cpm

തിരുവനന്തപുരം : കണ്ണൂരിലെ സി.പി.എം. - ആർ.എസ്.എസ് സംഘർഷം തീർക്കുന്നതിനുള്ള സമാധാന ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിച്ചിരുന്നുവെന്ന് സത്സംഘ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ എം വെളിപ്പെടുത്തി. യോഗ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ ഭൂമി അനുവദിച്ചതിനെത്തുടർന്നുള്ള വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു. പ്രമുഖ ഓൺലൈൻ മാദ്ധ്യമത്തിന് അനുഭവിച്ച അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ ശ്രീ എം പറഞ്ഞത്.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കണ്ണൂരിലുണ്ടായ ആർ.എസ്.എസ് - സിപിഎം സഘർഷത്തെതുടർന്ന് കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനു വേണ്ടി രണ്ട് യോഗങ്ങൾ നടത്തിയതായാണ് ശ്രീ എം പറഞ്ഞത്. തിരുവനന്തപുരത്തും കണ്ണൂരുമായി നടന്ന രണ്ട് യോഗങ്ങളിലും പിണറായി വിജയനും മറ്റ് സി.പി.എം നേതാക്കളും ആർ.എസ്.എസ്. നേതാവ് ഗോപാലൻകുട്ടിയും നേതാക്കളും പങ്കെടുത്തിരുന്നു കേരളത്തിന്റെ നന്മയ്ക്കായി ചെയ്ത ഈ നടപടിയിൽ ഒരു തരത്തിലുള്ള രാഷ്ട്രീയ ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു..

സി.പി.എമ്മിലും ആർ.എസ്.എസിലും പരിചയക്കാരുളളതുകൊണ്ടാണ് സമാധാന ശ്രമം നടത്താമെന്ന് വിചാരിച്ചത്. രണ്ടു കൂട്ടരേയും ഒന്നിച്ചിരുത്തിയാലേ ഇതിന് അറുതി വരുത്താനാവുകയുളളു എന്നറിയാമായിരുന്നു. അതുകൊണ്ടാണ് അതിനായി ശ്രമിച്ചത്. അന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ജയരാജനും സമാധാന നീക്കത്തിൽ താത്പര്യം പ്രകടിപ്പിച്ചു. ഡൽഹിയിൽ വച്ച് ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവതും അനുകൂലമായി പ്രതികരിച്ചു. അങ്ങിനെയാണ് കേരളത്തിൽ ഇരു വിഭാഗങ്ങളിലുള്ള നേതാക്കളുമായും ബന്ധപ്പെടുന്നത്. സി.പി.എമ്മിൽ കോടിയേരി ബാലകൃഷ്ണനുമായും ആർ.എസ്.എസിൽ ഗോപാലൻകുട്ടി മാഷുമായും സംസാരിച്ചു. കണ്ണൂരിലെ യോഗത്തിൽ പിണറായിക്ക് പുറമെ പി. ജയരാജനും കോടിയേരിയുമുണ്ടായിരുന്നു. സമാധാനം പുനഃസ്ഥാപിക്കണമെന്ന തീരുമാനത്തോടെയാണ് ആ യോഗം പിരിഞ്ഞത്. കണ്ണൂരിൽ സമാധാനം വന്നത് ഞങ്ങൾ ആഘോഷിച്ചു. സമാധാനശ്രമത്തിന് പിന്നിൽ ഒരു രാഷ്ട്രീയ ലക്ഷ്യവും ഇല്ലായിരുന്നുവെന്നും ശ്രീ എം പറഞ്ഞു

സത്സംഘ് ഫൗണ്ടേഷന് ഭൂമിക്കായി ഒരു മാസം മുമ്പ് അപേക്ഷ നല്‍കിയിരുന്നതായി ശ്രീ എം പറഞ്ഞു. ജനിച്ചു വളര്‍ന്ന ജനിച്ചു വളര്‍ന്ന നാട്ടില്‍ ഒരു യോഗ കേന്ദ്രം വേണമെന്ന ചിന്തയാണ് ഈ അപേക്ഷയിലേക്ക് നയിച്ചത്. വിവാദത്തെക്കുറിച്ചറിഞ്ഞപ്പോൾ ഈ ഭൂമി വേണ്ടെന്നു വെച്ചാലോ എന്നു തോന്നിയതായും അദ്ദേഹം പറഞ്ഞു ഞങ്ങൾ അപേക്ഷിച്ചിട്ട് കിട്ടിയതാണ്. നല്ലൊരു കാര്യത്തിനാണ് ഭൂമി ഉപയോഗിക്കുക. യോഗ സെന്റർ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ശ്രീ എം വ്യക്തമാക്കി.