
ഇസ്ലാമാബാദ്: ഈ ആഴ്ച നടക്കാനിരിക്കുന്ന രാജ്യത്തെ പാർലമെന്റ് ഉപസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രഹസ്യബാലറ്റിഗിലൂടെ മതിയെന്ന് പാകിസ്ഥാൻ സുപ്രീംകോടതി വിധിച്ചു. തിരഞ്ഞെടുപ്പ് തുറന്ന ബാലറ്റിലൂടെ നടത്താനുള്ള സർക്കാർ ശ്രമത്തെ അസാധുവാക്കുന്നതാണ് വിധി. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ തിങ്കളാഴ്ച പ്രഖ്യാപിച്ച ഉന്നത കോടതിയുടെ വിധി എല്ലാ തിരഞ്ഞെടുപ്പുകൾക്കും രഹസ്യബാലറ്റ് ആവശ്യമാണെന്ന് രാജ്യത്തിന്റെ ഭരണഘടനയിൽ വ്യക്തമാണെന്നും ഈ പ്രക്രീയയിൽ അഴിമതിയില്ലെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. ഭരണഘടനാ ഭേദഗതിയിലൂടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മാറ്റാൻ ശ്രമിച്ച പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമത്തിന് തിരിച്ചടിയാണ് ഈ വിധി. തിരഞ്ഞെടുപ്പ് സത്യസന്ധമായും നീതിയുക്തമായും ന്യായമായും നിയമപ്രകാരം നടക്കുന്നുണ്ടെന്നും അഴിമതികൾക്കെതിരെ കാവൽ നിൽക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഭരണഘടനാപരമായ കടമ നിറവേറ്റുന്നതിന് സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള എല്ലാ നടപടികളും തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്നും വിധിയിൽ പറയുന്നു. അതേസമയം ബാലറ്റിലെ രഹസ്യ സ്വഭാവം പരിമിതപ്പെടുത്തുന്ന കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നതായി ഇമ്രാൻഖാന്റെ പാർട്ടി അംഗം കൂടിയായ ഇൻഫർമേഷൻ മന്ത്രി ഷിബ്ലി ഫറാസ് അറിയിച്ചു.