
ചെന്നൈ: യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യഎജ്യുക്കേഷണൽ ഫൗണ്ടേഷൻ (യു.എസ്.ഐ.ഇ.എഫ്.) 2022-2023 വർഷത്തിലേക്കുള്ള ഫുൾബ്രൈറ്റ്-നെഹ്രു ഫെലോഷിപ്പുകൾ ഉൾപ്പടെയുളള ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്ക് ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. സാമർത്ഥ്യമുളള ഇന്ത്യൻ വിദ്യാർത്ഥികൾ, ഗവേഷകർ, അദ്ധ്യാപകർ, കലാകാരന്മാർ, എല്ലാ മേഖലയിലുമുളള പ്രൊഫഷണലുകൾ എന്നിവർക്ക് അപേക്ഷിക്കാം.
അമേരിക്കൻ, ഇന്ത്യൻ വിദഗ്ദ്ധരും ഫുൾബ്രൈറ്റ് പൂർവവിദ്യാർത്ഥികളും അടങ്ങുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റികൾ ആർട്സ്, ഹ്യുമാനിറ്റീസ്, സോഷ്യൽസയൻസ്, സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നീ മേഖലകളിലെ ഈ ഫെലോഷിപ്പുകൾ വിദ്യാർത്ഥികൾ, ഗവേഷകർ, അദ്ധ്യാപകർ, നയരൂപകർ, കാര്യനിർവാഹകർ, ഉദ്യോഗസ്ഥർ എന്നിവർക്ക് നൽകും. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും ധനസഹായം നൽകുന്ന ഇത്തരം വിദ്യാഭാസ കൈമാറ്റപദ്ധതികൾ ഫെലോഷിപ്പ് വിജയികളുടെ പാണ്ഡിത്യ, ഗവേഷണ, അദ്ധ്യാപന, തൊഴിൽപര ശേഷി സമ്പന്നമാക്കുന്ന അവസരങ്ങളിലൂടെ ഇന്ത്യയിലെയും അമേരിക്കയിലെയും ജനങ്ങളെ കൂടുതൽ അടുപ്പിക്കാനും സഹായിക്കുന്നു.
യു.എസ്.ഐ.ഇ.എഫ്. നടത്തിവരുന്ന വിദ്യാർത്ഥി കൈമാറ്റങ്ങളിലും, സ്കോളർഷിപ്പ് പ്രോഗ്രാമുകളിലും പങ്കെടുക്കുന്നവർ പാണ്ഡിത്യമേഖലകളിലും ജോലിസ്‌ഥലങ്ങളിലും ശക്തമായ നേതൃത്വപാടവം പ്രകടിപ്പിക്കുന്നവരാണ്. ഫുൾബ്രൈറ്റ്-നെഹ്രു മാസ്‌റ്റേഴ്‌സ് ഫെലോ ഗൗതമൻ രംഗനാഥൻ പറയുന്നു: “യു. എസ്., ഇന്ത്യൻ സർക്കാരുകളുടെ ഉദാരമായ പിന്തുണ യുണൈറ്റഡ് സ്റ്റേറ്റ്സിൽ എന്റെ എൽ.എൽ.എം. തുടരാൻ എന്നെ സഹായിച്ചു. ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലുള്ള പഠനകാലം എന്റെ ജീവിതത്തെ മാറ്റിമറിച്ചു. മികച്ച ക്ലാസുകൾക്കും ലോ സ്കൂളിലെ ഗവേഷണ വിഭാഗത്തിലുമുള്ള പ്രവർത്തനങ്ങൾക്കും പുറമേ, ചരിത്രവും സർക്കാരുമായും ബന്ധപ്പെട്ട കോഴ്സുകൾ എടുത്തത് നിയമത്തെക്കുറിച്ചുളള എന്റെ കാഴ്ചപ്പാടുകൾ വിശാലമാക്കി.”
പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷണം നടത്തുന്ന ആകാശ് വർമ്മ കടൽ വെള്ളം ശുദ്ധീകരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന പഠനം നടത്താനാണ് ഫുൾബ്രൈറ്റ്-നെഹ്രു ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പ് വിനിയോഗിച്ചത്. “യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഉയർന്ന നിലവാരമുള്ള ഗവേഷണവും, വിദ്യാഭാസത്തിനുള്ള അടിസ്ഥാനസൗകര്യവും എഞ്ചിനീയറിംഗ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആഗോളതലത്തിലുള്ള അവബോധം നേടാൻ എന്നെ സഹായിച്ചു,” ആകാശ് വർമ്മ പറയുന്നു.
ഫുൾബ്രൈറ്റ്-നെഹ്രു അക്കാദമിക്, പ്രൊഫഷണൽ എക്സലൻസ് ഗവേഷകൻ ആബിദ് ബന്ദെ ശരീരത്തിലെആന്റി ബോഡികളെ മരുന്ന് വാഹകരായി ഉപയോഗിച്ച് കാൻസർ കോശങ്ങളെ ലക്ഷ്യം വച്ച് നടത്താവുന്ന കീമോതെറാപ്പിക്ക് പുതിയ മാർഗങ്ങൾ പഠിക്കാനാണ് തന്റെ ഫെലോഷിപ്പ് ഉപയോഗിച്ചത്. “ആഗോള പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്ന സഹപ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ ഇത് സഹായിക്കും. വ്യക്തിപരമായി, അമേരിക്കയിലെ പ്രാദേശിക സമൂഹവുമായുള്ള ഇടപെടലുകൾ ഈ ലോകത്തെ മികച്ചതാക്കി മാറ്റാൻ എനിക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് മനസിലാക്കാൻ സഹായിച്ചു.”
ഈ വർഷം, ഫുൾബ്രൈറ്റ് വിജയികളും പങ്കാളികളും സുഹൃത്തുക്കളും ഫുൾബ്രൈറ്റ് പ്രോഗ്രാമിന്റെ എഴുപത്തിയഞ്ചാം വാർഷികവും, അതിലൂടെ ശാശ്വതമായ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും തെറ്റിദ്ധാരണകൾ തടയുന്നതിനും പൊതു ലക്ഷ്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ ആളുകളെയും രാജ്യങ്ങളെയും സഹായിക്കാനുമുള്ള ഫുൾബ്രൈറ്റ് പ്രോഗ്രാമിന്റെ ദൗത്യത്തെയും ആഘോഷിക്കുന്നു. “ഒരൽപ്പം കൂടി അറിവ്, ഒരൽപ്പംകൂടി യുക്തി, ഒരൽപ്പം കൂടി സഹാനുഭൂതി” എന്നിവ കൊണ്ടുവരുന്നതിലൂടെ “രാജ്യങ്ങൾ തമ്മിൽ സമാധാനത്തിലും സൗഹൃദത്തിലും ജീവിക്കാനുളള സാദ്ധ്യത” കൂട്ടാനുള്ള സെനറ്റർ ജെ. വില്ല്യംഫുൾബ്രൈറ്റിൻറെ ഉദ്ദേശ്യത്തോടുളള പ്രതിജ്ഞാബദ്ധതയാണ് യു.എസ്.ഐ.ഇ.എഫ്. ഈ ആഘോഷത്തിലൂടെ പുതുക്കുന്നത്.
ഒരു സാംസ്കാരിക അംബാസഡറായി നിങ്ങളുടെ രാജ്യത്തെ അമേരിക്കയിൽ പ്രതിനിധീകരിക്കുന്നതിനും ഈ അവസരം നേരിട്ട് അനുഭവിക്കുന്നതിനും നിങ്ങൾ അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന ആരെങ്കിലും ഒരു നല്ല അപേക്ഷകനാണെങ്കിൽ ഈ അവസരം പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.usief.org.in, അപേക്ഷകർക്കുളള സംശയങ്ങൾ ip@usief.org.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുകയും ചെയ്യാം.