
തിരുവനന്തപുരം: കോഴിക്കോട് നോർത്ത് എം.എൽ.എ എ. പ്രദീപ് കുമാറിനെ ഒഴിവാക്കിയത് ശരിയായില്ലെന്ന് എഴുത്തുകാരനും മുൻ ലോക്സഭാംഗവുമായ സെബാസ്റ്റ്യൻ പോൾ. പ്രവർത്തന മികവുളള എം.എൽ.എയെ ഒഴിവാക്കേണ്ട ആവശ്യമില്ലായിരുന്നു. പ്രദീപ് കുമാറിന്റെ അസാന്നിദ്ധ്യം കേരളം മുഴുവൻ അനുഭവപ്പെടുമെന്നും പലർക്കും സ്ഥാനാർത്ഥി നിർണയത്തിൽ ഇളവു നൽകുന്നതാണ് കാണുന്നതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞു.
സംവിധായകൻ രഞ്ജിത്ത് സ്ഥാനാർത്ഥിയായി വരുന്നു എന്നതിനേക്കാളുപരിയായി പ്രദീപ് കുമാറിന് മത്സരിക്കാൻ പാർട്ടി അവസരം നൽകുന്നില്ല എന്നതാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി നേരത്തെ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത് കൃത്യമായി പാലിച്ചാൽ പ്രദീപ് കുമാർ മാറി നിൽക്കേണ്ടിവരും. അത് ശരിയുമാണ്, അദ്ദേഹം മൂന്നുവട്ടം മത്സരിച്ചു കഴിഞ്ഞു. എന്നാൽ എല്ലാവരുടെ കാര്യത്തിലും അതില്ലല്ലൊ. വിട്ടുവീഴ്ചകളും ഇളവുകളും പാർട്ടി അനുവദിക്കുന്നുണ്ടെന്നും സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടി.
ഇളവനുവദിച്ച് അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടതില്ലെന്നും മറ്റൊരു സ്ഥാനാർത്ഥിയിലൂടെയും ജയിക്കാൻ കഴിയുമെന്നും പാർട്ടിക്ക് ഉറച്ച വിശ്വാസവും ബോദ്ധ്യവും കാണുമായിരിക്കാം. കോഴിക്കോട് മണ്ഡലത്തിൽ പ്രദീപ് കുമാറിന്റെ വിജയ സാദ്ധ്യത നൂറു ശതമാനമാണ്. അദ്ദേഹം കഴിവ് തെളിയിച്ച ഒരു ജനപ്രതിനിധിയാണ്. മാനദണ്ഡങ്ങൾ എന്നത് മാറ്റം വരുത്താനാകാത്ത തത്വങ്ങളോ നിയമങ്ങളോ അല്ലെന്നും പ്രദീപ് കുമാറിനെ മാറ്റി നിർത്തേണ്ടതില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്ത്രി എ.കെ. ബാലന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വത്തിലും സെബാസ്റ്റ്യൻ പോൾ പ്രതികരിച്ചു. ഡോ. പി.കെ. ജമീലയുടെ സ്ഥാനാർത്ഥിത്വത്തെ ഭർത്താവിന് പകരം ഭാര്യ എന്നനിലയിൽ ലളിതമായി വ്യഖ്യാനിക്കേണ്ടതില്ല. അവർക്ക് ഒരു കുടുംബ പാരമ്പര്യമുണ്ട്. അവർ ഒരു കഴിവ് തെളിയിച്ച നേതാവാണ്. നിലവിലുളള എം.എൽ.എയുടെ അല്ലെങ്കിൽ പാർട്ടി നേതാവിന്റെ ഭാര്യ എന്ന നിലയിൽ മാത്രം കാണുന്നത് ജമീലയോട് ചെയ്യുന്ന തെറ്റായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.