ന മറ്റ് മത്സരങ്ങളിൽ ആഴ്സനൽ 3-1ന് ലെസ്റ്റർ സിറ്റിയെയും ടോട്ടൻഹാം 4-0ത്തിന് ബേൺലിയെയും തോൽപ്പിച്ചപ്പോൾ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിയിൽ പിരിഞ്ഞു.

ലീഗിലെ മൂന്നാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽച്ചെന്നാണ് ആഴ്സനൽ കീഴടക്കിയത്. ആറാം മിനിട്ടിൽ ടിയെലിമാൻസിലൂടെ മുന്നിലെത്തിയിരുന്ന ലെസ്റ്ററിനെ 39-ാം മിനിട്ടിൽ ഡേവിഡ് ലൂയിസിലൂടെ ആഴ്സനൽ സമനിലയിൽ പിടിച്ചു.ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ലെക്കാസറ്റെ പെനാൽറ്റിയിലൂടെ നേടിയ ഗോളിന് ആഴ്സനൽ ലീഡ് നേടുകയും ചെയ്തു. 52-ാം മിനിട്ടിൽ നിക്കോളാസ് പെപ്പെയിലൂടെയാണ് അവസാനഗോൾ സ്വന്തമാക്കിയത്. 26 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി ആഴ്സനൽ പത്താം സ്ഥാനത്താണ്.

ത്രിമൂർത്തികളായ ഗാരേത്ത് ബെയ്ൽ, ഹാരി കേൻ, സൺഹ്യൂംഗ് മിൻ എന്നിവർ ഒരുമിച്ച് ഫോമിലേക്ക് ഉയർന്നപ്പോഴാണ് ടോട്ടൻഹാം മറുപടിയില്ലാത്ത നാലുഗോളുകൾക്ക് ബേൺലിയെ കീഴടക്കിയത്. ബെയ്ൽ രണ്ട് ഗോളുകൾ നേടി. കേനും ലൂക്കാസ് മൗറയും ഓരോ ഗോൾ നേടി. ബെയ്ലിന്റെ രണ്ടുഗോളുകൾക്കും വഴിയൊരുക്കിയത് സൺഹ്യൂംഗ് മിന്നായിരുന്നു.

പ്രിമിയർ ലീഗ് പോയിന്റ് നില

(ക്ളബ്, കളി പോയിന്റ് ക്രമത്തിൽ )

മാഞ്ചസ്റ്റർ സിറ്റി 26-62

മാഞ്ച. യുണൈ. 26-50

ലെസ്റ്റർ സിറ്റി 26-49

വെസ്റ്റ്ഹാം 26-45

ചെൽസി 26-44

ലിവർപൂൾ 26-43