
കൊച്ചി: പതിനഞ്ചാം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാർത്ഥി നിർണയത്തെചൊല്ലി ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നതിനിടെ എറണാകുളത്തെ സി.പി.എം സാദ്ധ്യതാ പട്ടിക പുറത്ത്. തൃപ്പൂണിത്തുറയിൽ എം. സ്വരാജ് എം.എൽ.എ മത്സരിക്കും. അതേസമയം വൈപ്പിൻ എം.എൽ.എ എസ്. ശർമ്മ ഇത്തവണ മത്സരിക്കില്ല. ആറ് തവണ മത്സരിച്ച വ്യക്തിയായതിനാലാണ് തീരുമാനം.
വൈപ്പിനിൽ ശർമയ്ക്കു പകരം കെ.എൻ ഉണ്ണികൃഷ്ണനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനമായി. നിലവിൽ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് ഉണ്ണികൃഷ്ണൻ. തൃക്കാക്കരയിൽ ഡോക്ടർ ജെ. ജേക്കബ് സ്ഥാനാർത്ഥിയാകും. സ്പോർട്ട്സ് കൗൺസിലിന്റെ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റും മെഡിക്കൽ ട്രസ്റ്റിലെ ഡോക്ടറുമാണ് ജെ. ജേക്കബ്.
കളമശേരിയിൽ പി. രാജീവിന്റെയും കെ. ചന്ദ്രൻ പിള്ളയുടെയും പേരുകളാണ് ഉയർന്ന് കേട്ടത്. ഒടുവിൽ കളമശേരിയിൽ ചന്ദ്രൻപിള്ളയെ സ്ഥാനാത്ഥിയാക്കാൻ തീരുമാനമായി. കൊച്ചിയിൽ കെ.ജെ. മാക്സിയും കോതമംഗലത്ത് ആന്റണി ജോണും മത്സരിക്കും.