
സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രം ദൃശ്യം 2 വിനെക്കുറിച്ചുള്ള പ്രതികരണങ്ങൾ ഭാഷയുടെ അതിർവരമ്പുകളും ഭേദിച്ച് മുന്നേറുകയാണ്. ബംഗ്ലാദേശ് പൊലീസിലെ ഒരു അഡീഷണൽ സൂപ്രണ്ടിന്റെ ദൃശ്യം 2 വിനെക്കുറിച്ചുളള പ്രതികരണം സമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അഡീഷണൽ സൂപ്രണ്ടായ മഷ്രൂഫ് ഹൊസൈനാണ് സിനിമയെ പുകഴ്ത്തി രംഗത്തെത്തിയത്.
പൊലീസ് അക്കാദമിയിൽ ദൃശ്യം 2 നിർബന്ധമായും കാണിക്കേണ്ട ചിത്രമാണ്. എങ്ങനെയായിരിക്കണം കുറ്റാന്വേഷണ മനസ് എന്ന് ഈ സിനിമ കാണിച്ചു തരുന്നുണ്ട്. പൊലീസുകാർ ആകുന്നവർക്കും അല്ലാത്തവർക്കും സിനിമ മികച്ച ദൃശ്യാനുഭവമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഹൊസെെന്റെ കുറിപ്പ് സിനിമാ അണിയറ പ്രവർത്തകർ ദൃശ്യം 2വിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

സിനിമയുടെ അണിയറപ്രവർത്തകർ തന്റെ കുറിപ്പ് പങ്കുവെച്ചതിൽ സന്തോഷവും ആശ്ചര്യവും പ്രകടിപ്പിച്ച് ഹൊസെെൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തി. തന്റെ പോസ്റ്റ് ദൃശ്യം 2 വിന്റെ പേജിൽ പങ്കുവെച്ചതിന്റെ സ്ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹം തന്റെ സന്തോഷം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്. സിനിമയെപ്പറ്റിയുളള ചർച്ചകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ്. മലയാളത്തിൽ വൻ വിജയമായ ചിത്രം തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നതായ വാർത്തകളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. തെലുങ്കിൽ വെങ്കിടേഷ് ആണ് നായകൻ. ഹിന്ദിയിൽ അജയ് ദേവ്ഗണും തബുവുമാണ് പ്രധാന വേഷത്തിലെത്തുന്നത്.