
തിരുവനന്തപുരം: ഡൽഹിയിൽ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ നിയോഗിച്ചിരുന്ന സർക്കാർ പ്രതിനിധി ഡോ.എ സമ്പത്ത് തൽസ്ഥാനം രാജി വച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ, സംസ്ഥാന സർക്കാരിന്റെ കാലാവധി അവസാനിച്ചതിനാലാണ് രാജിയെന്ന് സമ്പത്തിന്റെ ഓഫീസ് അറിയിച്ചു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ സമ്പത്തിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചേക്കുമെന്നറിയുന്നു.
ആറ്റിങ്ങൽ മുൻ എം.പിയായ എ. സമ്പത്ത് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ഡൽഹിയിലെ ചുമതല ഏറ്റെടുത്തത്. 2018 ലെ പ്രളയത്തെത്തുടർന്ന് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായപ്പോഴാണ് കാബിനറ്റ് റാങ്കോടെ സമ്പത്തിനെ നിയമിച്ചത്. കേരള ഹൗസിലായിരുന്നു ഓഫീസ്. രാജിക്കത്ത് ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറി.