
വില്യം ഷേക്സ്പിയറുടെ ഹെൻട്രി ഫോർത്തിൽ മരിക്കുന്നതിനുമുമ്പ് ലണ്ടൻ കാണണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രമുണ്ട്. ആ കഥാപാത്രം ബ്രിട്ടനെ ഒരു നോക്കു കാണാൻ ആഗ്രഹിക്കുന്ന ലോകത്തിലെ എല്ലാ യാത്രാകുതുകികളുടെയും പ്രതിനിധിയാണ്. നൂറ്റാണ്ടുകളോളം ലോകത്തെ ഭരിച്ചിരുന്ന സാമ്രാജ്യത്തിന്റെ ഈറ്റില്ലം കാണാൻ ആഗ്രഹിക്കാത്ത എത്രപേരുണ്ടാകും? മാത്രമല്ല, സാഹിത്യാസ്വാദകർക്കും നാടകപ്രേമികൾക്കും അല്പമെങ്കിലും അതിനെ അവഗണിക്കാനാകുമോ? നമ്മുടെ മനഃസംസ്കാരത്തിന്റെ ഭാഗമായി മാറിയ മഹാസാഹിത്യകാരന്മാർ വിരാജിച്ചിരുന്ന സ്വപ്ന ഭൂമിയാണത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ബ്രിട്ടന് അതിന്റെ മാസ്മരികത കൈമോശം വന്നിട്ടില്ല. ലോകമാകെയുള്ള യാത്രികരെ മാടി വിളിച്ചുകൊണ്ടിരിക്കുകയാണ് ബ്രിട്ടൻ ഇപ്പോഴും. നീരാവിൽ വിശ്വമോഹന്റെ യാത്രാനുഭവമാണ് 'ബ്രിട്ടൻ അനുഭൂതികളുടെ പറുദീസ'. പേരുപോലെതന്നെ ഓരോ പേജിലും ബ്രിട്ടൻ പകരുന്ന അനുഭൂതി അനുവാചകരിലേക്ക് സംക്രമിപ്പിക്കുകയും ചെയ്യുന്നുണ്ട്.
നീരാവിൽ വിശ്വമോഹനന്റെ പുസ്തകം വെറുമൊരു യാത്രാവിവരണമല്ല. അതിൽ കവിതയും വേദാന്തവും ഗുരുദേവദർശനവും എല്ലാം ഉചിതമായ രീതിയിൽ വിളക്കി ചേർത്തിട്ടുണ്ട്. 'ബ്രിട്ടൻ അനുഭൂതികളുടെ പറുദീസ'ക്ക് ആ രചനാ കൗശലം അസാധാരണമായ മിഴിവും ആകർഷകത്വവും പകരുന്നു. അനുവാചകന് എഴുത്തുകാരൻ തന്റെ തോളിൽ കൈ ചേർത്തു പിടിച്ചു കൂടെകൊണ്ടുപോകുന്ന അനുഭവം അത് പ്രദാനം ചെയ്യുന്നു. ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് ശ്രീ ഗുരുപ്രസാദ് സ്വാമിയുടെയും മുൻ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി ഋതംഭരാനന്ദ സ്വാമിയുടെയും നേതൃത്വത്തിലുള്ള സാധനാപഠനയാത്രയുടെ ഭാഗമായാണ് ബ്രിട്ടൻ യാത്ര നടത്തിയതെന്നു മുഖവുരയിൽ നിന്നു മനസിലാക്കാം. അതിന്റെ വിശദാംശങ്ങൾ ആർജ്ജവമാർന്ന ഭാഷയിലാണ് അദ്ദേഹം ആവിഷ്കരിച്ചിരിക്കുന്നത്.
എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ലണ്ടൻ സാഹിത്യത്തിന്റെയും കലകളുടെയും വിളനിലമാണ്. അതു വ്യക്തമാക്കുന്ന തരത്തിലാണ് ഈ യാത്രാവിവരണത്തിലേക്കുള്ള പ്രവേശനം. ലണ്ടനിലേക്കുള്ള യാത്രയ്ക്കിടയിൽ വിമാനത്തിൽ ഇരുന്നുകൊണ്ട് അദ്ദേഹം ചിന്തിക്കുന്നത് മഹാന്മാരായ ആംഗലേയ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും അവരുടെ സർഗപ്രക്രിയകളെയും കുറിച്ചാണ്. ഷെല്ലിയെയും കീറ്റ്സിനെയും ഡിക്കൻസിനെയും ഷേക്സ്പിയറെയും മഹാനടനായ ചാർളി ചാപ്ലിനെയും സംഗീതജ്ഞനായ ജോൺ ലെനനിനെയും ഒക്കെ അദ്ദേഹം അനുസ്മരിക്കുന്നു. അതിലൂടെയാണ് അദ്ദേഹം ബ്രിട്ടനിലേക്കു പ്രവേശിക ഒരുക്കുന്നത്. തണുപ്പും ചാറ്റൽമഴയുമുള്ള നനഞ്ഞ പ്രഭാതത്തിലാണ് ഗ്രന്ഥകാരനും സംഘവും ലണ്ടനിൽ എത്തുന്നത്. ഭാരതീയ വാസ്തുശില്പ മാതൃകയിൽ പണിത സ്വാമി നാരായണ ക്ഷേത്രം കണ്ടുകൊണ്ടാണ് അവർ ലണ്ടനിലെ വിനോദയാത്രയ്ക്കു തുടക്കം കുറിക്കുന്നത്. ലണ്ടനിൽ ദീപാവലി ആഘോഷിക്കുന്ന ഏക ക്ഷേത്രമാണ് സ്വാമി നാരായണ ക്ഷേത്രം എന്ന അറിവ് ഗ്രന്ഥകാരൻ പകർന്നു നൽകുന്നു. 6 ടൺ മുതൽ 50 ഗ്രാം വരെ ഭാരമുള്ള കല്ലുകൾ കരകൗശല തൊഴിലാളികൾ കൈകൊണ്ടു കൊത്തിയുണ്ടാക്കി പണിതതാണ് ഭക്തിസാന്ദ്രമായ ആ രാധാകൃഷ്ണ ക്ഷേത്രം. കമ്പിയോ സിമന്റോ ഉപയോഗിക്കാതെയാണത്രേ ക്ഷേത്രം പണിതിരിക്കുന്നത്. ബ്രിട്ടനിൽ എത്തുന്ന യാത്രികരെല്ലാം ഈ ക്ഷേത്രം സന്ദർശിക്കാതിരിക്കരുതെന്ന് നീരാവിൽ ഓർമ്മപ്പെടുത്തുന്നു. ഈ ക്ഷേത്രത്തെക്കുറിച്ച് ഇത്ര വിശദമായി ഇവിടെ പ്രതിപാദിച്ചതു നീരാവിൽ വിശ്വമോഹന്റെ രചനാരീതി വെളിപ്പെടുത്താനാണ്. വിപുലമായി അദ്ദേഹം വസ്തുതാ വിതരണം നടത്തുന്നു. അത് സമഗ്രവും ഹൃദയംഗമവുമാണ്.