jyothikumar

തിരുവനന്തപുരം: പെട്രോൾ-പാചകവാതക വിലവർദ്ധന കേവലം വിലവർദ്ധനയല്ല കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പകൽകൊള‌ളയാണെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. സമസ്‌ത മേഖലയിലും വിലവർദ്ധനവ് അനുഭവപ്പെടുകയാണ്. അവശ്യസാധനങ്ങളുടെ വിലപോലും കുതിച്ചുയരുകയാണെന്നും കൊവിഡും ലോക്‌ഡൗണും മൂലം തകർന്ന ജനതയ്‌ക്ക് ഇത് താങ്ങാവുന്നതിനും അപ്പുറമാണെന്ന് ഫേസ്‌ബുക്കിൽ കുറിച്ച പോസ്‌റ്റിൽ ജ്യോതികുമാർ ചാമക്കാല ചൂണ്ടിക്കാട്ടി.

പെട്രോൾ വില 100നോടടുക്കുകയാണ്. പാചകവാതക വില 1000നടുക്കുകയാണ്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പെട്രോൾ വില വർദ്ധനക്കെതിരെ കാളവണ്ടിയും വലിച്ച് നടന്ന ബിജെപി നേതാക്കൾ എവിടെയാണെന്നും പ്രധാനമന്ത്രി മോദിയും ബിജെപി നേതാക്കളും ദന്തഗോപുരത്തിൽ ഇരുന്ന് വിഡ്‌ഢിത്തം വിളമ്പുകയാണെന്നും ചാമക്കാല പറഞ്ഞു. ഇന്ധന നികുതി ഇളവ് കേരളത്തിൽ നടപ്പാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞതിലൂടെ കേരള-കേന്ദ്ര സർക്കാരിന്റെ നിലപാടിന്റെ സാദൃശ്യം കാണാതെ പോകരുതെന്നും പോസ്‌റ്റിൽ പറയുന്നു.

ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:

കേവലം വിലവർധനവല്ല ; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പകൽക്കൊള്ളയാണ് നാം കാണുന്നത്.

മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പെട്രോൾ വിലവർദ്ധവനവിനെതിരെ കാളവണ്ടിയും വലിച്ചുകൊണ്ടു നടന്ന ബിജെപി നേതാക്കളൊക്കെ ഇപ്പോൾ എവിടെയാണ് ? പെട്രോൾ വില നൂറിനോടടുക്കുമ്പോൾ സാധാരണക്കാരന്റെ ജീവിത ബജറ്റ് താളം തെറ്റുകയാണ്.

പ്രീമിയം പെട്രോൾ 100 കടന്നു, പാചക വാതക സിലിണ്ടറുകളുടെ വില ആയിരത്തോട് അടുക്കുന്നു, ഇതിനോട് അനുബന്ധിച്ച് സമസ്ത മേഖലയിലും വിലവർധനവ് അനുഭവപ്പെടുന്നു. അവശ്യ സാധനങ്ങളുടെ വില പോലും കുതിച്ചുയരുന്നു. കോവിടും ലോക്‌ഡൗണും കാരണം സാമ്പത്തികമായി തളർന്നു നിന്ന ഒരു ജനതക്ക് ഈ വിലക്കയറ്റം താങ്ങാനാവുന്നതിലും അപ്പുറമാണ്. ഇതെലാം നടക്കുമ്പോൾ പ്രധാന മന്ത്രിയും ബിജെപി നേതാക്കളും ദന്തഗോപുരങ്ങളിൽ ഇരുന്നു വിഡ്ഢിത്തങ്ങൾ വിളമ്പുന്നു. നമ്മുടെ രാജ്യത്തിന്റെ പൊതുചിത്രം ഇതാണ്.

ഈ മാസം മാത്രം പതിനാറു തവണയാണ് പെട്രോൾ, ഡീസൽ വിലകൾ കേന്ദ്ര സർക്കാർ ഉയർത്തുന്നത്, ഡൽഹിയിൽ ഇരുന്ന് ദിനവും മൻ കി ബാത്തും , വികാര പ്രസംഗങ്ങളും നടത്തുന്ന പ്രധാനമന്ത്രിക്ക് പക്ഷെ ഇന്ധന വിലവർധനയുടെ കാര്യം ചോദിച്ചാൽ ഒന്നും പറയാനില്ല, അല്ലെങ്കിലും ആരോട് ചോദിയ്ക്കാൻ ആര് പറയാൻ ? സാധാരണ ജനങ്ങളെ സംബന്ധിക്കുന്ന എന്ത് വിഷയത്തെ കുറിച്ചാണ് നമ്മുടെ പ്രധാന മന്ത്രി മൊഴിഞ്ഞിട്ടുള്ളത് ?

കേന്ദ്രത്തിൽ നിന്ന് ഇത്രയും ജനദ്രോഹപരമായ തീരുമാനങ്ങൾ വരുമ്പോൾ അതിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ എന്ത് ചെയ്തു എന്നുള്ളതും ചോദ്യമാണ്. ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന ഇന്ധന വിലവർധനയ്ക്കെതിരെ എന്ത് സമീപനമാണ് കേരള സർക്കാർ എടുത്തിട്ടുള്ളത് ? സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന മൂല്യവർധിത നികുതി അഥവാ വാറ്റ് കുറയ്ക്കാൻ പിണറായി സർക്കാരിന് ആർജവം ഇല്ലാത്തത് എന്തുകൊണ്ടാണ്?

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ ജനങ്ങളുടെ താല്പര്യം കണക്കിലെടുത്തു വാറ്റിൽ 2 % ഇളവ് വരുത്തുന്നതതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട് പ്രഖ്യാപിച്ചിരുന്നു. അത്തരത്തിൽ ഒരു തീരുമാനം കൈക്കൊള്ളാൻ കേരളത്തിലെ സർക്കാരിന് സാധിക്കാത്തതെന്തേ? ഇന്ധന നികുതി ഇളവ് കേരളത്തിൽ നടപ്പാക്കാനാവില്ലന്നു ധന മന്ത്രി തോമസ് ഐസക് പറഞ്ഞ സാഹചര്യത്തിൽ കേരളം സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും നിലപാടുകളിലെ സാദൃശ്യം ആരും കാണാതെ പോകരുത്.

ജനങ്ങളെ ദുരിതത്തിലാക്കുന്നു ഇന്ധന വിലവർധനത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ തുടർന്നും കോൺഗ്രസും യു ഡി എഫും നടത്തും.

കേവലം വിലവർധനവല്ല ; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പകൽക്കൊള്ളയാണ് നാം കാണുന്നത്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന...

Posted by Jyothikumar Chamakkala on Monday, 1 March 2021