
മുംബയ് : മഹാരാഷ്ട്രയിലെ താനയിൽ കൊവിഡ് വാക്സിൻ രണ്ടാമത്തെ കുത്തിവയ്‌പ്പെടുത്ത മദ്ധ്യവയസ്‌കൻ മരണപ്പെട്ടു . സുഖ്‌ദേവ് കിർദത്തെന്ന നാൽപ്പതുകാരനെ ഉടൻ വിദഗ്ദ്ധ ചികിത്സയ്ക്കായി വാക്സിൻ കുത്തിവയ്പ്പ് കേന്ദ്രത്തിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. ഭിവണ്ടിയിലെ ഒരു നേത്ര ശസ്ത്രക്രിയാ വിദഗ്ധന്റെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയാണ് സുഖ്‌ദേവ് കുത്തിവയ്പ്പ് കേന്ദ്രത്തിലെത്തി കൊവിഡ് വാാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചത്. തുടർന്ന് അവിടെയുള്ള വെയിറ്റിംഗ് ഹാളിൽ ഇരിക്കുമ്പോഴാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ സമീപത്തെ ഐ.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുപത്തിയെട്ട് ദിവസങ്ങൾക്കു മുൻപാണ് ഇദ്ദേഹം കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വിശദമായ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയുവാൻ കഴിയൂ. മരണപ്പെട്ടയാൾ രക്തസമർദ്ദത്തിനുള്ള മരുന്നുകൾ കഴിക്കുന്നയാളാണെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം മരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പരേതന്റെ കുടുംബം രംഗത്തുവന്നിട്ടുണ്ട്.