mv-govindhan

കണ്ണൂർ: ശ്രീ എമ്മുമായി തങ്ങൾക്ക് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം മതനിരപേക്ഷതയുടെ ഉജ്ജ്വല മാതൃകയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ വച്ച് വാർത്താ മാദ്ധ്യമങ്ങളോടാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. ശ്രീ എം ഇന്ത്യൻ മതനിരപേക്ഷതയുടെ ഏറ്റവും പ്രധാനപ്പെട്ട ഉജ്ജ്വലമായ മാതൃകയാണെന്നും എം എന്തുതരം ജീവിതം നയിക്കുന്നു എന്നുള്ളതാണ് വിഷയമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

യോഗയുടെ ഭാഗമായിട്ട് ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ മതനിരപേക്ഷ പണ്ഡിതനാണ് എം. കേവലം യോഗക്കാരനല്ല. അദ്ദേഹവുമായി സഹകരിച്ച് എത്ര നാളായി യോഗ സംവിധാനം തങ്ങൾ കൈകാര്യം ചെയ്യുന്നു. ശ്രീ എമ്മുമായി നല്ല ബന്ധമാണുള്ളത്. അടിസ്ഥാനമില്ലാത്ത വാദങ്ങൾക്ക് പിന്നാലെ മാദ്ധ്യമങ്ങൾ പോകുകയാണെന്നും അദ്ദേഹം വിമർശിക്കുന്നു. സിപിഎം-ആർഎസ്എസ് ചർച്ചയിൽ എം ഇടനിലക്കാരനായി നിന്നുവെന്ന വാർത്തകളെയും അദ്ദേഹം തള്ളി.

വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയെയും അദ്ദേഹം വിമർശിച്ചു. വര്‍ഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷവാദിയായ ശ്രീ എമ്മിനെകുറിച്ച് പലതും പറയുമെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്.

മാദ്ധ്യമപ്രവർത്തകൻ ദിനേഷ് നാരായണന്‍ എഴുതിയ 'ദി ആർഎസ്എസ് ആൻഡ് ദ മേക്കിംഗ് ഒഫ് ദ ഡീപ്പ് നേഷൻ' എന്ന പുസ്തകത്തിലൂടെ സിപിഎം-ആർഎസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരുന്നു. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം വിവരിക്കുന്ന എൻപി ഉല്ലേഖിന്റെ 'കണ്ണൂർ; ഇൻസൈഡ് ഇന്ത്യാസ് ബ്ലഡിയസ്റ്റ് റിവഞ്ച് പൊളിറ്റിക്സ്' എന്ന പുസ്തകത്തിലും ഇതേക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

ശ്രീ എമ്മിന് യോഗ സെന്റർ തുടങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കിയത് വിവാദമായതോടെയാണ് സിപിഎം-ആർഎസ്എസ് കൂടിക്കാഴ്ച്ച സംബന്ധിച്ച കാര്യങ്ങൾ വീണ്ടും ചര്‍ച്ചയായത്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ആര്‍.എസ്.എസ് നേതാക്കളായ ഗോപാലന്‍കുട്ടി മാസ്റ്റര്‍, വത്സന്‍ തില്ലങ്കേരി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശ്രീ എം മദ്ധ്യസ്ഥത വഹിച്ചു എന്നാണ് പുസ്തകങ്ങളിൽ പറയുന്നത്.