udf

കയ്പമംഗലത്തിനും ആറ്റിങ്ങലിനും പകരം വേണം

തിരുവനന്തപുരം: കഴിഞ്ഞ തവണ മത്സരിച്ച കയ്പമംഗലത്തിനും,സംവരണ സീറ്റായ ആറ്റിങ്ങലിനും പകരം യു.ഡി.എഫിനോട് മറ്റ് രണ്ട് സീറ്റുകൾ ചോദിച്ച് ആർ.എസ്.പി. അതേസമയം, മറ്റ് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിന് ബന്ധപ്പെട്ട മണ്ഡലം കമ്മിറ്റികൾ ചേർന്നു തുടങ്ങി. ഇരവിപുരത്ത് ബാബു ദിവാകരനെ സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം സംസ്ഥാന സെന്ററിന് കൈമാറാൻ ഇന്നലെ ചേർന്ന മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ്, മറ്റ് പേരുകളിലേക്ക് കടക്കാതെ യോഗം ഏകകണ്ഠമായി ബാബു ദിവാകരന്റെ പേര് നിർദ്ദേശിച്ചത്. ചവറയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയിൽ നേരത്തേ തന്നെ ഷിബു ബേബിജോണിനെ മത്സരിപ്പിക്കാൻ നേതൃതലത്തിൽ ധാരണയായിരുന്നു. അതിൽ മാറ്റം വേണ്ടെന്നാണ് തീരുമാനം. കുന്നത്തൂരിൽ ഉല്ലാസ് കോവൂരിന്റെ പേര് മണ്ഡലം കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ഐശ്വര്യകേരള യാത്രാ വേളയിൽ പ്രതിപക്ഷനേതാവും ഉല്ലാസ് കോവൂരിന്റെ പേര് പ്രഖ്യാപിച്ചിരുന്നു. നാളത്തെ യു.ഡി.എഫ് യോഗത്തിന് പിന്നാലെ, പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും ചേർന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും..