
മാഡ്രിഡ്: ലാലിഗയിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് അപ്രതീക്ഷിത സമനിലക്കുരുക്ക്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനോട് തോൽവിയുടെ വക്കിൽനിന്ന് സമനില പിടിച്ചു വാങ്ങിയ റയൽ ചിരവൈരികളായ ബാഴ്സലോണയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് കളി അവസാനിക്കാറാകവേ സമനില ഗോൾ നേടി റയൽ തടിതപ്പിയത്.മത്സരത്തിൽ ആധിപത്യം റയലിനായിരുന്നെങ്കിലും ലക്ഷ്യം കാണുന്നതിൽ പരാജയപ്പെടുകയായിരുന്നു. പോർട്ടുവാണ് സോസിഡാഡിനായി ലക്ഷ്യം കണ്ടത്. എൺപത്തിയൊമ്പതാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറാണ് റയലിനെ രക്ഷിച്ച ഗോൾ നേടിയത്.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 55-ാം മിനിറ്റിൽ പോർട്ടു കളിയുടെ ഒഴുക്കിന് വിപരീതമായി സോസിഡാഡിന് ലീഡ് നേടിക്കൊടുത്തു. ഒരു ഗോളിൽകടിച്ചു തൂങ്ങാൻ ശ്രമിച്ച സോസിഡാഡിനെ തുടരെ ആക്രമണം നടത്തിയ റയൽ 89-ാം മിനിറ്റിൽ വിനീഷ്യസിന്റെ ഗോളിലൂടെ സമനിലയിൽപ്പിടിക്കുകയായിരുന്നു.