modi

 മാരിടൈം ഇന്ത്യ ഉച്ചകോടി-2021ന് തുടക്കം

കൊച്ചി: നീല സമ്പദ്‌വ്യവസ്ഥയിൽ (ബ്ളൂ ഇക്കണോമി) ഇന്ത്യയ്ക്ക് പ്രമുഖ സ്ഥാനമാണുള്ളതെന്നും സമുദ്രമേഖലയിൽ ഇന്ത്യയുടെ വളർച്ചാ കാഴ്ചപ്പാട് ഗൗരവമുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മാരിടൈം ഇന്ത്യ ഉച്ചകോടി-2021 വിർ‌ച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദ്ര സമ്പദ്‌വ്യവസ്ഥയിൽ അടുത്ത ദശാബ്ദത്തിലേക്കുള്ള ഇന്ത്യയുടെ വികസനപാത വ്യക്തമാക്കുന്ന മാരിടൈം വിഷൻ-2030 ഇ-ബുക്കിന്റെ പ്രകാശനവും മോദി നിർവഹിച്ചു.

രാജ്യത്തെ പ്രധാന തുറമുഖങ്ങളുടെ ശേഷി 2014ലെ 870 ദശലക്ഷം ടണ്ണിൽ നിന്ന് ഇപ്പോൾ 1,550 ദശലക്ഷം ടണ്ണിലെത്തി. തുറമുഖങ്ങളിലൂടെ കയറ്റുമതി/ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ കാത്തിരിപ്പു സമയം വൻതോതിൽ കുറഞ്ഞു. കാണ്ട്ലയിലെ വാധവൻ, പാരദ്വീപ്, ദീൻദയാൽ തുറമുഖം എന്നിവയെ ലോകോത്തരവും അത്യാധുനികവുമായ അടിസ്ഥാന സൗകര്യങ്ങളോടെ മെഗാ തുറമുഖങ്ങളായി ഉയർത്തുകയാണ്.

നിക്ഷേപ സാദ്ധ്യതകളുള്ള 400 തുറമുഖങ്ങളുടെ പട്ടിക തുറമുഖ, കപ്പൽ, ജലപാതാ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. 2.25 ലക്ഷം കോടി രൂപയാണ് ഈ പദ്ധതികളിലൂടെ പ്രതീക്ഷിക്കുന്ന നിക്ഷേപം. തുറമുഖ കേന്ദ്രീകൃത വികസനത്തിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച സാഗർമാല പദ്ധതിയിലൂടെ 2035നകം നടപ്പാക്കുന്നത് ആറുലക്ഷം കോടി രൂപയുടെ 570ലധികം പദ്ധതികളാണെന്നും മോദി പറഞ്ഞു.

ഡെൻമാർക്ക് ഗതാഗതമന്ത്രി ബെന്നി എംഗലെബെച്റ്റ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, മൻസൂഖ് മാണ്ഡവ്യ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

100 രാജ്യങ്ങൾ, ഒരുലക്ഷം

പ്രതിനിധികൾ

മൂന്നുദിനങ്ങളിലായി നടക്കുന്ന ഉച്ചകോടി ഇന്ത്യയുടെ സമുദ്രാധിഷ്‌ഠിത സമ്പദ്‌മേഖലയുടെ വളർച്ചയ്ക്ക് വലിയ കരുത്താകുമെന്നാണ് പ്രതീക്ഷ. 100 രാജ്യങ്ങളിൽ നിന്നായി ഒരുലക്ഷത്തിലധികം പേർ ഉച്ചകോടിയിൽ പങ്കെടുക്കും. എട്ട് രാജ്യങ്ങളിലെ മന്ത്രിമാർ, അംബാസഡർമാർ, 50ലേറെ സി.ഇ.ഒമാ‌ർ, 115 വിദേശ പ്രഭാഷകർ തുടങ്ങിയവരും സംബന്ധിക്കും.