afridi

ഇന്റർ നാഷണൽ ക്രി​ക്കറ്റ് കൗൺ​സി​ലി​ന്റെ കണക്കി​ൽ മുൻ പാകി​സ്ഥാൻ ആൾറൗണ്ടർ ഷാഹി​ദ് അഫ്രീദി​യുടെ പ്രായം 41 വയസാണ്. ജന്മദിനം മാർച്ച് ഒന്നും. എന്നാൽ 2019ൽ പുറത്തിറങ്ങിയ ആത്മകഥ പ്രകാരം 46 വയസും. എന്നാൽ ഇന്നലെ ജന്മദിനത്തോടനുബന്ധിച്ച് അഫ്രീദിയുടെ ട്വീറ്റ് ഇക്കാര്യത്തിൽ കൂടുതൽ കൺഫ്യൂഷൻ സൃഷ്ടിച്ചിരിക്കുകയാണ്. ട്വീറ്റിൽ അഫ്രീദി പറഞ്ഞിരിക്കുന്നത് തനിക്ക് 44 വയസായെന്നാണ്.

1996 ഒക്ടോബർ നാലിന് തന്റെ അരങ്ങേറ്റ ടൂർണമെന്റായ കെ.സി.എ സെന്റിനറി ടൂർണമെന്റിൽ വെറും 37 പന്തിൽനിന്ന് സെഞ്ച്വറിയടിച്ച് അഫ്രീദി ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡും ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.

18 വർഷങ്ങൾക്ക് ശേഷം ന്യൂസീലൻഡിന്റെ കോറേ ആൻഡേഴ്‌സൺ 36 പന്തിൽ സെഞ്ച്വറി നേടുന്നതുവരെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കാഡ് അഫ്രീദിയുടെ പേരിൽ തന്നെയായിരുന്നു. പിന്നീട് 31 പന്തിൽ നിന്ന് മൂന്നക്കം കടന്ന ഡിവില്ലിയേഴ്‌സ് ഈ റെക്കാഡ് സ്വന്തമാക്കി.

എന്നാൽ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറിയുടെ റെക്കാഡ് ഇപ്പോഴും അഫ്രീദിയുടെ പേരിൽ തന്നെയാണ്. സെഞ്ച്വറി നേടുമ്പോൾ ഐ.സി.സിയുടെ കണക്കനുസരിച്ച് 16 വർഷവും 217 ദിവസവുമായിരുന്നു അഫ്രീദിയുടെ പ്രായം.

എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി അഫ്രീദിയുടെ പ്രായത്തിന്റെ പേരിൽ വാദപ്രതിവാദങ്ങൾ നടക്കുകയാണ്. പക്ഷേ ഇത്തവണ അഫ്രീദിയുടെ ട്വീറ്റ് ആശയക്കുഴപ്പം കൂട്ടി.

'സ്‌നേഹം നിറഞ്ഞ എല്ലാ ആശംസകൾക്കും നന്ദി, ഇന്ന് 44 വയസ് തികയുന്നു. കുടുംബവും, ആരാധകരും സുഹൃത്തുക്കളുമാണ് എന്റെ ഏറ്റവും വലിയ സ്വത്ത്' - എന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്.

ഐ.സി.സിയുടെ കണക്കനുസരിച്ച് അഫ്രീദിയുടെ ജനനം 1980 മാർച്ച് ഒന്നിനാണ്. അങ്ങനെ വരുമ്പോൾ താരത്തിന്റെ പ്രായം 41 ആണ്. താരത്തിന്റെ ആത്മകഥ പ്രകാരം അദ്ദേഹത്തിന്റെ വയസ് 46 ഉം. ട്വീറ്റിൽ പക്ഷേ 44 ആയിട്ടേയുള്ളൂ.

അതേസമയം അരങ്ങേറ്റം കുറിക്കുമ്പോൾ തന്റെ പ്രായം 16 ആയിരുന്നില്ല 19 ആയിരുന്നുവെന്ന് 2019-ൽ അഫ്രീദി തന്നെ വെളിപ്പെടുത്തിയിരുന്നു. അധികൃതർ തന്റെ വയസ് തെറ്റായി രേഖപ്പെടുത്തുകയായിരുന്നുവെന്നും അന്ന് പറഞ്ഞിരുന്നു. ശരിക്കും താൻ ജനിച്ചത് 1975-ൽ ആണെന്നാണ് അഫ്രീദി തന്നെ പറഞ്ഞത്.

ഇതോടെ ഏകദിനത്തിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡ് ഇനിയും അഫ്രീദിയുടെ പേരിൽ തന്നെ വേണോ എന്ന് വിവിധ കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. അഫ്രീദി തന്നെ പറയുന്നത് വെച്ച് നോക്കിയാൽ 1996-ൽ നെയ്‌റോബിയിൽ ശ്രീലങ്കയ്‌ക്കെതിരേ സെഞ്ച്വറി നേടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 16 വർഷവും 217 ദിവസവുമല്ല, മറിച്ച് 19 വർഷവും 217 ദിവസവുമാണ്.