bachan

മുംബയ്: സങ്കീർണമായ നേത്രശസ്ത്രക്രിയയ്ക്ക് വിധേയനായതായി സൂപ്പർ താരം അമിതാഭ് ബച്ചൻ സ്ഥിരീകരിച്ചു. രോഗമുക്തിക്ക് സമയമെടുക്കുമെന്നും ഇപ്പോൾ ശരിക്ക് വായിക്കാനോ എഴുതാനോ കാണാനോ പറ്റാത്ത അവസ്ഥയിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഒരു കണ്ണിൽ ശസ്ത്രക്രിയ കഴിഞ്ഞെന്നും മറ്റേ കണ്ണിലും ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.

'ആരോഗ്യപ്രശ്നങ്ങളുണ്ട്, ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണ്, എഴുതാനാവുന്നില്ല...' എന്ന് ശനിയാഴ്ച അദ്ദേഹം ബ്ലോഗിൽ കുറിച്ചിരുന്നു. എന്താണ് അസുഖമെന്ന് അറിയാതെ ആശങ്കയിലാണ്ട ആരാധകർക്ക് നേരിയ ആശ്വാസം പകർന്നുകൊണ്ടാണ് കണ്ണിനായിരുന്നു ശസ്ത്രക്രിയ എന്ന് വെളിപ്പെടുത്തിയത്.

'ഈ പ്രായത്തിലെ നേത്ര ശസ്ത്രക്രിയ സങ്കീർണമാണ്. അങ്ങേയറ്റം സൂക്ഷ്മത വേണ്ടതുമാണ്. അതുകൊണ്ടുതന്നെ പൂർണ രോഗമുക്തിക്ക് സമയമെടുക്കും. ശരിക്ക് കാണാനോ എഴുതാനോ വായിക്കാനോ പറ്റാത്ത അവസ്ഥയാണ്. എഴുതുന്നതിൽ അക്ഷരത്തെറ്റുണ്ടാവും. വേറൊന്നും ചെയ്യാനാവാത്തതുകൊണ്ട് പാട്ടുകേട്ടും ചിന്തയിൽ മുഴുകിയും സമയം കളയുകയാണ്. ഒട്ടും എളുപ്പമല്ല"- ബച്ചൻ എഴുതി.

ഒരിക്കൽ മദ്യപിച്ച് ക്രീസിലിറങ്ങിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ഗാരി സോബേഴ്സിന്റെ അവസ്ഥയോടാണ് അദ്ദേഹം തന്റെ കാഴ്ചയെ ഉപമിച്ചത്. ബാറ്റ് ചെയ്യാൻ നിൽക്കമ്പോൾ ഒരു ബോളിനു പകരം മൂന്നെണ്ണം കണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. നടുവിലെ ബോളിനെ ലക്ഷ്യം വച്ച് അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചു. 'ടൈപ്പ് ചെയ്യാനിരിക്കമ്പോൾ ഒരോ അക്ഷരവും മൂന്നായി കാണുകയാണ് ഞാൻ. നടുവിലെ അക്ഷരത്തിലാണ് വിരലമർത്തുന്നത്.' രോഗവിവരമറിഞ്ഞ് ആശംസകൾ നേർന്ന മുഴുവനാളുകൾക്കും അദ്ദേഹം നന്ദി പറഞ്ഞു.