
വാഷിംഗ്‌ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും അധികാരമൊഴിയും മുൻപ് തന്നെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. ജനുവരി 20നായിരുന്നു ട്രംപ് അധികാരമൊഴിഞ്ഞത്. അതിനുമുൻപ് തന്നെ വാക്‌സിൻ സ്വീകരിച്ചെന്നാണ് അദ്ദേഹത്തിന്റെ അന്നത്തെ ഉപദേഷ്‌ടാവ് വെളിപ്പെടുത്തുന്നത്. എന്നാൽ ഏത് വാക്‌സിനാണ് ഇരുവരും സ്വീകരിച്ചത് എന്ന് വ്യക്തമായിട്ടില്ല. മാത്രമല്ല ഫ്ളോറിഡയിൽ ഒരു യോഗത്തിൽ പങ്കെടുക്കവെ എല്ലാവരോടും കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ ട്രംപ് ആഹ്വാനം ചെയ്യുകയും ചെയ്‌തിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ബഹളങ്ങൾക്കിടെ വാക്‌സിൻ വിരുദ്ധ ക്യാമ്പെയിനിന് ഊർജ്ജം പകർന്നു നൽകിയയാളാണ് ഡൊണാൾഡ് ട്രംപ്. വാക്‌സിനുകൾ കുട്ടികൾക്ക് അപകടകരമാകാമെന്നും ഓട്ടിസത്തിന് കാരണമായേക്കാമെന്നുവരെ ട്രംപ് അന്ന് പ്രസംഗിച്ചു. ഇതിനിടെ ട്രംപിനും ഭാര്യ മെലാനിയയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും വൈകാതെ സുഖപ്പെട്ടു.
പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും കൊവിഡ് വാക്‌സിൻ പരസ്യമായിത്തന്നെ സ്വീകരിച്ചിരുന്നു. അമേരിക്കൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളെ തുടർന്ന് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ്. തെറ്റായ വിവരങ്ങൾ നൽകി ആശയകുഴപ്പങ്ങൾ സൃഷ്‌ടിച്ചതായിരുന്നു കാരണം.