gokulam-fc

ഐ -ലീഗിൽ 3-2ന് ഗോകുലം എഫ്.സിയെ കീഴടക്കി ചർച്ചിൽ ബ്രദേഴ്സ്

കൊൽക്കത്ത: ഇന്നലെ നടന്ന ഐ-ലീഗ് ഫുട്ബാൾ മത്സരത്തിൽ പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുന്ന ചർച്ചിൽ ബ്രദേഴ്സിനെ വിറപ്പിച്ച ശേഷം ഗോകുലം കേരള എഫ്.സി കീഴടങ്ങി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ചർച്ചിലിന്റെ വിജയം.

മൂന്ന് ഗോളിന് പിന്നിൽ നിന്നിരുന്ന ഗോകുലം അവസാന പത്തുമിനിട്ടിനിടെ രണ്ടുഗോളുകൾ നേടിയാണ് ചർച്ചിലിനെ വിരട്ടിയത്. എന്നാൽ കളി സമനിലയിലാക്കാൻ ഗോകുലത്തിന് കഴിഞ്ഞില്ല. 26-ാം മിനിട്ടിൽ മയ്സേൻ നേടിയ ഗോളിനാണ് ചർച്ചിൽ ലീഡ് നേടിയത്.30-ാം മിനിട്ടിൽ വിൻസി ബാരെറ്റോ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ ഗോകുലം 10 പേരായി ചുരുങ്ങി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനാൽറ്റി കിക്ക് അദ്ജാ പാഴാക്കിയത് ഗോകുലത്തിന് അടുത്ത തിരിച്ചടിയായി.

53-ാം മിനിട്ടിൽ ഫെർണാണ്ടസ് ചർച്ചിലിന്റെ ലീഡുയർത്തി. 80-ാം മിനിട്ടിൽ അന്റ്‌വിയുടെ പാസിൽ നിന്ന് അദ്ജാ ഗോകുലത്തിന്റെ ആദ്യ ഗോൾ നേടി. 87-ാം മിനിട്ടിൽ മയ്സേൻ പെനാൽറ്റിയിലൂടെ വീണ്ടും സ്കോർ ചെയ്തതോടെ ചർച്ചിൽ 3-1ന് മുന്നിലെത്തി. ഇൻജുറി ടൈമിന്റെ രണ്ടാം മിനിട്ടിൽ എം.എസ് ജിതിനാണ് ഗോകുലത്തിന്റെ രണ്ടാം ഗോൾ നേടിയത്. ലീഗിൽ ജിതിന്റെ ആദ്യ ഗോളായിരുന്നു ഇത്.

ഇതോടെ പത്തുകളികളിൽ നിന്ന് 16 പോയിന്റായ ഗോകുലം ലീഗിൽ അഞ്ചാം സ്ഥാനത്തായി. ഇന്നലെ ജയിച്ചിരുന്നെങ്കിൽ ഗോകുലത്തിന് ഒന്നാം സ്ഥാനത്തെത്താമായിരുന്നു. 22 പോയിന്റുള്ള ചർച്ചിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.