ramesh-jarkholi

ബംഗളൂരു: തനിക്കെതിരെ ഉയർന്നുവന്ന ലൈംഗിക പരാതിയിൽ പ്രതികരണവുമായി കർണാടക ജലവിഭവ വകുപ്പു മന്ത്രി രമേശ് ജാർക്കിഹോളി. പരാതി നൽകിയ പെൺകുട്ടിയെ അറിയില്ലെന്നും, ആരോപണം തെളിഞ്ഞാൽ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ബി ജെ പി നേതൃത്വത്തെ കണ്ട് വിശദീകരണം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം രാജിവയ്ക്കാൻ ബി ജെ പി കേന്ദ്ര നേതൃത്വം മന്ത്രിയ്ക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെ സാമൂഹിക പ്രവർത്തകനും, നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദനേഷ് കല്ലഹള്ളി മന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.

കൂടാതെ മന്ത്രിയുടെ അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. സർക്കാർ ജോലി വാഗ്ദ്ധാനം ചെയ്ത് മന്ത്രി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് ആരോപണം. രമേശ് ജാർക്കിഹോളിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് ദനേഷ് കല്ലഹള്ളി പരാതി നൽകിയിട്ടുണ്ട്.