
കഴിഞ്ഞ ഫെബ്രുവരിയിലാ യിരുന്നു വാട്സപ്പിൽ ഒരു ക്ഷണം ലഭിച്ചത്. വായിച്ചപ്പോൾ അല്പം അതിശയിച്ചു പോയി. തെലുഗു നടനായ നരേഷിന്റേതായിരുന്നു ആ ക്ഷണപത്രിക. ഒരിക്കൽ മാത്രമേ കണ്ടു പരിചയമുള്ളുവെങ്കിലും കേരളത്തിൽ നിന്നെത്തിയ ഈ സ്വതന്ത്ര പത്രപ്രവർത്തകനെ അദ്ദേഹം മറന്നില്ല. തന്റെ അമ്മയുടെ ഒരു വെങ്കല പ്രതിമ ഹൈദരാബാദിലെ നാനക് ഗ്രാമഗുഡയിലുള്ള വിജയ കൃഷ്ണ എസ്റ്റേറ്റിൽ ഫെബ്രുവരി 20-ന് അനാഛാദനം ചെയ്യുകയാണെന്നും പങ്കെടുക്കണമെന്നുമായിരുന്നു ആ സന്ദേശം. തെലുഗു നടൻ നരേഷിനെ വായനക്കാർക്ക് വലിയ പരിചയമുണ്ടാകില്ലെങ്കിലും നരേഷിന്റെ അമ്മയെ എല്ലാ മലയാളികൾക്കും നല്ലതുപോലെ അറിയാം.
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗവിക്കുട്ടി "യെ അഭ്രപാളികളിൽ അനശ്വരമാക്കിയ 'വിജയ നിർമ്മല" എന്ന തെലുഗു നടിയെ മലയാളികൾ എങ്ങനെയാണ് മറക്കുന്നത്? 'പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു പട്ടുനൂലാഞ്ഞല കെട്ടി.." കൊണ്ട് കേരളക്കരയുടെ നൊമ്പരമായി മാറിയ ഭാർഗവിക്കുട്ടിയെ അവിസ്മരണീയമാക്കിയ വിജയ നിർമ്മല മലയാളത്തിലെ ആദ്യ വനിതാ സംവിധായിക കൂടിയാണെന്നോർക്കണം. മാത്രമല്ല, ലോകത്ത് ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത ഏക വനിത എന്ന നിലയിൽ ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കാർഡ്സിൽ ഇടം നേടിയിട്ടുണ്ട അവർ. സംവിധായകയായി അവരുടെ അരങ്ങേറ്റം മലയാളത്തിലായിരുന്നു. അവരുടെ ജീവിതത്തിലെ സംഭവബഹുലമായ അനുഭവങ്ങൾ 2019 ജൂൺ 27ന് അവർ മരിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ലേഖകനുമായി പങ്കുവച്ചതിന്റെ ഓർമ്മകളാണിവ.തെലുങ്ക് സിനിമയിലെ മലയാളി സാന്നിദ്ധ്യമായ സംവിധായകൻ മനു വഴിയാണ് ഈ ലേഖകൻ വിജയനിർമ്മലയെ പരിചയപ്പെടുന്നത്. മനുവിന്റെ സുഹൃത്തായിരുന്നു വിജയ നിർമ്മലയുടെ മകനും ഒട്ടേറെ തെലുങ്ക് സിനിമകളിലെ നായകനുമായിരുന്ന നരേഷ്.

ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന വിജയനിർമ്മലയെ കാണാനുള്ള അവസരമൊരുക്കി തന്നത് നരേഷായിരുന്നു.ഹൈദരാബാദിലെ ഗച്ചബൗളിയിൽ വിപ്രൊ സർക്കിളിനടുത്തുള്ള വിജയകൃഷ്ണാ ഗാർഡൻസിൽ ആധുനികരീതിയിൽ പണികഴിപ്പിച്ച ഒരു കൂറ്റൻ രമ്യഹർമ്മ്യം. പുറത്തുനിന്ന് നോക്കിയാൽ അങ്ങനെ ഒരു വീട് അവിടെ ഉണ്ടെന്ന് തോന്നുകയേയില്ല കൊട്ടാരസദൃശ്യമായ ഈ വീട്ടിലാണ് തെലുഗു സിനിമയിലെ ജെയിംസ് ബോണ്ട് എന്നറിയപ്പെട്ടിരുന്ന സൂപ്പർസ്റ്റാർ കൃഷ്ണയും വിജയ നിർമ്മലയും താമസിക്കുന്നത്. മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന അരഡസനോളം വിലകൂടിയ കാറുകളുടെ വിസ്മയക്കാഴ്ചകൾ ആസ്വദിച്ചു കൊണ്ടാണ് ഞാനും മനുവും സുഹൃത്തും ഫോട്ടോ ഗ്രാഫറുമായ ഐസക്കും കൂടി വിജയനിർമ്മലയുടെ വീട്ടിലേക്ക് കടന്നുചെല്ലുന്നത്. ഏകദേശം ഒരു ചെറിയ തിയേറ്ററിന്റെ വലിപ്പമുള്ള ഹാൾ നിറയെ പുരസ്കാരങ്ങൾ നിരന്നിരിക്കുന്നു. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സെഞ്ച്വറി മെമന്റോകളും വിവിധ അവാർഡുകളും തുടങ്ങി ഗിന്നസ് ബുക്ക്സ് ഒഫ് വേൾഡ് റെക്കോർഡ്സിന്റെ അമൂല്യമായ സർട്ടിഫിക്കറ്റ് വരെയുണ്ടതിൽ.
ഞങ്ങൾ എത്തിയതറിഞ്ഞ് മുകളിലത്തെ നിലയിൽ നിന്നും വിജയനിർമ്മല പതുക്കെ താഴേക്കിറങ്ങി വന്നു. പ്രായം എഴുപതു കഴിഞ്ഞിട്ടും അവരുടെ സൗന്ദര്യം പ്രത്യേകിച്ച് ആ കണ്ണുകളുടെ വശ്യത എന്നെ അത്ഭുതപെടുത്തി. ഈ കണ്ണുകളുടെ ആകർഷണീയത കൊണ്ടായിരുന്നു വിൻസെന്റ് എന്ന സംവിധായകൻ ഭാർഗവി നിലയത്തിലെ പ്രേതനായികയായി വിജയ നിർമ്മലയെ തന്നെ തിരഞ്ഞെടുത്തത്. ദക്ഷിണേന്ത്യൻ സിനിമയുടെ ഈറ്റില്ലമായിരുന്ന പഴയ മദിരാശി പട്ടണത്തിലെ വാഹിനി സ്റ്റുഡിയോയിലെ ഒരു ജീവനക്കാരന്റെ മകൾ തെലുങ്കു സിനിമയിൽ അഭിനയിക്കാൻ എത്തിയതും അതിനു ശേഷം മലയാളത്തിലെ ആദ്യത്തെ ഹൊറർ സിനിമയായ ഭാർഗവി നിലയത്തിൽ അരങ്ങേറ്റം കുറിച്ചതും പിന്നീട് മലയാളത്തിലെ ആദ്യ വനിത സംവിധായികയായി ചരിത്രത്തിലിടം നേടിയതും 47 ചിത്രങ്ങൾ സംവിധാനം ചെയ്ത ലോകത്തിലെ ഏക വനിതയായതും ദക്ഷിണേന്ത്യൻ സിനിമയുടെ ചരിത്രം കൂടിയാണ്.
ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ 'ഭാർഗവീ നിലയം" എന്ന ചിത്രത്തിലേക്കായി ഇരട്ടവ്യക്തിത്വമുള്ള നായികയെ അവതരിപ്പിക്കാൻ പറ്റിയ നടിയെ തേടുകയായിരുന്നു കാമറാമാനും സംവിധായകനുമായ വിൻസെന്റ്. ഒരു തെലുങ്ക് സിനിമയുടെ ടെക്നീഷ്യനാണ് വിജയനിർമ്മലയെ കുറിച്ച് വിൻസെന്റിനോട് പറയുന്നത്. അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. പിന്നീട് ഉദ്യോഗസ്ഥ, കാറ്റു വിതച്ചവൻ, സഞ്ചാരി, കവിത തുടങ്ങിയ മുപ്പതോളം മലയാളസിനിമകളിലും തെലുങ്കിലും തമിഴിലുമെല്ലാം മാറിമാറി അഭിനയിച്ചു. 1967-ൽ തെലുങ്കിൽ പുറത്തിറങ്ങിയ പ്രശസ്ത സംവിധായകൻ ബാപ്പുവിന്റെ 'സാക്ഷി" എന്ന ചിത്രത്തിലെ നായികയായിരുന്നു വിജയനിർമ്മല. ഒരു നടി എന്നതിലുപരി ഒരു സംവിധായിക ആകണമെന്ന മോഹം വിജയനിർമ്മലയിൽ മൊട്ടിട്ടതും 'സാക്ഷി "യുടെ ലൊക്കേഷനിൽ നിന്നായിരുന്നു.

പിൽക്കാലത്ത് തെലുങ്കു സിനിമയിലെ സൂപ്പർസ്റ്റാറായി മാറിയ കൃഷ്ണ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. സിനിമയിലെ പ്രണയം ജീവിതത്തിലേക്കും പടർന്നു. സംവിധാനം നിർമ്മലയുടെ വലിയ സ്വപ്നമായിരുന്നു. പക്ഷേ അതിനായി ഒരു നിർമ്മാതാവിന്റെ ഔദാര്യത്തിനായി കാത്തു നിൽക്കുന്നത് അവർക്കിഷ്ടമായിരുന്നില്ല. സ്വന്തമായി ഒരു ചിത്രം നിർമ്മിച്ച് സംവിധാനം ചെയ്യാൻതന്നെ തീരുമാനിച്ചു. ആ സമയത്താണ് ഒരു ഷൂട്ടിംഗ് സെറ്റിൽവച്ച് കലാസംവിധായകനായ ഒരു മലയാളി പയ്യനെ വിജയനിർമ്മല പരിചയപ്പെട്ടത്. പയ്യന്റെ പേര് ഐ. വി. ശശി. അദ്ദേഹമാണ് തെലുങ്കിൽ ഒരു ചിത്രമെടുക്കുന്നതിന്റെ പകുതി ചെലവിൽ മലയാളത്തിൽ സിനിമ നിർമ്മിക്കാം എന്ന ആശയം പങ്കുവച്ചത്. അങ്ങനെ മലയാളത്തിൽ മതി ആദ്യചിത്രം എന്നവർ തീരുമാനിച്ചു.
1979-ൽ വിജയ നിർമ്മലയുടെ സംവിധാനത്തിൽ 'കവിത" എന്ന മലയാള ചിത്രം പ്രദർശനത്തിനെത്തി. മലയാളത്തിലെ ആദ്യത്തെ വനിതാ സംവിധായിക എന്ന ഖ്യാതി അതോടെ വിജയ നിർമ്മലയ്ക്ക് സ്വന്തമായി. കലാസംവിധായകനായിരുന്ന ഐ.വി.ശശിയെ അവർ ഈ ചിത്രത്തിൽ തന്റെ സഹസംവിധായകനാക്കി. മലയാളത്തിലെ അതേ നിലവാരത്തിൽ തന്നെ ഈ ചിത്രം തെലുങ്കിലും നിർമ്മിച്ചു. ആന്ധ്രാപ്രദേശിലും കവിത വൻ വിജയമായതോടെ സിനിമകൾ സംവിധാനം ചെയ്യാനുള്ള ആത്മവിശ്വാസമായി. രണ്ടാമത് സംവിധാനം ചെയ്ത 'മീന"എന്ന തെലുങ്ക് ചിത്രം 100 ദിവസം ഓടി സൂപ്പർഹിറ്റായി . ഹിറ്റുകളും സൂപ്പർ ഹിറ്റുകളുമായി മൊത്തം 47 തെലുഗു ചിത്രങ്ങൾ സംവിധാനം ചെയ്തു. 'കുങ്കുമ ചിമിഴ് " എന്ന തമിഴ് ചിത്രവും അവർ സംവിധാനം ചെയ്തതിൽ ഉൾപെടുന്നു. 2002 - ൽ പ്രസിദ്ധീകരിച്ച 'ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കോർഡ്സി " ലൂടെയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത വനിത എന്ന പേരിൽ വിജയ നിർമലയുടെ യശസ്സ് ലോകമെങ്ങും പരന്നത്. ഇന്നും ആ റെക്കോർഡ് അങ്ങനെ തന്നെ നിലനിൽക്കുന്നു.