
തിരുവനന്തപുരത്തെ പാളയത്ത് ഹോട്ട്സ്പോട്ട് എന്ന ഓപ്പൺ റസ്റ്റോറന്റിലെ പൊള്ളുന്ന കറക്കുകസേരയിൽ വല്ലാത്തൊരു അന്ധാളിപ്പോടെയിരുന്ന എന്നോട് എം.രാജീവ്കുമാർ ചോദിച്ചു: ''എന്താണിപ്പോൾ മനസിൽ? എന്താണ് ഭാവം?""
ശംഖുമുഖം കടൽക്കരയിൽ നിന്നു വീശിവരുന്ന വൈകുന്നേരക്കാറ്റ്, എം.എൽ.എ. ഹോസ്റ്റലിന്റെ മഞ്ഞച്ച കെട്ടിടങ്ങളിൽ തട്ടിച്ചിതറി പരിസരത്താകെ ഒഴുകിപ്പരക്കുന്നുണ്ടായിരുന്നെങ്കിലും ഞാൻ നന്നായി വിയർത്തു. കഥകളിലൂടെയും കത്തുകളിലൂടെയും അറിയാമെങ്കിലും രാജീവിനെ ആദ്യമായി കാണുകയാണ്.
''പ്രത്യേക വിചാരങ്ങളോ ഭാവമോ ഭാവനകളോ ഇല്ല."" ഞാൻ പ്രതിവചിച്ചു; പതിഞ്ഞ ശബ്ദത്തിൽ. ഒരു ഫയൽവാന്റെ ഗൗരവത്തിൽ മുന്നിലിരിക്കുന്ന രാജീവ്കുമാറിന്റെ ചോദ്യങ്ങൾ എന്നിൽ തികഞ്ഞ ഭീതി ഉണർത്തിയിരുന്നു.
''കഥകളും നോവലുകളും ഫീച്ചറുകളും നാട്ടിൽ നിന്നുതന്നെ നന്നായി എഴുതിക്കൊണ്ടിരിക്കുകയാണല്ലോ. പിന്നെന്തിന് തിരുവനന്തപുരത്തേക്കു ഒരു സ്ഥിരവാസം?"" രാജീവ് വിടാൻ ഭാവമില്ല. ഞാൻ വിളറിയ ഒരു ചിരി ചിരിച്ചപ്പോൾ അദ്ദേഹം സാന്ത്വനവാക്കുകൾ ചൊരിഞ്ഞു.
''സാരമില്ല. സൂക്ഷിക്കണം. ഇതൊരു മഹാസാഗരമാണ്. കാറ്റും കോളുമൊക്കെയുണ്ട്. ഒന്നായങ്ങു വിഴുങ്ങിക്കളയും.""
ആ പൊള്ളുന്ന സായാഹ്നം 1991 മാർച്ച് ആദ്യവാരത്തിലെപ്പോഴോ ആയിരുന്നു. അതിനും പത്തിരുപതു ദിവസം മുമ്പ് ഫെബ്രുവരി 13-നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഹെഡ് ഓഫീസിലേക്ക് സ്ഥലം മാറ്റം വാങ്ങി ഞാൻ തിരുവനന്തപുരത്തെത്തുന്നത്. മുപ്പത് വർഷങ്ങൾ ഈ മഹാനഗരത്തിൽ, രാജീവിന്റെ ഭാഷയിൽ മഹാസാഗരത്തിൽ തുഴഞ്ഞുതാണ്ടിയിരിക്കുന്നു; മുങ്ങിയും പൊങ്ങിയും...!
രണ്ട്
കുട്ടിക്കാലത്തേ എന്നെ പ്രലോഭിപ്പിച്ച നഗരമാണ് തിരുവനന്തപുരം. ഏഴിൽ പഠിക്കുന്ന കാലത്ത്, ഒരു സ്കോളർഷിപ്പ് പരീക്ഷയെഴുതാനാണ് അച്ഛന്റെ കൂടെ, മലബാർ എക്സ്പ്രസിൽ ഞാനാദ്യമായി തലസ്ഥാനഗരിയിൽ വന്നിറങ്ങുന്നത്. പത്മനാഭസ്വാമിക്ഷേത്രവും രാജവീഥികളും സെക്രട്ടറിയേറ്റും മ്യൂസിയവും ശംഖുമുഖവും ഡബിൾഡക്കർ ബസുമൊക്കെ എന്നെ വല്ലാതെ വിസ്മയിപ്പിച്ചു കളഞ്ഞു. പിറ്റേന്ന് പുലർച്ചെ തമ്പാനൂരിൽ, താമസിച്ച ലോഡ്ജിനു മുന്നിലെ നിരത്തിലൂടെ അടിവെച്ചടിവെച്ചു വന്ന കുതിരപ്പോലീസ് മറക്കാത്ത ഓർമ്മയായി മനസിലുണ്ട്. രാജകീയപ്രൗഢിയുടെ തലയെടുപ്പോടെ നീങ്ങുന്ന കൂറ്റൻ കുതിരകളും പടച്ചട്ടയണിഞ്ഞ പോരാളികളും! കുറേക്കൂടി മുതിർന്നപ്പോൾ പ്രിയ എഴുത്തുകാരുടേയും പത്രാധിപന്മാരുടേയും നഗരമായി തിരുവനന്തപുരം. എൺപതുകളുടെ രണ്ടാം പാദത്തിൽ മലയാളം ദൂരദർശൻ കൺതുറന്നപ്പോൾ ആത്മബന്ധമുള്ള ടെലിവിഷൻ നഗരവുമായി ഇത്. ആയിടയ്ക്കാണ് സിനിമയുടെ മായക്കാഴ്ചകളിൽ ഞാൻ വന്നുപെടുന്നതും, എനിക്കു പറ്റിയയിടം അനന്തപുരി തന്നെ എന്നു നിശ്ചയിക്കുന്നതും. 'ഇന്നലെ" യുടെ ലൊക്കേഷനിൽ വച്ച് പപ്പേട്ടൻ എന്ന പി. പത്മരാജൻ തന്ന ക്ഷണവും കൂടിയായപ്പോൾ തിരുവനന്തപുരം മോഹം പൂർണമായി; അദ്ദേഹമില്ലാത്ത നഗരത്തിലാണ് വണ്ടിയിറങ്ങിയതെങ്കിലും ആ വാക്കുകൾ മനസിൽ മുഴങ്ങുന്നുണ്ടായിരുന്നു: 'എഴുത്തുകാരനും കലാകാരനും ജീവിക്കാൻ പറ്റുന്ന നഗരമാണ് തിരുവനന്തപുരം. സൂക്ഷിച്ചാൽ രക്ഷപ്പെടാം.""
സൂക്ഷിക്കണം, അതുതന്നെയാണ് പാളയത്തെ ആ ഉഷ്ണസായന്തനത്തിൽ രാജീവ്കുമാറും പറഞ്ഞത്!

മൂന്ന്
മോഹിപ്പിക്കുന്ന ഒരു തീക്ഷ്ണസൗന്ദര്യമുണ്ട് ഈ നഗരസുന്ദരിക്ക്! ഇഷ്ടത്തോടെ ഒപ്പം നിന്നാൽ അവളും സ്നേഹം തരും, ഹൃദയം തുറന്നു തരും. എന്നാൽ പരിശുദ്ധമല്ല സമീപനമെങ്കിൽ, ചിരിച്ചുകൊണ്ടുതന്നെ കഴുത്തുഞെരിച്ചുകളയും, നമ്മൾ പോലും ഓർക്കാത്ത നേരത്ത്! ഏതുതരം മനുഷ്യരേയും ഒരുപോലെ ഹൃത്തടത്തിൽ സ്വീകരിക്കാൻ സന്നദ്ധമാണ് ഈ മഹാരാജധാനി. ശ്രീപത്മനാഭന്റെ നഗരത്തിന് ഖ്യാതിയേകുന്നതും ആ ആതിഥ്യപ്പെരുമ തന്നെ. എന്നാൽ ആത്മാവിൽ ഇത്തിരിയെങ്കിലും സത്യസന്ധരാകാത്തവർക്ക് അധികകാലം ഇവിടെ പിടിച്ചു നിൽക്കാനാവുകയുമില്ല. തട്ടിപ്പും വെട്ടിപ്പുമായി ഈ നഗരത്തിലുണ്ടായിരുന്ന രണ്ട് 'എഴുത്തുതൊഴിലാളി" കളുടെ സമീപകാല അനുഭവമോർക്കുന്നു. പ്രണയരോഗവും പഞ്ചാരവാക്കും കൂട്ടിക്കുഴച്ച് പല സാംസ്കാരികവേദികൾ സ്വയം പടച്ച് വിലസി നടന്ന അവരെ അധികം വൈകാതെ ഈ നഗരം കെട്ടുകെട്ടിച്ചു. തരികിടയും കറക്കുകമ്പനിയുമായി നടന്ന പല 'കച്ചവടമുതലാളി"മാരും അടിപതറി വീണതും കൺമുന്നിലെ കാഴ്ച തന്നെ...
ഒരു സെക്രട്ടേറിയറ്റ് നഗരത്തിന്റെ അങ്കലാപ്പുകളും അസ്വസ്ഥതകളും ചിലപ്പോൾ ഈ നഗരത്തിനില്ലേ എന്നു ഞാൻ സന്ദേഹിച്ചിട്ടുണ്ട്. പല നാടുകളിൽ നിന്നും വന്നു ചേരുന്നവരുടെ ഒരു സങ്കരസംസ്കാരമാണ് ഇവിടുള്ളത്. പ്രാദേശികരേക്കാളേറെ വരുത്തന്മാർ വന്നു വാഴുന്ന നഗരം കൂടിയാണിത്. രാജാക്കന്മാരും മന്ത്രിമാരും ഉദ്യോഗസ്ഥപ്രമാണിമാരും പ്രജകളും ഒന്നുചേർന്നു വാഴുന്നയിടം! അത്തരത്തിലൊരു നഗരം കേരളത്തിൽ വേറെയില്ല തന്നെ. 'തിരുവനന്തപുരത്തുകാരെ കരുതിയിരിക്കണം" എന്ന പഴമൊഴി കേട്ടിവിടേക്കു പമ്മിപ്പതുങ്ങി വന്ന അന്യദേശക്കാരെ കരുതിനടക്കുകയാണിപ്പോൾ സ്ഥലവാസികളെന്ന് അനന്തപുരിയുടെ ചരിത്രകാരൻ പട്ടം ജി. രാമചന്ദ്രൻനായരും മുതിർന്ന പത്രപ്രവർത്തകൻ വിതുരബേബിയും ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. ഇരുവരും ഇഹലോകത്തെപ്പൊറുതി മതിയാക്കി മടങ്ങി...

കയറ്റിറക്കങ്ങളുടെ നഗരം കൂടിയാണ് തിരുവനന്തപുരം. ഭൂമിശാസ്ത്രമായി കുന്നുകളും കുഴികളും ജലാശയങ്ങളും സമതലങ്ങളും കാടുകളും ഒക്കെ മാറിമറയുന്ന അത്ഭുതസമസ്യ! കുന്നുകുഴിയും ഊറ്റുകുഴിയും കുടപ്പനക്കുന്നും കുന്നുംപുറവും നെയ്യാറ്റിൻകരയും നാലാഞ്ചിറയും കവടിയാറും തൈക്കാടും വഴുതക്കാടും ആ പ്രത്യേകത പേറുന്ന സ്ഥലനാമങ്ങൾ.... ഒരു കയറ്റത്തിന് ഒരിറക്കമുണ്ടെന്നും ഒരു കരയ്ക്കപ്പുറം കാടും കടൽതന്നെയുണ്ടെന്നും ഈ നഗരം സദാ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ നഗരമോഹിനിക്ക് നിമ്നോന്നതങ്ങളും അഴകളവുകളും കിറുകൃത്യം; സമാസമം!
നാല്
സാംസ്കാരിക സദസുകളുടെ സമ്പന്നതയാണ് ഈ നഗരത്തിന്റെ സവിശേഷത. പത്രങ്ങളിലെ 'ഇന്നത്തെ പരിപാടി" കോളങ്ങളിലൂടെ കണ്ണോടിച്ചാൽ ആ വൈവിദ്ധ്യപൂർണിമയറിയാം 'ആക്ടി"ന്റേയും 'ചലച്ചിത്ര"യുടേയും 'സ്വരലയ"യുടേയും വേദികൾ ഇന്ന് സജീവമല്ലെങ്കിലും സുവർണപ്രഭയോടെ 'സൂര്യ" തിളങ്ങി നിൽക്കുന്നു. എത്രയെത്ര ചലച്ചിത്രപ്രതിഭകളേയും കലാകാരന്മാരേയും സൂര്യമേളകൾ ഈ നഗരത്തിന് പരിചയപ്പെടുത്തി! വൈലോപ്പിള്ളി സംസ്കൃതി ഭവനിലും ടാഗോർ തിയേറ്ററിലും പഴയ വിജെടി ഹാളിലും റഷ്യൻ-ഫ്രഞ്ച്-ജർമ്മൻ സാംസ്കാരിക വേദികളിലും ഉണർവ്വിന്റെ വേറെയും അരങ്ങുകൾ എത്രയോ...
ഒരു വർഷത്തെ കൊറോണക്കറുപ്പിനുശേഷം അമ്പത്തൊന്നുദിന സൂര്യ വേദി വീണ്ടുമുണരുന്ന ദിനമാണീ കുറിപ്പ് നിങ്ങളിലേക്കെത്തുന്നത്. തൈക്കാട് 'ഗണേശ"ത്തിൽ മലയാളത്തിന്റെ സ്നേഹകഥാകാരൻ ടി. പത്മനാഭൻ അനന്തപുരിയുടെ പ്രിയപ്പെട്ട ആ കലാസായാഹ്നങ്ങൾക്ക് വീണ്ടും ദീപം തെളിയിച്ച് തുടക്കമിടും...
(സതീഷ്ബാബു പയ്യന്നൂർ: 98470 60343, satheeshbabupayyanur@gmail.com)