
സിനിമയിലെത്തിയ പതിനഞ്ച് വർഷങ്ങൾ. ഒരു കലാകാരിയെ സംബന്ധിച്ച് ഇതൊരു വലിയ കാലയളവ് തന്നെയാണ്. പക്ഷേ കൃഷ്ണപ്രഭയ്ക്ക് ഇത് തുടക്കമെന്ന് പറയാനാണിഷ്ടം. ഏറെ അഭിനന്ദനങ്ങളും കൈയടികളും നേടിക്കൊടുത്ത മേരിയെ അവതരിപ്പിച്ച സന്തോഷത്തിലാണ് താരം. സ്വയം അടയാളപ്പെടുത്താൻ ഇത്രയും വർഷങ്ങൾ വേണ്ടിവന്നുവെന്ന് പറയുമ്പോഴും തന്റെ ഒന്നരപതിറ്റാണ്ടിന്റെ സിനിമായാത്രയിൽ ചെറിയ വേഷങ്ങളായിരുന്നു കൂട്ടിനുണ്ടായിരുന്നതെന്ന് അവർ ഓർക്കുന്നു. പക്ഷേ, അതിലൊന്നും തെല്ലും പരിഭവം കൃഷ്ണയ്ക്കില്ല. മികച്ച വേഷം കിട്ടിയാൽ ചെറിയ സീനാണേൽ പോലും അടിപൊളിയാക്കാമെന്ന് മേരിയിലൂടെ തെളിയിക്കാൻ കൃഷ്ണപ്രഭയ്ക്ക് കഴിഞ്ഞു. വിശേഷങ്ങളിലേക്ക്.
' ദൃശ്യം 2 എന്നും ഓർക്കാൻ കഴിയുന്ന സന്തോഷമാണ്. പ്രേക്ഷകരെ പോലെ ഞാനും ഏറെ കാത്തിരുന്ന ഒരു സിനിമയാണ്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമാണ്. ഒരിക്കലും കരുതിയിരുന്നതല്ല ഇങ്ങനെയൊരു വേഷം തേടി വരുമെന്ന്. സ്വാഭാവികമായും ദൃശ്യത്തിന്റെ ആദ്യ പതിപ്പിൽ ഇല്ലാത്തതുകൊണ്ടു തന്നെ വിദൂര സ്വപ്നങ്ങളിൽ പോലും അങ്ങനെയൊരു മോഹം എനിക്കുണ്ടായിരുന്നില്ല. ചില കാര്യങ്ങൾ അങ്ങനെയാണ്, ഓർക്കാപ്പുറത്താണ് നമ്മളെ തേടി വരിക. അങ്ങനയൊന്നായിരുന്നു എനിക്ക് ദൃശ്യം 2. എപ്പോഴേലും സ്ഥിരം കഥാപാത്രങ്ങളിൽ നിന്നൊന്ന് മാറി ചെയ്യണം എന്നൊരാഗ്രഹം കുറേ നാളായിട്ടുണ്ടായിരുന്നു. മനസിൽ അങ്ങനെയൊരു മോഹം കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി. അത് പക്ഷേ തേടിയെത്തിയത് ഒട്ടും പ്രതീക്ഷിക്കാതെയായതുകൊണ്ട് തന്നെ സന്തോഷം ഒത്തിരി വലുതാണ്."

ശരിക്കും സർപ്രൈസായിരുന്നു
മേരി എന്ന കഥാപാത്രത്തെയാണ് ഞാൻ ദൃശ്യം 2ൽ അവതരിപ്പിച്ചത്. ജീത്തുസാർ നേരിട്ട് വിളിച്ചാണ് കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്. രണ്ട് സീനേയുള്ളൂ, കൃഷ്ണയ്ക്ക് ചെയ്യാൻ പറ്റുമോയെന്നായിരുന്നു ചോദിച്ചത്. സിനിമയിലേക്ക് ക്ഷണിച്ചപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ജീത്തുസാറിന്റെ സിനിമ, ലാലേട്ടന്റെ സിനിമ, പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമ ഇതൊക്കെയാണ് എന്റെ മനസിലൂടെ ആ സമയത്ത് കടന്ന് പോയത്. കഥാപാത്രത്തിന്റെ വലിപ്പത്തെ കുറിച്ചൊന്നും ചിന്തിക്കാൻ നിന്നില്ല. പ്രൊഡക്ഷൻ കൺട്രോളർ വിളിച്ച് ഡേറ്റിന്റെ കാര്യം പറഞ്ഞപ്പോഴാണ് ശരിക്കും ഞാൻ ഞെട്ടിയത്. അതുവരെ സിനിമയല്ലേ, വേഷം മാറിപ്പോകോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങൾ മുമ്പും ഒരുപാട് ഉണ്ടായിട്ടുണ്ട്. കഥയൊക്കെ കേൾക്കും പക്ഷേ ഷൂട്ട് തുടങ്ങുമ്പോൾ നമ്മളുണ്ടാകില്ല. അതുകൊണ്ട് തന്നെ ഞാൻ ഈ കാര്യം ആദ്യം ആരോടും പറഞ്ഞില്ല. കൊവിഡ് ടെസ്റ്റൊക്കെ നടത്തി ഷൂട്ട് തുടങ്ങിയ ശേഷമാണ് എല്ലാവരോടും പറയുന്നത്. പടം കണ്ട് കഴിഞ്ഞപ്പോഴാണ് രണ്ട് സീനേയുള്ളൂവെങ്കിലും പ്രധാനപ്പെട്ട വേഷമായിരുന്നുവെന്ന് മനസിലായത്. എന്തായാലും മേരിയെ എനിക്കും ഇഷ്ടമായി. ലൈഫ് ഓഫ് ജോസൂട്ടിയിലാണ് ഞാൻ ആദ്യമായി ജീത്തുസാറിന്റെ സിനിമയിൽ അഭിനയിക്കുന്നത്. അന്ന് മുതൽ അദ്ദേഹവുമായി ബന്ധമുണ്ട്. ഇടയ്ക്കെല്ലാം വിളിക്കും. പക്ഷേ, ദൃശ്യം 2 ലെ മേരി എനിക്ക് ശരിക്കും സർപ്രൈസിംഗായിരുന്നു. ഒത്തിരി അഭിനന്ദനങ്ങൾ കിട്ടിയ കഥാപാത്രമാണ്.
എന്നെന്നും ഓർക്കാൻ പറ്റിയ വേഷം
സിനിമയിലെത്തിയിട്ട് 15 വർഷമായി. ചെറിയ ചെറിയ വേഷങ്ങളായിരുന്നു ഇതുവരെയും കിട്ടിയിരുന്നത്. പക്ഷേ, അതിലൊന്നും പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല. കിട്ടുന്നതെല്ലാം ബോണസ് എന്ന് കരുതുന്ന ആളാണ് ഞാൻ. നല്ല ടീമിനൊപ്പം വർക്ക് ചെയ്യാനാണ് എല്ലാ കാലത്തും ആഗ്രഹിച്ചിരുന്നത്. ആ കാര്യത്തിൽ ഭാഗ്യവതിയാണ്. ഇതുവരെ ചെയ്തതെല്ലാം നല്ല ടീമിനൊപ്പമാണ്. എല്ലാം അറിയപ്പെടുന്ന ആൾക്കാർക്കൊപ്പം തന്നെയാണ്. അതൊരു വലിയ എക്സ്പീരിയൻസാണ്. അവരിൽ നിന്നൊക്കെ ഒരുപാട് പഠിക്കാനുണ്ട്. പിന്നെ കിട്ടിയ വേഷങ്ങളെല്ലാം ഒരേ ട്രാക്കാണെന്ന് തോന്നിയിട്ടുണ്ട്. എന്നാലും കിട്ടുന്ന വേഷങ്ങളിൽ സന്തോഷം കണ്ടെത്താൻ ഞാൻ ശ്രമിച്ചിരുന്നു. എല്ലാത്തിനും ഓരോ സമയമുണ്ടെന്ന് പറയാറില്ലേ. അതിലാണ് ഞാനും വിശ്വസിക്കുന്നത്. എന്റെ സമയം ഇതാണ്. ഞാനുമൊരു കാരക്ടർ ആർട്ടിസ്റ്റാണെന്ന് തെളിയിക്കാൻ പറ്റിയത് ഇപ്പോഴാണ്. ജീത്തു സാറിനോടാണ് അതിന് നന്ദി പറയുന്നത്, നല്ലൊരു സിനിമയുടെ ഭാഗമാകാൻ പറ്റിയതിന്, എന്നെന്നും ഓർക്കാൻ പറ്റുന്ന സിനിമയിലേക്ക് വിളിച്ചതിന്, നല്ലൊരു കഥാപാത്രത്തെ സമ്മാനിച്ചതിന്. എനിക്ക് പോലും സംശയമായിരുന്നു എന്നെ കൊണ്ട് പറ്റുമോയെന്ന്. എന്റെ കരച്ചിലൊക്കെ ബോറാകോയെന്ന് പേടിച്ചിരുന്നു. പക്ഷേ അദ്ദേഹം തന്ന പിന്തുണയിലാണ് ചെയ്യാൻ പറ്റിയത്.

അവരൊക്കെയാണ് എന്റെ പുസ്തകങ്ങൾ
ഹ്യൂമറും കാരക്ടർ റോളും ചെയ്ത് വിജയിപ്പിക്കാൻ പറ്റിയിട്ടുണ്ട്. അഭിനേത്രി എന്ന നിലയിൽ അത് സന്തോഷം തന്നെയാണ്. എല്ലാവരും ആഗ്രഹിക്കുന്ന പോലെ വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്യാനാണ് ആഗ്രഹം. പക്ഷേ അതെപ്പോഴും എല്ലാവർക്കും നടക്കണമെന്നില്ല. ചെറുപ്പം മുതലേയുള്ള ആഗ്രഹത്തിന്റെ പുറത്ത് സിനിമയിലെത്തിയ ആളാണ്. പതിനഞ്ചാം വർഷമാണ് കരിയർ ബ്രേക്കായ കഥാപാത്രം കിട്ടുന്നത്. വർക്ക് ഷോപ്പുകളിലൊന്നും പങ്കെടുക്കുകയോ അഭിയനം പഠിക്കുകയോ ഒന്നും ചെയ്തിട്ടില്ല. സിനിമകൾ കുത്തിയിരുന്ന് കണ്ട് തനിയെ പഠിച്ചെടുത്ത അഭിനയമാണ് എന്റേത്. കെ.പി.എ.സി ലളിതചേച്ചിയെയും സുകുമാരിയമ്മയെയും കൽപ്പനചേച്ചിയെയുമൊക്കെയാണ് ഞാൻ എന്റെ ഗുരുക്കന്മാരായി കാണുന്നത്. അവരെ നല്ലതുപോലെ ശ്രദ്ധിക്കാറുണ്ട്. പിന്നെ സമയത്തിലും വിശ്വസിക്കുന്നു. മികച്ച കഥാപാത്രങ്ങളും ഭാഗ്യവും സമയവുമൊക്കെ ഒന്നിച്ചു വരുമ്പോഴാണ് നമ്മളും ശ്രദ്ധിക്കപ്പെടുക. എല്ലാം കൂടി ഒത്തു വന്നത് കൊണ്ടാണ് ദൃശ്യം 2. മേരി എന്ന കഥാപാത്രം എനിക്ക് സേഫ് തന്നെയായിരുന്നു. എല്ലാ സിനിമയിലും കരഞ്ഞു കാണിച്ചാൽ ഏൽക്കണമെന്നില്ല. പക്ഷേ ദൃശ്യം പോലൊരു വലിയ സിനിമയിൽ വേഷം കിട്ടിയത് കൊണ്ടാണ് ഇത്രയും വലിയ ശ്രദ്ധ കിട്ടിയത്. ഇതിന് മുമ്പ് സത്യൻ അന്തിക്കാട് സാറിന്റെ 'ഒരു ഇന്ത്യൻ പ്രണയകഥ"യിലാണ് വ്യത്യസ്തമായ ഒരു റോൾ ചെയ്തിട്ടുള്ളത്.

സ്റ്റേജ് ആർട്ടിസ്റ്റാണ്
ഞാനൊരു സ്റ്റേജ് ആർട്ടിസ്റ്റാണ്. ഡാൻസും പാട്ടും സ്കിറ്റുമൊക്കെയാണ് എന്റെ തട്ടകങ്ങൾ. ചെറുപ്പം മുതലേ അഭിനയത്തോട് വലിയ പാഷനായിരുന്നു. ആ മോഹം കൊണ്ടാണ് സിനിമയിലെത്തിയത്. യൂത്ത് ഫെസ്റ്റിവലുകളിലൊക്കെ സജീവമായിരുന്നു. ഇപ്പോഴും ഡാൻസ് വിട്ടിട്ടില്ല. ഭരതനാട്യം കൂടെ തന്നെയുണ്ട്. പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. പനമ്പള്ളി നഗറിൽ ജൈനിക സ്കൂൾ ഓഫ് ആർട്സ് എന്നൊരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. മമ്മൂക്കയായിരുന്നു രണ്ട് വർഷം മുമ്പ് ഉദ്ഘാടനം നടത്തിയത്. നൃത്തവും അഭിനയവും തന്നെയാണ് എന്റെ ശ്വാസം. മറ്റൊരു ജോലിയെ കുറിച്ചും ഇതുവരെ ആലോചിച്ചിട്ടു പോലുമില്ല. മനസിന് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യണമെന്നല്ലേ. എന്റെ സന്തോഷം ഇതൊക്കെയാണ്.
എപ്പോഴും കൂളായിട്ടിരിക്കാനാണ് ഇഷ്ടം. യാത്രകളാണ് അതിന് സഹായിക്കുന്നത്. ഒരുപാട് യാത്രകൾ നടത്താറുണ്ട്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമാണ് യാത്രകളധികവും. നാട്ടിലും പുറത്തുമൊക്കെയായി വിവിധ സ്ഥലങ്ങൾ കാണാനും ഓരോ നാട്ടിലെയും രുചികൾ അറിയാനുമൊക്കെ ഇഷ്ടമാണ്. സന്തോഷത്തോടെയിരിക്കാനും റിഫ്രഷ് ആകാനും യാത്രകൾ സഹായിക്കും. പിന്നെ ഓരോ യാത്രയും ഓരോ അനുഭവമല്ലേ സമ്മാനിക്കുക. മേരി ശ്രദ്ധിക്കപ്പെട്ടതോടെ പുതിയ കഥകളൊക്കെ തേടി വരുന്നുണ്ട്. അതിന്റെ സന്തോഷവും ചെറുതല്ല. നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നത് ഏതൊരു ആർട്ടിസ്റ്റിനെ പോലെ എന്റെയും ആഗ്രഹമാണ്. അതിൽ ചെറുതും വലുതും ഒന്നും ഞാൻ നോക്കാറില്ല.
എന്തായാലും ആഗ്രഹിച്ച കാര്യങ്ങളൊക്കെ ഇപ്പോൾ എന്നെ തേടിയെത്തുന്നുണ്ട്. പത്രക്കാരും ചാനലുകാരുമൊക്കെ വിളിക്കുന്നു, എന്റെ ഫോട്ടോ മാഗസിനുകൾക്ക് മുഖചിത്രമാകുന്നു. ഇതൊക്കെ പണ്ടെന്നോ മനസിൽ കൊണ്ട് നടന്നിരുന്ന സ്വപ്നങ്ങളാണ്. മേരിയാണ് ഇപ്പോൾ ആ ഭാഗ്യമൊക്കെ എന്നിലേക്ക് എത്തിച്ചത്.
ഒ.ടി.ടിക്ക് ഗുണമുണ്ട്
ഒ.ടി.ടി റിലീസ് ചെയ്തത് ഒരു തരത്തിൽ നന്നായെന്ന് പറയാനാണിഷ്ടം. ലോകം മുഴുവനുള്ള എത്രയോ പ്രേക്ഷകർ കണ്ടു. അതിൽ പല ഭാഷക്കാരും പല പ്രായത്തിലുള്ള ആൾക്കാരുമുണ്ട്. യു.എസിലും യു.കെയിലുമൊക്കെ പ്രോഗ്രാമിന് പോയി സുഹൃത്തുക്കളായ കുറേ പേർ ഉണ്ട്. അവരൊക്കെ വിളിച്ചിട്ട് സന്തോഷം പറഞ്ഞു. പൊതുവേ ഇവിടെ റിലീസായി കഥയും ക്ലൈമാക്സുമെല്ലാം അറിഞ്ഞ ശേഷമായിരിക്കും അവിടെ തീയേറ്ററിലെത്തുക. പിന്നെ സിനിമ കാണുമ്പോൾ പുതുമ തോന്നാറില്ലെന്നും അവർ പറയാറുണ്ട്. ആ വിഷമം പലർക്കും മാറി കിട്ടിയത് ഒ.ടി.ടി റിലീസായതു കൊണ്ടാണ്. ദൃശ്യം 2 എല്ലാവരും ഒരുപോലെ കണ്ടതിൽ സന്തോഷമുണ്ട്.