dgp

ചെന്നൈ: അപമര്യാദയായി പെരുമാറിയെന്ന ഐ.പി.എസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ തമിഴ്നാട് സ്പെഷ്യൽ ഡി.ജി.പി രാജേഷ് ദാസിനെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. എ.ഡി.ജി.പി റാങ്കിലുളള ഉദ്യോഗസ്ഥ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. കഴിഞ്ഞ ദിവസം സംഭവത്തിൽ സി.ബി.സി.ഐ.ഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഡി.ജി.പി കാറിൽ കയറാൻ ആവശ്യപ്പെട്ടുവെന്നും കാറിൽ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. തമിഴ്നാട് മുൻ ആരോഗ്യസെക്രട്ടറിയുടെ ഭർത്താവ് കൂടിയാണ് രാജേഷ് ദാസ്.

പരാതി നൽകുന്നതിൽ നിന്ന് പിൻമാറാൻ തനിക്ക് മേൽ സഹപ്രവർത്തകർ സമ്മർദ്ദം ചെലുത്തിയതായും ഉദ്യോഗസ്ഥ പരാതിപ്പെട്ടിരുന്നു. ആരോപണങ്ങൾ രാജേഷ് നിഷേധിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ആറംഗ സമിതി രൂപീകരിച്ചിരുന്നു.