ആറുവർഷത്തെ ഇടവേള കഴിഞ്ഞു ഗൗതമി നായർ വീണ്ടും അഭിനയരംഗത്തേക്ക്

gauthami

മലയാളിത്തമുള്ള നായികാമുഖങ്ങൾ കാണാനില്ലാത്ത സമയത്താണ് വിടർന്ന കണ്ണുകളുമായി 2012 ൽ ദുൽഖർ സൽമാന്റെ നായികയായി സെക്കൻഡ്‌ഷോയിലൂടെ ഗൗതമി നായർ വെള്ളിവെളിച്ചത്തിലേക്ക് കടന്നു വരുന്നത്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർ ഈ നടിയെ ശ്രദ്ധിച്ചു. ലാൽജോസ് സിനിമ ഡയമണ്ട് നെക്‌ലസിൽ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയപ്പോൾ പ്രേക്ഷകർ കൂടുതൽ സ്‌നേഹിച്ചു. ലക്ഷ്മി എന്ന തമിഴ് നഴ്‌സിന്റെ വേഷത്തിൽ ഗൗതമി എത്തിയപ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. കട്ടുറുമ്പ് പോലെയുള്ള ലക്ഷ്മിയുടെ കഥാപത്രപാത്രത്തെ ഉൾകൊള്ളുന്നതിനൊപ്പം ഗൗതമിയെയും മലയാളി പ്രേക്ഷകർ ഏറ്റെടുത്തു. തന്റെ ആദ്യ സിനിമ സെക്കന്റ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെ വിവാഹം ചെയ്തശേഷം ഗൗതമി സിനിമ മേഖലയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.

ഇപ്പോഴിതാ ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗൗതമി വീണ്ടും സിനിമയിൽ സജീവമാവാൻ ഒരുങ്ങുകയാണ്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്. മഞ്ജു വാര്യരും ജയസൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഗൗതമി സുപ്രധാന വേഷത്തിലാണ് എത്തുന്നത്. ''ഇത് തന്റെ രണ്ടാം വരവാണ്. ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യാൻ ഒരുങ്ങുന്നു. ഒരുവിധത്തിൽ പറഞ്ഞാൽ ഇതെന്റെ അഭിനയ യാത്രയുടെ രണ്ടാം ഇന്നിംഗ്‌സാണ്. അതും ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഇതിഹാസം മഞ്ജു വാര്യർക്കൊപ്പം. അതാണ് ഈ രണ്ടാം തുടക്കത്തിൽ ഏറ്റവും വലിയ സന്തോഷം. ഞാൻ ഏറെ ആകാംക്ഷയിലാണ് .'' രണ്ടാം വരവിനെ കുറിച്ചു ഗൗതമി പറഞ്ഞു.

വിവാഹശേഷം ഗൗതമി സൈക്കോളജിയിൽ പിഎച്ച് ഡി ചെയ്യുകയായിരുന്നു. ഇതിനിടയിൽ വൃത്തം എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. 2016ൽ ക്യാമ്പസ് ഡയറിയിലാണ് ഗൗതമി ഒടുവിൽ അഭിനയിച്ചത്.റേഡിയോ ജോക്കിയുടെ കഥ പറയുന്ന മേരി ആവാസ് സുനോയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമിക്കുന്നത്. ജോണി ആന്റണി, സുധീർ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മുംബൈയ് യും കാശ്മീരും ലൊക്കേഷനാണ്. നൗഷാദ് ഷരീഫ് ഛായാഗ്രഹണവും എം.ജയചന്ദ്രൻ സംഗീത സംവിധാനവും.ബിജിത് ബാല എഡിറ്റിംഗും നിർവഹിക്കുന്നു. ബി.കെ ഹരിനാരായണൻ, നിധീഷ് നടേരി എന്നിവരുടേതാണ് ഗാനങ്ങൾ.