mohammad-al-khaja

അബുദാബി: ഇസ്രയേലിലെ അദ്യത്തെ യുഎഇ സ്ഥാനപതിയായി മുഹമ്മദ് അൽ ഖാജ അധികാരമേറ്റു. ടെൽഅവീവിൽ ഇസ്രായേൽ പ്രസിഡന്റ് റൂവൻ റിവ്‌ലിനു അധികാപത്രം കൈമാറിയാണ് ഖാജ ചുമതലയേറ്റത്. ഇസ്രായേലിലെ ആദ്യത്തെ യു.എ.ഇ സ്ഥാനപതിയാണ് മുഹമ്മദ് അൽ ഖാജ. അമേരിക്കയുടെ മദ്യസ്ഥ ചർച്ചകളിലൂടെയാണ് യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത്. സ്ഥാനപതിയെ നിയമിച്ചതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ അധ്യായത്തിനു തുടക്കം കുറിച്ചതായി സ്ഥാനപതി പ്രതികരിച്ചു. ചുമതല ഏറ്റെടുത്തതിന് പിന്നാലെ വിദേശകാര്യമന്ത്രി ഗാബി അഷ്കനാസുമായും സ്ഥാനപതി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതും വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതു സംബന്ധിച്ചും ഇരുവരും ചർച്ച നടത്തി. 2020 സെപ്റ്റംബറിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിലാണ് ഇരു രാജ്യങ്ങളും സമാധാന കരാറിൽ ഒപ്പുവച്ചത്.