
ബഗ്ദാദ്: ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പ ഇറാഖിലേക്ക്. ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് പര്യടനം വെള്ളിയാഴ്ച ആരംഭിക്കും. എട്ടു വർഷത്തിനിടെ ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന 33ാം വിദേശ സന്ദർശനമാണിത്. ബഗ്ദാദിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ വിരുന്നോടെയാകും പര്യടനത്തിന് തുടക്കം. പ്രസിഡന്‍റ് ബർഹാം സാലിഹ്, പ്രധാനമന്ത്രി മുസ്തഫ അൽഖാദിമി എന്നിവർ പങ്കെടുക്കും. തുടർന്ന് സീറോ കാതലിക് കത്തീഡ്രലിൽ ബിഷപ്പുമാർ, പാതിരിമാർ എന്നിവരെ കാണും.
കൊവിഡ് വീണ്ടും പിടിമുറുക്കിയ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾക്ക് ഒരിക്കൽകൂടി ആരംഭമായ ഘട്ടത്തിലാണ് സന്ദർശനം. ഇറാഖിലേക്ക് പുറപ്പെടുംമുമ്പ് പോപിന്‍റെ സംഘത്തിലെ എല്ലാവർക്കും കുത്തിവെപ്പ് നൽകും. മൂന്നു ദിവസം സന്ദർശനം നീളും. അടുത്തിടെ തീവ്രവാദി ആക്രമണങ്ങൾക്ക് ശമനമുള്ള രാജ്യത്ത് എത്തുന്ന മാർപാപ്പക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.