rape-case

ലക്‌നൗ: ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ വെടിവച്ച് കൊന്നു.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. 2018ൽ കൊല്ലപ്പെട്ടയാളുടെ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗൗരവ് ശർമയെ അറസ്റ്റ് ചെയ്തു. ഒരു മാസത്തോളം ജയിലിൽകിടന്ന ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി. കഴിഞ്ഞദിവസം ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്തുവെച്ച് പ്രതിയുടെ കുടുംബാംഗങ്ങളും പീഡനക്കേസിലെ ഇരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളും തമ്മിൽ വഴക്കുണ്ടായി. ഇതിനുപിന്നാലെ ഗൗരവ് ശർമ പെൺകുട്ടിയുടെ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ശേഷം ഇയാൾ ഒളിവിൽ പോയി.

അതിനിടെ, പീഡനത്തിനിരയായ പെൺകുട്ടി ' ദയവായി നീതി നൽകൂ' എന്നാവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷന് മുന്നിലിരുന്ന് പൊട്ടിക്കരയുന്ന വീഡിയോ സാമൂഹ മാദ്ധ്യമങ്ങളിലടക്കം വൈറലായി.

'അയാളുടെ പേര് ഗൗരവ് ശർമയെന്നാണ്. ആദ്യം അയാൾ എന്നെ ഉപദ്രവിച്ചു. ഇപ്പോൾ എന്റെ അച്ഛനെ വെടിവച്ച് കൊന്നു. അയാളും ആറേഴ് പേരും എന്റെ ഗ്രാമത്തിലേക്ക് വരികയായിരുന്നു. ഞാനും അനിയത്തിയും ക്ഷേത്രത്തിൽ നിന്ന് മടങ്ങവേ, ഞങ്ങളെ പരിഹസിച്ചു. കമന്റടിച്ചു. ഞങ്ങളെ പിന്തുടർന്നു. അച്ഛന്റെ കൃഷിയിടത്തിലെത്തിയപ്പോൾ ഞങ്ങളെ തടഞ്ഞ് ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് കണ്ട അച്ഛൻ തടഞ്ഞു. വഴക്കായി.

അവർ പോയി. പിന്നീട് ഒരു കാറിൽ അഞ്ചുപേരുമായി വന്ന ഗൗരവ് ശർമ അച്ഛന്റെ നേർക്ക് വെടിവയ്ക്കുകയായിരുന്നു.'- പെൺകുട്ടി പറഞ്ഞു. വെടിയേറ്റ വൃദ്ധനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ഗൗരവിന്റെ ഒരു ബന്ധുവിനെ അറസ്റ്റ് ചെയ്തതായും മുഖ്യപ്രതിക്കായി അന്വേഷണം തുടരുകയാണെന്നും ഹാഥ്‌രസ് പൊലീസ് അറിയിച്ചു.

മാസങ്ങൾക്ക് മുമ്പ് ഹാഥ്‌‌‌‌രസിൽ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യമൊട്ടാകെ ശ്രദ്ധനേടിയിരുന്നു. ഇതിനുശേഷവും ഹാഥ്ര‌സിൽ പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ അലിഗഢിൽ പെൺകുട്ടിയെ വയലിൽ മരിച്ചനിലയിലും കണ്ടെത്തിയിരുന്നു.