smriti-irani

കോട്ടയം: ശബരിമല ആചാര സംരക്ഷണത്തെ രാമക്ഷേത്ര നി‌‌ർമാണവുമായി കൂട്ടിക്കെട്ടി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. രാമക്ഷേത്ര നി‌ർമാണത്തിൽ‌ വാക്കുപാലിച്ച ബി.ജെ.പി ശബരിമല വിഷയത്തിലും ഉറപ്പ് പാലിക്കുമെന്ന് മന്ത്രി പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടും. അതിനായി ബി.ജെ.പി എന്നും രംഗത്തിറങ്ങുമെന്നും വിജയ യാത്രയുടെ കോട്ടയം തിരുനക്കര മൈതാന വേദിയിൽ സ്മൃതി ഇറാനി പറഞ്ഞു.

സംസ്ഥാന സ‌ർക്കാരിനെയും യു.ഡി.എഫിനെയും പ്രസം​ഗത്തിലുടനീളം കടന്നാക്രമിച്ച സ്മൃതി ഇറാനി അമേഠിയിൽ നിന്നും കേരളത്തിലേക്ക് ഓടിയൊളിച്ചയാളാണ് രാഹുൽ ഗാന്ധി എന്ന് പരിഹസിച്ചു. കോൺഗ്രസിന്റെ പരാജയങ്ങൾക്ക് കാരണം ശക്തമായ നേതൃത്വമില്ല എന്നതാണ്. അങ്ങനെയുള്ള നേതാവാണോ കേരളത്തിൽ കോൺഗ്രസിനെ രക്ഷിക്കാൻ പോകുന്നതെന്നും അവർ ചോദിച്ചു.

കേന്ദ്ര സർക്കാരിന് കീഴിൽ ഫിഷറീസ് വകുപ്പില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റാണ്. ഫിഷറീസ് കാര്യങ്ങൾ നോക്കി നടത്താൻ ഒരു മന്ത്രിയെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിച്ചിട്ടുണ്. രാഹുൽ ഗാന്ധി ഇടതുപക്ഷത്തെ വിമർശിക്കാൻ തയ്യാറാകുന്നില്ലെന്ന് പറഞ്ഞ അവ‌ർ പാവപ്പെട്ട കർഷകരുടെ ഭൂമി കൊള്ളയടിച്ചതിന്റെ പേരിലാണ് കോൺഗ്രസ് നേതൃത്വം അറിയപ്പെടുന്നതെന്നും ആരോപിച്ചു.

ആഴക്കടൽ മത്സ്യബന്ധന അഴിമതി, സ്വർണക്കടത്ത് എന്നിവയെക്കുറിച്ച് ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. താൻ ഭരിച്ച സമയത്ത് ഒന്നുമറിയാത്ത മുഖ്യമന്ത്രിക്ക് ജനം എന്തിന് വോട്ട് ചെയ്യണം. പി.എസ്.സി പാർട്ടി സർവീസ് കമ്മീഷനായി മാറിയതായും കുറ്റകൃത്യങ്ങളിൽ ഇടത്-വലത് മുന്നണികൾ പങ്കാളികളാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.

കേരളത്തിലെ ചോരക്കളി അവസാനിപ്പിക്കാൻ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ചേർത്തലയിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നന്ദു കൃഷ്ണയുടെ പേരെടുത്ത് പരാമർശിച്ചു കൊണ്ടായിരുന്നു കേരളത്തിലെ അക്രമ രാഷ്ട്രീയത്തെ സ്മൃതി ഇറാനി വിമർശിച്ചത്.