
അഹമ്മദാബാദ് : മൊട്ടേറയിലെ നവീകരിച്ച സ്റ്റേഡിയത്തിൽ വ്യാഴാഴ്ച തുടങ്ങുന്ന ഇംഗ്ളണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീം നെറ്റ്സ് പ്രാക്ടീസ് തുടങ്ങി. പരമ്പരയിൽ 2-1ന് മുന്നിലാണ് ഇന്ത്യ. അവസാന ടെസ്റ്റിൽ തോൽക്കാതിരുന്നാൽ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കിവീസിനെതിരെ കളിക്കാം.
ചെന്നൈയിൽ നടന്ന രണ്ടാം ടെസ്റ്റിലും മൊട്ടേറയിൽ നടന്ന മൂന്നാം ടെസ്റ്റിലും സ്പിൻ ബൗളിംഗിന് അനുകൂലമായ പിച്ചൊരുക്കിയാണ് ഇന്ത്യ ജയിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. എന്നാൽ നാലാംടെസ്റ്റിലും സ്പിന്നിന് അനുകൂലമായ പിച്ചാവും ഒരുക്കുകയെന്ന് റിപ്പോർട്ടുകളുണ്ട്. സ്പിൻ ട്രാക്കിൽ ബാറ്റിംഗിൽ പ്രതീക്ഷിച്ച പോലെ മികവ് കാണിക്കാൻ കഴിയാത്തത് ഇന്ത്യൻ ടീമിനെയും അലട്ടുന്നുണ്ട്. അത് മുൻനിറുത്തി ഇന്നലെ മുൻനിര ബാറ്റ്സ്മാന്മാർ നെറ്റ്സിൽ കൂടുതൽ സമയം ചെലവിടുകയായിരുന്നു. കൊഹ്‌ലി,രോഹിത് ,രഹാനെ തുടങ്ങിയവർക്ക് അക്ഷർ പട്ടേലാണ് പന്തെറിഞ്ഞ് കൊടുത്തത്. അക്ഷർ കഴിഞ്ഞ ടെസ്റ്റിൽ 11 വിക്കറ്റുകളാണ് നേടിയിരുന്നത്.
വ്യക്തിഗതമായ കാര്യങ്ങൾക്ക് വേണ്ടി അവധിയെടുത്ത ജസ്പ്രീത് ബുംറയെക്കൂടാതെയാണ് ഇന്ത്യ നാലാം ടെസ്റ്റിനിറങ്ങുന്നത്.