
അഹമ്മദാബാദ് : ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസറ്റ്് പരമ്പരയിലെ നിർണായകമായ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിന് നാളെ തുടക്കമാകാനിരിക്കെ എല്ലാ കണ്ണുകളും നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിലേക്കാണ്. രണ്ട് ദിവസം കൊണ്ട് ഇന്ത്യവിജയം നേടിയ മൂന്നാം ടെസ്റ്റിനായി ഒരുക്കിയ പിച്ചിനെക്കുറിച്ചുള്ള വിവാദങ്ങൾ ഇപ്പോഴും ഫുൾ സ്വിംഗിൽത്തന്നെയുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ പൊടിപൊടിക്കുകയാണ്. മുൻ ഇംഗ്ലണ്ട് നായകൻ മൈക്കേൽ വോണാണ് പിച്ചിനെ പിച്ചിക്കീറാൻ മുൻപന്തിയിൽ നിൽക്കുന്നത്. നാലാം ടെസ്റ്റിന് തയ്യാറാക്കുന്ന പിച്ച് എന്ന് എഴുതി ഉഴുതു മറിച്ചപോലുള്ള സ്ഥലത്ത് നിന്ന് ബാറ്റ് ചെയ്യുന്ന പടം വോൺ ഇന്നലെ ഇൻസ്റ്റഗ്രാമിൽ പോസറ്റ്് ചെയ്തു. ഇത് വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കി. എന്നാൽ പിച്ചിനെക്കുറിച്ച് മോങ്ങാതെ മര്യാദയ്ക്ക് കളിക്കാനാണ് ഇംഗ്ലണ്ട് തയ്യാറാകേണ്ടതെന്ന് കഴിഞ്ഞ ദിവസം വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ് പറഞ്ഞിരുന്നു.
അതിനിടെ കഴിഞ്ഞ രണ്ട് ടെസ്റ്റിലെ പിച്ചിന് സമാനമാണ് നാലാം ടെസ്റ്റിലെ പിച്ചും എന്ന് ഇന്നലെ നടന്ന വിർച്വൽ പത്രസമ്മേളനത്തിൽ ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനെ അഭിപ്രായപ്പെട്ടു. രണ്ടാമത്തേയും മൂന്നാമത്തേയും ടെസ്റ്റ് മത്സരങ്ങളിലേതിന് സമാനമായ പിച്ചാണ് നാലമത്തെ ടെസ്റ്റിനും തയ്യാറാക്കിയിരിക്കുന്നതെന്നാണ് പിച്ച് കണ്ടപ്പോൾ തോന്നുന്നത്. എന്നാൽ പിച്ചിന്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. സ്പിന്നിനെ തുണയ്ക്കുമെന്ന് തന്നെ കരുതുന്നു. കഴിഞ്ഞ മത്സരത്തിൽ പിങ്ക് ബാളായിരുന്നു എന്നത് പ്രധാന ഘടകമായി. അത് ചുവന്ന ബാളിനേക്കാൾ വേഗത്തിലാണ് ബാറ്റിലേക്ക് വരുന്നത്.പിച്ചിന്റെ കാര്യത്തിൽ വിദേശ പര്യടനങ്ങളിലൊന്നും ഞങ്ങളാരും പരാതി പറഞ്ഞിട്ടില്ല. ഇംഗ്ലണ്ട് മികച്ച ടീമാണ്, അവരെ ബഹുമാനിക്കുന്നു. അവരുടെ ഭാഗത്തുനിന്ന് വലിയ വെല്ലുവിളി പ്രതീക്ഷിക്കുന്നു.- രഹാനെ പറഞ്ഞു.
മത്സരം സമനിലയിലായാൽപ്പോലും ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാം.
ബുംറയ്ക്ക് കല്യാണം?
നാലാം ടെസ്റ്റിൽ നിന്ന് പിന്മാറിയ പേസർ ജസ്പ്രീത് ബുംറ ഉടൻ വിവാഹിതനായേക്കുമെന്ന് റിപ്പോർട്ട്. കല്യാണത്തിന് തയ്യയാറെടുക്കുന്നതിനാണ് ബുംറ നാലാം ടെസ്റ്റിൽ നിന്ന് അവധിയെടുത്തതെന്ന് ബി.സി.സി.ഐയിലെ ഒരു പ്രമുഖൻ അറിയിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.