fuel

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില റെക്കാഡ് ഉയരത്തിലെത്തിയെങ്കിലും ഉപഭോഗം കുറയുന്നില്ലെന്ന് റിപ്പോർട്ട്. ഫെബ്രുവരിയിൽ പ്രതിദിന പെട്രോൾ വില്പന 2020 ഫെബ്രുവരിയെ അപേക്ഷിച്ച് 1.5 ശതമാനം വർദ്ധിച്ചുവെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കുകളെ അടിസ്ഥാമനമാക്കി റോയിട്ടോഴ്‌സ് റിപ്പോർ‌ട്ട് ചെയ്‌തു. അതേസമയം, ഫെബ്രുവരിയിലേത് പെട്രോളിന്റെ കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ്.

ഇന്ത്യയിലെ മൊത്തം ഇന്ധനവില്പനയുടെ 40 ശതമാനം പങ്കുവഹിക്കുന്ന ഡീസൽ വില്പന കഴിഞ്ഞമാസം 5.3 ശതമാനം കുറഞ്ഞു. മൂന്നുമാസത്തിനിടെയിലെ ഏറ്റവും വലിയ ഇടിവാണിത്. ഡിസംബറിലും ജനുവരിയിലും രണ്ടു ശതമാനത്തോളമായിരുന്നു ഇടിവ്. ഇന്ത്യയിൽ ഇന്ധനവില്പനയിൽ 90 ശതമാനവും പൊതുമേഖലാ എണ്ണവിതരണ കമ്പനികളുടെ പങ്കാണ്. ഇവർ കഴിഞ്ഞമാസം 2.22 ദശലക്ഷം ടൺ പെട്രോൾ വിറ്റഴിച്ചു; ഡീസൽ വില്പന 5.81 ദശലക്ഷം ടൺ.

11.4%

ഡിസംബർ ഒന്നുമുതൽ വില ഇതിനകം 200 രൂപയിലേറെ കൂടിയെങ്കിലും എൽ.പി.ജി ഉപഭോഗം വളരുകയാണ്. ഫെബ്രുവരിയിൽ വില്പന 11.4 ശതമാനം ഉയർന്ന് 2.26 ദശലക്ഷം ടണ്ണിലെത്തി. വ്യോമ ഇന്ധന വില്പന 38.5 ശതമാനം കുറഞ്ഞു.

വ്യോമ ഇന്ധനവില

6.5 ശതമാനം കൂട്ടി

പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്നലെ വിമാന ഇന്ധന (എ.ടി.എഫ്) വില 6.5 ശതമാനം കൂട്ടി. 59,400.91 രൂപയാണ് കിലോലിറ്ററിന് പുതുക്കിയ വില. ഒരുമാസത്തിനിടെ ഇതു മൂന്നാംവട്ടമാണ് വില കൂട്ടിയത്.