
കൊല്ലം: കൊവിഡ് ചികിത്സയിൽ കഴിഞ്ഞ വയോധികനെ നെഗറ്റീവായിട്ടും ഏറ്റെടുക്കാൻ ബന്ധുക്കളെത്തിയില്ല, ഒടുവിൽ പത്തനാപുരം ഗാന്ധിഭവന്റെ തണലിലേക്ക്. പൂയപ്പള്ളി സ്വദേശിയായ കുഞ്ഞുകുട്ടൻപിള്ളയെ(76) ആണ് ഗാന്ധിഭവൻ ഏറ്റെടുത്തത്. കൊവിഡ് ബാധിച്ചതോടെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന കുഞ്ഞുകുട്ടൻ പിള്ളയെ പിന്നീട് വാളകം കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയിരുന്നു.
രോഗം ഭേദമായി ഇവിടെ തുടരുമ്പോഴും ബന്ധുക്കളാരും ഏറ്റെടുക്കാനെത്തിയില്ല. ഒടുവിൽ ട്രീറ്റ്‌മെന്റ് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.റോഹൻ രാജ് ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ.പുനലൂർ സോമരാജനെ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര തഹസീൽദാർ പത്മചന്ദ്രക്കുറുപ്പ്, മുൻ ജയിൽ ഡി.ഐ.ജി ബി.പ്രദീപ്, സ്‌പെഷ്യൽ ഓഫീസർ അജീഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗാന്ധിഭവൻ കുഞ്ഞുകുട്ടൻ പിള്ളയെ ഏറ്റെടുത്തത്.