china

ബീജിംഗ്: വിദ്ധ്യാ‌ർത്ഥികൾക്ക് മാനസികവും ശാരീരികവുമായ ആഘാതങ്ങൾ ഉണ്ടാക്കുന്ന സ്കൂൾ ശിക്ഷകൾ നിരോധിച്ച് ചൈന. കഴിഞ്ഞ കുറച്ചുനാളുകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കഠിന ശിക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മരണം വരെ രാജ്യത്ത് സംഭവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്ധ്യാഭ്യാസ മന്ത്രാലയം പുതിയ നിയമങ്ങൾ പുറത്തുവിട്ടത്. ഈ നിയമം തിങ്കളാഴ്ചമുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. വിദ്യാർത്ഥികൾക്കെതിരെയുള്ള ശാരീരിക മാനസിക ശിക്ഷയ്ക്കെതിരെ നിലവിലുള്ള നിരോധനത്തെ ശക്തിപ്പെടുത്തുകയും വിദ്യാത്ഥികളെ അപമാനിക്കുന്ന ശിക്ഷകളും ഇപ്പോൾ നിരോധിച്ചിട്ടുണ്ട്. വാക്കാലുള്ള ദുരുപയോഗം, മണിക്കൂറുകളോളം തറയിൽ നിറുത്തുകയോ മുട്ടുകുത്തിക്കുകയോ ചെയ്യുന്നത്, ശാരീരിക ഉപദ്രവം എന്നീ ശിക്ഷാ നടപടികൾക്ക് ഇപ്പോൾ നിരോധനം ഏ‌‌ർപ്പെടുത്തിയത്. പഠനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷാരൂപത്തിൽ ക്ഷമാപണം എഴുതിക്കുകയോ ക്ലാസ് റൂം ജോലികൾ ചെയ്യിക്കുകയോ മാത്രമേ പാടുള്ളു. ഭീഷണിപ്പെടുത്തൽ പോലുള്ള കൂടുതൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സസ്പെൻഷനോ അല്ലേങ്കിൽ രക്ഷിതാക്കളുടെ അറിവോടെ കൗൺസിലിംഗ് നൽകാനോ പുതിയ നിയമത്തിൽ നി‌ർദ്ദേശിച്ചിട്ടുണ്ട്. ഈ മാനദണ്ഡങ്ങൾ ലംഘിക്കുന്ന അദ്ധ്യാപകർക്ക് എങ്ങനെ ശിക്ഷ ലഭിക്കുമെന്നതിൽ ഇതുവരെ വ്യക്തതയില്ല. അദ്ധ്യാപകരുടെ മർദ്ധനം, സ്കൂളുകളിൽ നിന്നും നേരിടേണ്ടിവരുന്ന അപമാനം എന്നിവ കാരണം ചൈനയിൽ ആത്മഹത്യ ചെയ്യുന്ന കുട്ടികൾ സാധാരണയാണ്. കഴിഞ്ഞ വർഷം 10വയസുകാരി കണക്കിൽ തെറ്റുവരുത്തിയതിന് അദ്ധ്യാപിക തലയിൽ അടിക്കുകയും ഉപദ്രവിക്കുകയും ക്ലാസിൽ അപമാനിക്കുകയും ചെയ്തതിനാൽ പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് പുതിയ നിയമം ചൈന കൊണ്ടുവന്നത്.