അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സംഫാറ സംസ്ഥാനത്ത് ആയുധധാരികൾ സ്‌കൂൾ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ പെൺകുട്ടികളെ വിട്ടയച്ചുതായി സംസ്ഥാന ഗവർണർ അറിയിച്ചു. .പ്രസിഡന്റ് മുഹമ്മദു ബുഹാരി വാർത്തയിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു. എല്ലാ കുട്ടികളും സുരക്ഷിതരാണെന്നും മോചനത്തിനായി മോചനദ്രവ്യം നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയാണ് ജാംഗ്‌ബെ പട്ടണത്തിലെ സർക്കാർ ഗേൾസ് സെക്കൻഡറി സ്‌കൂളിൽ പുലർച്ചെ ഒരു മണിക്കാണ് അക്രമികൾ ഇരച്ചുകയറി പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയത്. കാണാതായവരിൽ ചിലർ അടുത്തുള്ള മുൾപ്പടർപ്പിലിൽ ഒളിച്ചു രക്ഷപ്പെടുകയും ചെയ്തിരുന്നു. സമാധാന ഉടമ്പടിയിലൂടെയാണ് പെൺകുട്ടികളെ മോചിപ്പിച്ചതെന്നാണ് സർക്കാർ വിശദീകരണം. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇതിന് പിന്നിൽ പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിർക്കുന്ന ഇസ്ലാമിക ഭീകരസംഘടനയായ ബോക്കോ ഹറാമാണെന്നാണ് നിഗമനം. മോചിപ്പിച്ച കുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.