dead-body-found

ലക്നൗ: ദിവസങ്ങൾക്ക് മുമ്പ് കാണാതായ പന്ത്രണ്ടുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബുലന്ദ് ശഹറിലാണ് സംഭവം. പ്രതിയാണെന്ന് സംശയിക്കുന്ന ഇരുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് ദിവസങ്ങൾക്ക് മുൻപാണ് പെൺകുട്ടിയെ കാണാതായത്.

കുടുംബാംഗങ്ങൾക്കൊപ്പം വയലിൽ പണിയെടുക്കുന്നതിനിടയിൽ വെള്ളം കുടിക്കാൻ പോയതായിരുന്നു പെൺകുട്ടി. കുറച്ച് സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ തിരച്ചിൽ നടത്തിയിരുന്നു. പന്ത്രണ്ടുകാരി വീട്ടിൽ പോയിരിക്കാമെന്ന് കരുതി അവർ വയലിൽ നിന്ന് തിരിച്ച് പോകുകയായിരുന്നു.

എന്നാൽ വീട്ടിൽ പെൺകുട്ടി എത്തിയില്ലെന്ന് മനസിലായതോടെ അയൽവാസികളും ബന്ധുക്കളുമെല്ലാം തിരച്ചിൽ നടത്തുകയായിരുന്നു. ഫെബ്രുവരി 28 നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതെന്ന് ബുലന്ദ് ശഹർ പോലീസ് മേധാവി സന്തോഷ് കുമാർ സിംഗ് പറഞ്ഞു. പന്ത്രണ്ടുകാരി ലൈംഗിക പീഡനത്തിനിരയായിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാർ പറഞ്ഞു.


പൊലീസ് സഹായത്തോടെ പരിസരവാസികൾ തിരച്ചിൽ നടത്തുന്നതിനിടയിലാണ് വയലിന് സമീപത്തുള്ള വീടിനടുത്ത് പുതുതായി കുഴി നിർമിച്ചതായി ശ്രദ്ധയിൽ പെട്ടത്. ഈ കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വീടിന്റെ ഉടമസ്ഥനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മകനായ ഇരുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷിംലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.