gold

 പവന് ഇന്നലെ 760 രൂപയും ഗ്രാമിന് 95 രൂപയും കുറഞ്ഞു

കൊച്ചി: സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസംപകർന്ന് വില കുത്തനെ ഇടിയുന്നു. ഇന്നലെ ഒറ്റദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും ഇടിഞ്ഞു. 33,680 രൂപയാണ് ഇപ്പോൾ പവൻ വില; ഗ്രാമിന് 4,210 രൂപ. കഴിഞ്ഞ മേയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ഒരുമാസത്തിനിടെ ഗ്രാമിന് 390 രൂപയും പവന് 3,120 രൂപയും കുറഞ്ഞു.

കഴിഞ്ഞ ആഗസ്‌റ്റ് ഏഴിന് സ്വർണവില എക്കാലത്തെയും ഉയരത്തിൽ എത്തിയിരുന്നു. അന്ന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു വില. അന്നുമുതൽ ഇതുവരെ പവന് കുറഞ്ഞത് 8,320 രൂപ; ഗ്രാമിന് 1,040 രൂപയും. ഓഹരി, കടപ്പത്രം എന്നിവയെ അപേക്ഷിച്ച് സുരക്ഷിത നിക്ഷേപമെന്ന പെരുമ കിട്ടിയതാണ് കൊവി‌ഡ് കാലത്ത് സ്വർണത്തിന് നേട്ടമായത്.

എന്നാൽ, ഇപ്പോൾ ആഗോളതലത്തിൽ സർക്കാർ ബോണ്ടുകളുടെ യീൽഡ് (നേട്ടം/ലാഭം) കൂടുന്നതിനാൽ നിക്ഷേപകർ സ്വർണത്തെ കൈവിടുന്നത് വിലത്തകർച്ച സൃഷ്‌ടിക്കുന്നു. 2020 ആഗസ്‌റ്റിൽ ഔൺസിന് 2,000 ഡോളറിനുമേൽ കുതിച്ച രാജ്യാന്തര വില ഇന്നലെ വൈകിട്ടുള്ളത് 1,729 ഡോളറിൽ. ഒരുവേള വില 1,723 ഡോളറിലേക്കും ഇടിഞ്ഞു. വരുംദിനങ്ങളിലും വിലയിൽ വൻ ചാഞ്ചാട്ടത്തിന് സാദ്ധ്യതയുണ്ടെന്ന് വ്യാപാരലോകം പറയുന്നു.