police

കോട്ടയം: വിശപ്പ് സഹിക്കാതെ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിന് രക്ഷകരായി പൊലീസും അഗ്നിരക്ഷാ സേനയും. കോതമംഗലം മാമലക്കണ്ടം സ്വദേശി അരുൺ കുമാറാണ് (27) ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

മെഡിക്കൽ കോളജ് കപ്പേള ജംഗ്ഷന് സമീപത്തെ ടവറിൽ 40 അടിയോളം ഉയരത്തിൽ യുവാവ് കയറിയതായി അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥൻ പറഞ്ഞു. ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ പൊലീസ് അഗ്നി രക്ഷാസേനയെ വിളിക്കുകയായിരുന്നു.ദിവസങ്ങളായി പണിയില്ലെന്നും, പട്ടിണിയാണെന്നുമാണ് അരുൺ പറഞ്ഞത്.

പൊലീസ് ഉദ്യോഗസ്ഥർ ഇയാളോട് താഴെയിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഉപദ്രവിക്കില്ലെന്ന് ഉറപ്പുനൽകണമെന്ന് യുവാവ് പറഞ്ഞു. താഴെയിറങ്ങിയ ശേഷം സമീപത്തെ ഹോട്ടലിൽ എത്തിച്ചു പൊലീസും അഗ്നിരക്ഷാ സേനയും ഭക്ഷണം വാങ്ങി നൽകി. യുവാവിന് മാനോവൈകല്യമുണ്ടെന്നാണ് സൂചന.