k-sudhakaran

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കുകയാണെങ്കിൽ കോൺഗ്രസിലെ ഒരു പ്രബല വിഭാഗം ബിജെപിയിലേക്ക് പോകുമെന്ന് സമ്മതിച്ച് പാർട്ടിയുടെ കണ്ണൂർ എംപി കെ സുധാകരൻ. സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും ഇന്നലെ അക്കാര്യം കോൺഗ്രസ് എംപിയും പാർട്ടിയുടെ അഖിലേന്ത്യാ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞതാണെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.

താനും രാഹുൽ ഗാന്ധിയും പറയുന്നത് ഒരേ കാര്യമാണെന്നും അഖിലേന്ത്യാ തലത്തിൽ ബിജെപി വളർന്നെങ്കിൽ ആ പാർട്ടിയിലേക്ക് പോയിരിക്കുന്നത് ഏറെയും ജനാധിപത്യ മതേതര ശക്തികളിൽ നിന്നുമുള്ള ആളുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാവുകയാണെങ്കിൽ പിന്നീട് അവരുടെ മുന്നിലുള്ള ഏക സാദ്ധ്യത ബിജെപി ആണോ'-എന്ന ചോദ്യത്തിന് അദ്ദേഹം 'അതെ' എന്നാണ് ഉത്തരം നൽകിയത്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ പ്രധാന എതിരാളിയായി കാണുന്നത് സിപിഎം എമ്മിനെയാണ് എന്നതാണ് അതിനുള്ള കാരണമെന്നും അദ്ദേഹം പറയുന്നു.

അവരുടെ തെറ്റായ രാഷ്ട്രീയ സമീപനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസിലുണ്ട്. എന്നും അവര്‍ ശത്രുപാളയത്തിലാണ് എന്ന ഉറച്ച വിശ്വാസം ഓരോ കോണ്‍ഗ്രസുകാരന്റേയും മനസിനകത്തും ദൈനംദിന പ്രവര്‍ത്തനം കൊണ്ട് സിപിഐഎം സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. അതേസമയം കോൺഗ്രസ് പരാജയപ്പെടും എന്ന വാദത്തോട് തനിക്ക് ഒരു ശതമാനം പോലും യോജിപ്പില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യവും ഇപ്പോഴത്തെ സാഹചര്യവും ഒന്നല്ലെന്നതാണ് സുധാകരൻ ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കൊവിഡ് സമയത്താണ് തദ്ദേശ തിരഞ്ഞെടുപ്പ് വന്നത്. ആ സമയത്ത് യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ക്ക് ഗ്രാമങ്ങളില്‍ പോകാന്‍, വീടുകളില്‍ പോകാന്‍, വോട്ടര്‍മാരെ കാണാന്‍, വോട്ടു ചോദിക്കാന്‍, രാഷ്ട്രീയം പറയാന്‍ കഴിഞ്ഞില്ല. വാേളന്റിയര്‍ കാര്‍ഡ് കൊടുത്തത് സിപിഎം പ്രവര്‍ത്തകര്‍ക്ക് മാത്രമാണ്. രാഷ്ട്രീയാന്തരീക്ഷം യുഡിഎഫിന് അനുകൂലമായി മാറിയിരിക്കുകയാണിപ്പോള്‍. എവിടേയും പോകുകയും ആരേയും കാണുകയും ചെയ്യാം. എഐസിസി നേതൃത്വം മുന്‍പൊരിക്കലും ഇത്ര സൂക്ഷ്മമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.